'ഹിന്ദിക്കാരനാണ്... ചെയ്യാന്‍ പാടില്ലാത്തതൊക്കെ എന്നെ ചെയ്തു മോനേ...' 52കാരി പറഞ്ഞത്
കൊച്ചി: കമ്മട്ടിപ്പാടത്തിനടുത്ത് 52കാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ അസം സ്വദേശി അറസ്റ്റിലായി. ആലപ്പുഴ സ്വദേശിയായ സ്ത്രീയെ കബളിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം.
കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി കേരളത്തില്‍ വിവിധ ഇടങ്ങളിലായി താമസിച്ചുവരുന്ന വ്യക്തിയാണ് പ്രതി ഫിര്‍ദൗസ് അലി. അടുത്തിടെ മയക്കു മരുന്ന് കേസില്‍ ജയിലിലായിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതാണ്. പ്രതിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ഇയാളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

ബുധനാഴ്ച വൈകീട്ടാണ് പ്രതി നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനില്‍ വച്ച് സ്ത്രീയെ പരിചയപ്പെട്ടത്. ആലുവയിലേക്കുള്ള വഴി കാണിക്കാമെന്ന് പറഞ്ഞാണ് സ്ത്രീയുമായി പ്രതി പരിചയപ്പെട്ടത്. സന്ധ്യയോടെ ഓട്ടോയില്‍ പുല്ലേപ്പടി പാലത്തിന് അടുത്തെത്തിയ പ്രതി 200 മീറ്ററോളം അകലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോകുകയായിരുന്നുവത്രെ.
ചതുപ്പില്‍ വച്ചാണ് പ്രതി സ്ത്രീയെ പീഡിപ്പിച്ചത്. ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മുഖത്ത് നിന്ന് രക്തം വന്നിരുന്നുവെന്ന് സ്ത്രീയെ ആദ്യം കണ്ടവര്‍ പോലീസിനോട് പറഞ്ഞു. സംഭവ ശേഷം മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് പ്രതി രക്ഷപ്പെട്ടു. യുവതി നിലവിളിക്കുന്നത് കണ്ടവര്‍ സമീപ വാസികളെ വിളിച്ചുകൊണ്ടുവരികയായിരുന്നു.
മുഖത്ത് ക്രൂരമായി മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. ട്രെയിനില്‍ നിന്ന് വീണതാണോ എന്നാണ് സമീപവാസികള്‍ സംശയിച്ചത്. ഒരു ഹിന്ദിക്കാരനാണ്, എന്നെ ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്തു മോനേ എന്ന് സഹായത്തിനെത്തിയവരോട് സ്ത്രീ പറഞ്ഞു. തുടര്‍ന്ന് ഇവരാണ് പോലീസില്‍ വിവരം അറിയിച്ചത്.
ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് കളമശേരി ആശുപത്രിയിലും പ്രവേശിപ്പിച്ച സ്ത്രീയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു എന്നാണ് വിവരം. പാലത്തിന് അടുത്തുവരെ ഓട്ടോയില്‍ എത്തിച്ചു എന്നാണ് സ്ത്രീ പോലീസിനോട് പറഞ്ഞത്. ഇതുപ്രകാരം ഇവിടെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു.
കടവന്ത്ര സിഐയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. പ്രതി കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു. ആലുവയിലേക്ക് പോകാന്‍ മെട്രോ സ്‌റ്റേഷനിലേക്ക് എത്തിക്കാമെന്ന് പറഞ്ഞാണത്രെ സ്ത്രീയെ പ്രതി ഓട്ടോയില്‍ കയറ്റിയത്. പ്രതിക്ക് നല്ല പരിചയമുള്ള പ്രദേശത്ത് വച്ചാണ് ക്രൂരത നടന്നതെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications