വയനാടന്‍ ജനതയെ സഹായിക്കാന്‍ കുഞ്ഞുസമ്പാദ്യം മന്ത്രിക്ക് കൈമാറി കുഞ്ഞു നിഹാരിക
കൊച്ചി: വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി കുഞ്ഞുനിഹാരിക. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് മന്ത്രി ചിഞ്ചുറാണിയെ തന്റെ കുഞ്ഞുസമ്പാദ്യം നിഹാരിക കൈമാറിയത്. പോത്താനിക്കാട് വെറ്ററിനറം ഡിസ്‌പെന്‍സറി മന്ദിരത്തിന്റെ ഉദ്ഘാടനത്തിനും, പ്രതിരോധ കുത്തിവെപ്പിന്റെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കാനെത്തിയതാണ് മന്ത്രി.
ഈ സമയത്താണ് നിഹാരിക തന്റെ സമ്പാദ്യം കൈമാറിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാപകമായ വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നത്. ഇതിനിടയിലാണ് തന്റെ ചെറിയ സമ്പാദ്യം പോലും അതിലേക്ക് കൈമാറാന്‍ യാതൊരു മടിയുമില്ലാതെ നിഹാരിക മുന്നോട്ട് വന്നത്.

പോത്താനിക്കാട് കലൂര്‍ മേരിലാന്‍ഡ് പബ്ലിക്ക് സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിനിയാണ് നിഹാരിക അമല്‍ജിന്‍. തന്റെ രണ്ട് വര്‍ഷത്തെ കുടുക്ക സമ്പാദ്യമായ 2488 രൂപയുടെ നാണയത്തുട്ടുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. പോത്താനിക്കാട് ഫാര്‍മേഴ്‌സ് ബാങ്ക് ഓഡിറ്റോറിയത്തിലെ വേദിയിലാണ് സഹായം മന്ത്രി ഏറ്റുവാങ്ങിയത്.
വേദിയില്‍ നേതാക്കളുടെ വലിയൊരു കൂട്ടം തന്നെയുണ്ടായിരു. കരഘോഷങ്ങളോടെയാണ് കുഞ്ഞു നിഹാരികയുടെ ഈ സദ്പ്രവര്‍ത്തിയെ എല്ലാവരും അഭിനന്ദിച്ചത്. ഒരു നാടിന്റെ തന്നെ പുനര്‍നിര്‍മാണത്തിലേക്കാണ് ഈ പണം പോവുകയെന്ന് തിരിച്ചറിഞ്ഞാണ് നിഹാരിക തന്റെ ഏക സമ്പാദ്യം തന്നെ നല്‍കിയിരിക്കുന്നത്.
അതേസമയം സിനിമാ ലോകത്ത് നിന്നടക്കം വലിയ ധനസഹായങ്ങളാണ് വയനാടിലെ ദുരന്തബാധിതരെ സഹായിക്കാനായി എത്തിയത്. മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 35 ലക്ഷം രൂപ നല്‍കിയിരുന്നു. മോഹന്‍ലാല്‍ 25 ലക്ഷമാണ് നല്‍കിയത്. തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയും മകന്‍ രാംചരണും ചേര്‍ന്ന് ഒരു കോടി രൂപ നല്‍കിയിരുന്നു.
അല്ലു അര്‍ജുന്‍ 25 ലക്ഷവും ദുരിതാശ്വാസ നിധിയിലേക്കായി നല്‍കിയിരുന്നു. എംഎ യൂസഫലി കഴിഞ്ഞ ദിവസം അഞ്ച് കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. പ്രവാസികളോട് അടക്കം സഹായം അഭ്യര്‍ത്ഥിച്ചിരുന്നു നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍.












Click it and Unblock the Notifications