പിടിയേക്കാള്‍ ഭൂരിപക്ഷം ഉമയ്ക്ക് കിട്ടുമെന്ന് വിഡി സതീശന്‍; കെവി തോമസിന്റെ അനുഗ്രഹം തേടുമെന്ന് ഉമ
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തൃക്കാക്കരയില്‍ പിടി തോമസ് നേടിയതിനേക്കാള്‍ വലിയ വിജയം ഉമാ തോമസ് നേടുമെന്നും സതീശന്‍ വ്യക്തമാക്കി. യുഡിഎഫിന് മണ്ഡലത്തില്‍ മികച്ച മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിച്ചതായി സതീശന്‍ അവകാശപ്പെട്ടു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എല്ലാ മുതിര്‍ന്ന നേതാക്കളുമായും സംസാരിച്ച ശേഷമാണെന്നും അദ്ദേഹം പറഞ്ഞു. ഉമ മികച്ച സ്ഥാനാര്‍ത്ഥിയാണ്. ചിട്ടയായ പ്രവര്‍ത്തനവും നിയോജക മണ്ഡലത്തിന്റെ പാരമ്പര്യവുമെല്ലാം സ്ഥാനാര്‍ത്ഥിക്ക് ഗുണം ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം കോണ്‍ഗ്രസിനുള്ളില്‍ ഇതിനോടകം തര്‍ക്കങ്ങള്‍ രൂപപ്പെട്ട് കഴിഞ്ഞു. എറണാകുളം ജില്ലാ സമിതി പരസ്യമായി ഉമയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്തുണ്ട്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ കാലതാമസങ്ങള്‍ അടക്കം മുന്‍ കാലങ്ങളില്‍ തിരിച്ചടിയായിട്ടുണ്ട്. അതില്‍ നിന്നെല്ലാം പഠിച്ചു. അതുകൊണ്ട് തന്നെ തൃക്കാക്കരയില്‍ നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിച്ചു. 24 മണിക്കൂറിനുള്ളില്‍ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ സാധിച്ചതായി സതീശന്‍ പറഞ്ഞു. ചെറിയൊരു പക്ഷം മാത്രമാണ് എതിര്‍ക്കുന്നത്. അവരുമായി മുതിര്‍ന്ന നേതാക്കള്‍ സംസാരിച്ചതായും സതീശന്‍ പറഞ്ഞു. അതേസമയം തൃക്കാക്കരയില്‍ കോണ്‍ഗ്രസിനൊപ്പമില്ലെന്ന സൂചനയാണ് കെവി തോമസ് നല്‍കുന്നത്. തിരഞ്ഞെടുപ്പില്‍ വ്യക്തിബന്ധമല്ല പ്രധാനമെന്ന് കെവി തോമസ് വ്യക്തമാക്കി. വികസന രാഷ്ട്രീയത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉമയുടെ പ്രചാരണത്തിനായി കെവി തോമസ് ഇറങ്ങില്ലെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. അതേസമയം കെവി തോമസ് തനിക്കെതിരെ ഒരിക്കലും പ്രവര്‍ത്തിക്കില്ലെന്ന് ഉമ തോമസ് വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ തോമസ് പാര്‍ട്ടിയില്‍ തന്നെയുണ്ടാവും. പിടി തോമസിനെ എന്നും ചേര്‍ത്ത് പിടിച്ചയാളാണ് കെവി തോമസ്. അദ്ദേഹത്തെ നേരില്‍ കണ്ട് അനുഗ്രഹം തേടുമെന്നും ഉമ വ്യക്തമാക്കി. പിടി തോമസിന്റെ ജന്മനാടായ ഇടുക്കിയിലെ ഉപ്പുതോട്ടില്‍ ഉമ തോമസ് എത്തി. പള്ളിയിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം പിടി തോമസിന്റെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ചു. ഉമ ഇന്നലെ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. അയല്‍വാസികളുടെ വീട്ടിലാണ് ആദ്യമെത്തിയത്.
ഇതിനിടെ കെവി തോമസിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് ഇപി ജയരാജന്‍. കെവി തോമസിന്റെ പിന്തുണ തൃക്കാക്കരയില്‍ നിര്‍ണായകമാണ്. ഇടതുമുന്നണി ഇന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ജനസമ്മിതിയുള്ള സ്ഥാനാര്‍ത്ഥിയാവും ഇടത് മുന്നണിയുടേതെന്ന് ജയരാജന്‍ പറഞ്ഞു. തൃക്കാക്കര യുഡിഎഫ് കോട്ടയാണെന്ന ധാരണ തെറ്റാണെന്നും, വികസനത്തിലൂന്നിയുള്ള പ്രചാരണമാകും മണ്ഡലത്തില്‍ ഉടനീളം ഇടതുമുന്നണി നടത്തുകയെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി. എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കെവി തോമസിനെ അദ്ദേഹം ക്ഷണിച്ചു. സ്വന്തം നിലപാട് നിശ്ചയിക്കാനുള്ള കരുത്തുള്ള നേതാവാണ് അദ്ദേഹമെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.












Click it and Unblock the Notifications