പിടി തോമസിന് പിന്‍ഗാമിയാര്: കോണ്‍ഗ്രസിന് മൂന്ന് പേരുകള്‍, അനില്‍ കുമാറിനെ ഇറക്കാന്‍ എല്‍ഡിഎഫ്
കൊച്ചി: പിടി തോമസ് എംഎല്‍എയുടെ വിയോഗത്തെ തുടർന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ചർച്ചകള്‍ സജീവമാവുന്നു. തിരഞ്ഞെടുപ്പ് വിഞ്ജാപനം ഒന്നും വന്നില്ലെങ്കിലും മണ്ഡലത്തില്‍ പലയിടത്തും മുന്നണികള്‍ ചുവരുകള്‍ ബുക് ചെയ്ത് തുടങ്ങി. ഉപതിരഞ്ഞെടുപ്പിന് 6 മാസത്തെ കാലാവധിയുണ്ടെങ്കിലും യുപി നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം വിവിധ സംസ്ഥാന നിയമസഭകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് പാർട്ടികള്‍ പ്രതീക്ഷിക്കുന്നത്. മുന്നണികള്‍ സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടക്കുന്നതിന് മുന്‍പ് ഒരു പാർട്ട് തങ്ങളുടെ സ്ഥാനാർത്ഥിയെ ഇതിനോടകം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പിൽ ജനതാദൾ (നാഷനലിസ്റ്റ്) ആണ് ആദ്യമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. പാർട്ടി ദേശീയ അധ്യക്ഷന്‍ ഹാജി മൊയ്തീന്‍ ഷാ തൃക്കാക്കരയില്‍ മത്സരിക്കുമെന്നാണ് പ്രഖ്യാപനം. പാർട്ടി സംസ്ഥാന പ്രസിഡന്റ് ലത്തീഫ് തൃക്കാക്കരയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായിരിക്കുന്നത്.

കോണ്‍ഗ്രസില്‍ സ്ഥാനാർത്ഥിയുടെ കാര്യത്തില്‍ മുതിർന്ന നേതാക്കള്‍ തമ്മില്‍ അനൌപചാരിക ചർച്ചകള്‍ നടന്നെന്നാണ് സൂചന. ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളുടെയും തൃക്കാക്കര മണ്ഡലത്തിലെ പ്രമുഖരുടെയും യോഗം ചേർന്നതിന് ശേഷമാവും പ്രാഥമിക പട്ടിക തയ്യാറാക്കുക. സ്ഥാനാർത്ഥി ചർച്ചയോടൊപ്പം മണ്ഡലത്തിലെ സംഘടനാ സംവിധാനം ശക്തമാക്കാനുള്ള നടപടികള്‍ക്കും പാർട്ടി പ്രധാന്യം നല്‍കും.

പി ടി തോമസിന്റെ ഭാര്യ ഉമ തോമസ്, കൊച്ചി മുൻ മേയർ ടോണി ചമ്മണി, കെ പി സി സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് തുടങ്ങിയ പേരുകള്‍ കേന്ദ്രീകരിച്ചാണ് ചർച്ചകള്‍. മത്സരിക്കുന്നതിനെ കുറിച്ചൊന്നും ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നായിരുന്നു ഉമ തോമസിന്റെ പ്രതികരണം. എന്നാല്‍ പിടി തോമസിന്റെ അടുത്ത അനുയായികള്‍ അവർക്ക് വേണ്ടി രംഗത്തുണ്ടെന്നാണ് സൂചന. ഒരു വനിത അംഗത്തെക്കൂടി നിയമസഭയിലേക്ക് എത്തിക്കാന്‍ കഴിയുന്നത് പാർട്ടിക്ക് ഗുണകരമാവുമെന്നും ഇവർ അഭിപ്രായപ്പെടുന്നു.

കൊച്ചി മേയർ അനില്‍ കുമാർ, കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട ജേക്കബ് തോമസ്, തൃക്കാക്കര നഗരസഭ മുൻ വൈസ് ചെയർമാൻ കെ ടി എൽദോ, മനു റോയി തുടങ്ങിയവരുടെ പേരുകളാണ് ഇടത് നിരയില്‍ നിന്നും ഉയർന്ന് കേള്‍ക്കുന്നത്. ബി ജെ പിയിലാവട്ടെ കഴിഞ്ഞ തവണ മത്സരിച്ച എസ് സജിക്ക് തന്നെ വീണ്ടും അവസരം നല്‍കാനാണ് സാധ്യത.
Recommended Video

2011 ല്‍ മണ്ഡലം രൂപീകൃതമായതിന് ശേഷം കോണ്‍ഗ്രസ് മാത്രമാണ് തൃക്കാക്കരയില്‍ വിജയിച്ചിട്ടുള്ളത്. ബെന്നി ബഹനാന്‍ ആയിരുന്ന ആദ്യ വിജയി. 2016 ല്‍ ആദ്യമായി പിടി തോമസ് മത്സരിക്കാന്‍ എത്തി. ആദ്യ അങ്കത്തില്‍ സെബാസ്റ്റ്യന്‍ പോളായിരുന്നു പിടിയുടെ എതിരാളി. അധികം വിയർക്കാതെ തന്നെ തൃക്കാക്കരയിലെ കന്നിയങ്കത്തില്‍ പിടിക്ക് വിജയിക്കാന്‍ സാധിച്ചു. 11966 ആയിരുന്നു ഭൂരിപക്ഷം. 2021 ലേക്ക് വന്നപ്പോള്‍ പിടി തോമസിന് എതിരാളിയായി എത്തിയത് ജേ ജേക്കബ്. പതിനൊന്നായിരത്തിന് അടുത്ത ഭൂരിപക്ഷം ഇത്തവണയും ലഭിച്ചു.












Click it and Unblock the Notifications