'കൊല' റെയിലിനും പിണറായി വിജയനുമുളള ശക്തമായ താക്കീത് ആവും തൃക്കാക്കര: രമേശ് ചെന്നിത്തല
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പോരാട്ടത്തിന് സിപിഎമ്മിനെ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല. രാഷ്ട്രീയ പോരാട്ടമായിരുന്നുവെങ്കില്‍ സിപിഎം കെഎസ് അരുണ്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുമായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പില്‍ സഭ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്ന് കരുതുന്നില്ലെന്നും സഭയെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. 'കൊല' റെയിലിനും പിണറായി വിജയനുമുളള ശക്തമായ താക്കീത് ആയിരിക്കും തൃക്കാക്കരയെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
'മഞ്ജു വാര്യർ അറിഞ്ഞത് ദിലീപിന്റെ ഫോണിലെ മെസ്സേജുകൾ കണ്ട്', പിന്നെ എന്ത് പ്രതികാരമെന്ന് രാഹുൽ ഈശ്വർ
രമേശ് ചെന്നിത്തലയുടെ പ്രതികരണം: ' താക്കീതാകണം തൃക്കാക്കര... വോട്ട് നൽകി ജയിപ്പിച്ച ജനങ്ങളെ പുശ്ചത്തോടെ കണ്ട് ധാർഷ്ഠ്യത്തോടെ സ്വന്തം താല്പര്യങ്ങൾ അടിച്ചേൽപ്പിക്കുന്ന പിണറായി വിജയന്റെ അഹങ്കാരത്തിനുള്ള താക്കീതാകണം തൃക്കാക്കര. മഹാ ദുരന്തമായി മാറുമെന്ന് വിദഗ്ദ്ധരും ശാസ്ത്രജ്ഞരും സിപിഎമ്മിന്റെ സ്വന്തം ശാസ്ത്ര സാഹിത്യ പരിഷിത്തും ഒരുപോലെ അഭിപ്രായപെട്ടിട്ടും ധിക്കാരപൂർവം പാവപ്പെട്ടവന്റെ അടുക്കളയിലും, അടുപ്പിലും അതിക്രമിച്ചു കയറി പിണറായിക്കുള്ള കെ-റെയിലിന്റെ കമ്മീഷൻ കല്ലുകൾ നാട്ടുന്ന സി പി എമ്മിന്റെ അഹന്തയ്‍ക്കുള്ള താക്കീതാകണം തൃക്കാക്കര.
വർഗ്ഗീയ ശക്തികളുടെ കൈയിൽ വാളെടുത്തുകൊടുത്തിട്ട് മാറിനിന്ന് പരസ്പരം 'ചാമ്പിക്കോ' എന്ന് പറയുന്ന രാഷ്ട്രീയ മുതലെടുപ്പിനുള്ള താക്കീതാകണം തൃക്കാക്കര. തെറ്റുകൾ ചൂണ്ടിക്കാണിക്കപെടുമ്പോൾ എതിരഭിപ്രായം പറയുന്ന രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യുന്ന സി പി എമ്മിന്റെ കഠാര രാഷ്ട്രീയത്തിനെതിരെയുള്ള താക്കീതാകണം തൃക്കാക്കര. വിയർപ്പൊഴുക്കുന്നവന്റെ വിഷമതകൾക്കുമേലെ വികസനത്തിന്റെ പേരുപറഞ്ഞും കേരളത്തിന്റെ അടിവേരുതോണ്ടി കുംഭകോണ കച്ചവടം സ്വപനം കാണുന്ന പിണറായി സർക്കാരിനുള്ള താക്കീതാകണം തൃക്കാക്കര.
അധികാരത്തിന്റെ തിമർപ്പിൽ വിവേകത്തിന്റെ ഭാഷ നഷ്ടപെടുന്ന കമ്മ്യൂണിസ്റ്റ് ഭരണകർത്താക്കൾക്കുള്ള താക്കീതാകണം തൃക്കാക്കര. കേരളത്തിലെ എല്ലാ ജനങ്ങൾക്കും വേണ്ടി പിണറായി വിജയന്റെ ജനനിന്ദയ്‌ക്ക് താക്കീത് നൽകാൻ തൃക്കാക്കരയ്‌ക്ക് ലഭിച്ച അവസരമാണ് ഈ ഉപതിരഞ്ഞെടുപ്പ് പ്രിയപ്പെട്ട പി ടി തുടങ്ങിവച്ച തൃക്കാക്കരയുടെ വികസന പദ്ധതികളുടെ പൂർത്തീകരണത്തിന് പി ടി യുടെ പ്രിയതമ, ഉമ തോമസ്, നിങ്ങളുടെ സമ്മതിദാനം തേടുമ്പോൾ ഉമയ്ക്ക് നിങ്ങൾ നൽകുന്ന ഓരോ വിലയേറിയ വോട്ടും കേരളത്തിലെ മുഴുവൻ ജങ്ങൾക്കും വേണ്ടി പിണറായി വിജയനുള്ള തൃക്കാക്കരയുടെ താക്കീതാകണം. ഒരു സംശയവും വേണ്ട പിണറായി വിജയനുള്ള ശക്തമായ താക്കീത് തന്നെയാകും തൃക്കാക്കര''.