വാരാപ്പുഴയില്‍ പടക്കം സൂക്ഷിച്ച കെട്ടിടത്തിൽ ഉഗ്രസ്ഫോടനം, ഒരാൾ മരിച്ചു, കുട്ടികളടക്കം 7 പേർക്ക് പരിക്ക്

കൊച്ചി: എറണാകുളം വാരാപ്പുഴയില്‍ പടക്കം സൂക്ഷിച്ച കെട്ടിടത്തില്‍ വന്‍ പൊട്ടിത്തെറി. അപകടത്തില്‍ ഒരാള്‍ മരിച്ചു. ഉഗ്രസ്‌ഫോടനത്തില്‍ 7 പേര്‍ക്ക് പരിക്ക് പറ്റി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊട്ടിത്തെറി നടന്ന കെട്ടിടം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. സ്‌ഫോടനത്തിന്റെ പ്രകമ്പനം രണ്ട് കിലോമീറ്ററോളം ദൂരത്തിലുണ്ടായെന്നാണ് റിപ്പോര്‍ട്ട്. സമീപത്തുളള വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
അപകടത്തില്‍ മരിച്ചയാളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പൊട്ടിത്തെറിയില്‍ പരിക്കേറ്റവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. വലിയ ശബ്ദത്തോടെയാണ് സ്‌ഫോടനം ഉണ്ടായത് എന്ന് പ്രദേശവാസികള്‍ പറയുന്നു. പഴയ കെട്ടിടമാണ് ഇതെന്നും ഇവിടെ ആള്‍ത്താമസം ഇല്ലെന്നും അയല്‍വാസിയായ വ്യക്തി മാധ്യമങ്ങളോട് പ്രതികരിച്ചു.
നീരജ, എല്‍സ, എസ്തര്‍, കെജെ മത്തായി, ഇസബെല്‍, ഫെഡ്രീന, ജെന്‍സണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റിട്ടുളളത്. ഇവരില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ നില ഗുരുതരമാണെന്നാണ് വിവരം. പോലീസും അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്ത് എത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ പടക്കങ്ങള്‍ വീണ്ടും പൊട്ടിത്തെറിച്ച് അപകടമുണ്ടാകാതിരിക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത്. സമീപവാസികളായ ആളുകളെ സ്ഥലത്ത് നിന്നും മാറ്റിയിട്ടുണ്ട്. അപകട കാരണം വ്യക്തമായിട്ടില്ല.
വരാപ്പുഴയിൽ കരിമരുന്നുശാലയിൽ നടന്ന സ്ഫോടനത്തിനെക്കുറിച്ച് കലക്ടറുമായി ഫോണിൽ സംസാരിക്കുകയും തുടർനടപടികൾ സ്വീകരിക്കുവാനുള്ള നിർദേശം നൽകുകയും ചെയ്തുവെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കുന്നതിനും ആവശ്യമായ സഹായങ്ങളെത്തിക്കുന്നതിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തും. സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിക്കും എന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications