തൃക്കാക്കരയില്‍ ചരിത്രത്തെ ഏറ്റവും കുറഞ്ഞ പോളിംഗ്; മുന്നണികള്‍ ആകെ ആശങ്കയില്‍
കൊച്ചി: തൃക്കാക്കരയില്‍ ഇതിനോടകം വിജയം ഉറപ്പിച്ചെന്ന് ഉമ തോമസും, ജോ ജോസഫും, എഎന്‍ രാധാകൃഷ്ണനുമെല്ലാം അവകാശപ്പെടുന്നുണ്ട്. എന്നാല്‍ പോളിംഗ് കണക്കുകള്‍ ഇവരെയൊക്കെ ആശങ്കപ്പെടുത്തുന്നുണ്ട്. കുറഞ്ഞ പോളിംഗാണ് ഇത്തവണയുള്ളത്. അതുകൊണ്ട് ജയം എങ്ങോട്ട് തിരിയുമെന്ന കാര്യത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ ആശങ്കയുണ്ട്. നാടിളക്കി പ്രചാരണം നടത്തിയിട്ടും മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞ പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേര്‍ക്ക് നേര്‍ ഇറങ്ങി നടത്തിയ വന്‍ പ്രചാരണവു, ഒപ്പം മഴ അകന്ന് നിന്ന ദിവസമായിട്ടും ശതമാനം പിന്നോട്ടാണ്.

രാവിലെ റെക്കോര്‍ഡ് പോളിംഗായിരുന്നു. അവസാന നിമിഷം ഇത് തുടര്‍ന്ന് റെക്കോര്‍ഡ് ഇടുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. പക്ഷേ വോട്ടെടുപ്പ് തീര്‍ന്നപ്പോള്‍ കണക്കുകൂട്ടലൊക്കെ പിഴച്ചിരിക്കുകയാണ്. കൊച്ചി കോര്‍പ്പറേഷനിലാണ് തൃക്കാക്കര നഗരസഭയെ അപേക്ഷിച്ച് മുന്നണികളുടെ പ്രതീക്ഷ തെറ്റിച്ചത്. കൊച്ചി കോര്‍പ്പറേഷന്‍ അടുത്തിടെ എല്‍ഡിഎഫിന് വലിയ തിരിച്ചടിയുണ്ടായ മേഖലയാണ്. അത് ആവര്‍ത്തിക്കുമോ എന്നാണ് പേടി. കോര്‍പ്പറേഷനിലെ പല ബൂത്തുകളിലും 50 ശതമാനത്തില്‍ താഴെ വരെയാണ് പോളിംഗ്. ഇതില്‍ പലതും യുഡിഎഫ് ശക്തി കേന്ദ്രങ്ങളാണ്. എന്നാല്‍ സാധാരണ 40 പോലും എത്താത്ത ബൂത്തുകളില്‍ 50 ശതമാനം എത്തിയിട്ടുണ്ട്.
68.75 ആണ് തൃക്കാക്കരയിലെ പോളിംഗ് ശതമാനം. ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിംഗാണിത്. 2011ല്‍ 73.62 ശതമാനമായിരുന്നു പോളിംഗ്. 2016ല്‍ ഇത് 74.65 ആയി. 2021ല്‍ 70.36 ശതമാനവുമായി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ള സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരെല്ലാം മണ്ഡലത്തിലുണ്ടായിരുന്നു. എന്നിട്ടും പോളിംഗ് ഉയര്‍ന്നില്ല. അവസാന മണിക്കൂറില്‍ പോളിംഗ് ഉയരുന്നതായിരുന്നു തൃക്കാക്കരയിലെ പതിവ് കാഴ്ച്ച. 75 ശതമാനത്തിന് മുകളില്‍ പോളിംഗ് ഉണ്ടാവുമെന്നും പ്രതീക്ഷിച്ചു. പക്ഷേ 70 ശഷതമാനം പിടിക്കാതെയാണ് പോളിംഗ് അവസാനിച്ചു. ബിജെപിയും ട്വന്റി 20യും പിടിക്കുന്ന വോട്ടുകള്‍ എങ്ങോട്ട് ചായുമെന്നതും മണ്ഡലത്തില്‍ നിര്‍ണായകമാകും.
പോളിംഗ് കുറയാറുള്ള ബൂത്തുകളില്‍ വോട്ട് കൂടിയത് നേട്ടമാണെന്നും, അധിക വോട്ടുകള്‍ ഗുണം ചെയ്യുമെന്നും യുഡിഎഫ് പറയുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ മിക്ക ബൂത്തുകളിലും മികച്ച പോളിംഗ് രേഖപ്പെടുത്തി. ഇതില്‍ 75 ശതമാനം വരെ കടന്ന പോളിംഗ് ബൂത്തുകളുമുണ്ട്. തൃക്കാക്കര സെന്‍ട്രല്‍, ഈസ്റ്റ്, വെസറ്റ് എന്നിവിടങ്ങളിലെ പോളിംഗ് എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഒരുപോലെ പ്രതീക്ഷ വെക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. ഈസ്റ്റില്‍ കഴിഞ്ഞ തവണ കരുത്ത് കാണിച്ച ട്വന്റി ട്വന്റി വോട്ട് ഇത്തവണ തങ്ങള്‍ക്കൊപ്പമാണെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. ചെറിയ മാര്‍ജിനാകും തൃക്കാക്കരയില്‍ വിജയം നിര്‍ണയിക്കുന്നതെന്ന സൂചനയാണ് പോളിംഗ് ശതമാനം നല്‍കുന്നത്.












Click it and Unblock the Notifications