മുനമ്പം വഖഫ് ഭൂമി തർക്കം; ലത്തീൻ സഭ ബിഷപ്പുമാരുമായി ചർച്ച നടത്തി മുസ്ലീം ലീഗ് നേതാക്കൾ
കൊച്ചി: മുനമ്പം വഖഫ് ഭൂമി തർക്കത്തിൽ സമവായ നീക്കവുമായി മുസ്ലിം ലീഗ് . പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പിക കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ വരാപ്പുഴ അതിരൂപത ആസ്ഥാനത്തെത്തി അധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കളത്തിപ്പറമ്പിലുമായി ചർച്ച നടത്തി. അതിരൂപതയിലെ മറ്റ് ബിഷപ്പുമാരും മുനമ്പം സമരസമിതി പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. മുനമ്പത്തിൽ എത്രയും പെട്ടെന്ന് പ്രശ്നപരിഹാരം കണ്ടെത്തണമെന്ന നിർദ്ദേശമാണ് ചർച്ചയിൽ ഉണ്ടായതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
'കാലതാമസം കൂടുന്തോറും സങ്കീർണത വർധിക്കുകയാണ്. അതിനാൽ എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തേണ്ടതുണ്ട്. വളരെ നല്ല നിർദ്ദേശങ്ങളാണ് യോഗത്തിൽ ഉയർന്നത്. വിഷയത്തിൽ വസ്തുതാപരമായതും നിയമപരമായതുമായ ഒരുപാട് വിഷയങ്ങൾ ഉണ്ട്. സർക്കാരാണ് അക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളേണ്ടത്. സർക്കാർ വളരെ വേഗത്തിൽ തന്നെ എല്ലാ കക്ഷികളേയും വിളിച്ച് ചേർത്ത് ചർച്ച നടത്തി പരിഹാരം ഉണ്ടാക്കണം', സാദിഖ് അലി തങ്ങൾ പറഞ്ഞു.

മുനമ്പം പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി മികച്ച ഇടപെടലാണ് സാദിഖലി തങ്ങൾ അടക്കമുള്ളവരിൽ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ലീഗ് നേതാക്കൾ എത്തിയതെന്നും ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. ' പ്രശ്നം പരിഹരിക്കാനാകുമെന്ന വിശ്വാസമാണ് ഇരു നേതാക്കളും പങ്കുവെച്ചത്. നേതാക്കൾ ഇവിടേക്കേ വന്നതിൽ ഒരുപാട് സന്തോഷമുണ്ട്. മതമൈത്ര സംരക്ഷിച്ചുകൊണ്ടാണ് ഞങ്ങൾക്ക് മുൻപോട്ട് പോകേണ്ടത്. ഈ വിഷയം ഏതെങ്കിലും മതത്തിന്റെ പ്രശ്നമല്ല, മറിച്ച് മാനുഷിക പ്രശ്നമാണ്. 600ലധികം കുടുംബങ്ങളാണ് പ്രശ്നത്തിൽ അകപ്പെട്ടിരിക്കുന്നത്. അവരുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുക തന്നെ വേണം. അതിന് മുസ്ലീം ലീഗ് നേതാക്കളെല്ലാവരും തങ്ങളുടെ കൂടെ നിൽക്കുന്നതിൽ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്', ആർച്ച് ബിഷപ്പ് പറഞ്ഞു.
വളരെ സൗഹൃദ അന്തരീക്ഷത്തിലുള്ള ചർച്ചയാണ് നടന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. 'മുനമ്പം പ്രശ്നം വളരെ വേഗത്തിൽ പരിഹരിക്കാൻ സാധിക്കും. ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ട്. അതിനാലാണ് സർക്കാർ ഇത് സംബന്ധിച്ച് യോഗം വിളിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നത്. വിഷയം രമ്യമായി പരിഹരിക്കപ്പെടണം. അതിന് സർക്കാർ തന്നെ മുൻകൈയ്യെടുക്കണം. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വിഷയം സർക്കാരുമായി ചർച്ച നടത്തും', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications