വാര്‍ത്ത മുക്കാന്‍ അഞ്ചുകോടി; ടിവി അവതാരകന്‍ അകത്തായി
ഹൈദരാബാദ്: വാര്‍ത്ത മുക്കാന്‍ വേണ്ടി അഞ്ചുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട ടി വി അവതാരകനെ പോലീസ് അറസ്റ്റ് ചെയ്തു. തെലുങ്കിലെ പ്രശസ്തനായ ടി വി അവതാരകനായ ഹര്‍ഷവര്‍ദ്ധന്‍ ആണ് പോലീസിന്റെ പിടിയിലായത്. തെലുങ്കിലെ പല ചാനലുകളിലും ഇദ്ദേഹം പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. ടി വി 9 തെലുങ്കിലെ ക്രൈം ഷോയുമായി ബന്ധപ്പെട്ട വാര്‍ത്ത മുക്കാന്‍ കൈക്കൂലി ചോദിച്ചതിനാണ് ഇയാള്‍ അകത്തായത്.
ആന്ധ്രപ്രദേശിലെ ഡെന്റല്‍ കോളേജ് മാനേജ്‌മെന്റില്‍ നിന്നുമാണ് ഹര്‍ഷവര്‍ദ്ധന്‍ അഞ്ചുകോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടത്. സെന്റ് ജോസഫ്‌സ് ഡെന്റല്‍ കോളേജിനെക്കുറിച്ചുള്ള വാര്‍ത്ത പരിപാടിയില്‍ നിന്നും ഒഴിവാക്കാനാണ് ഇയാള്‍ അഞ്ചുകോടി രൂപ ആവശ്യപ്പെട്ടത്. മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരിന്നു ഹര്‍ഷവര്‍ദ്ധനന്റെയും കൂട്ടരുടെയും പരിപാടി.

മാനേജ്‌മെന്റിന്റെ തട്ടിപ്പുകളെക്കുറിച്ച് ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയ ശേഷമായിരുന്നു ഹര്‍ഷവര്‍ദ്ധനനും കൂട്ടരും കോളേജ് അധികൃതരെ സമീപിച്ചത്. അഡ്വാന്‍സായി കുറച്ച് പണം വേണമെന്നും ബാക്കി പിന്നീട് മതിയെന്നുമാണ് ഇയാള്‍ കോളേജ് മാനേജ്‌മെന്റിനോട് പറഞ്ഞത്. ചെറിയ തുകയ്ക്ക് സംഭവം ഒതുക്കാന്‍ കോളേജ് അധികൃതര്‍ ശ്രമിച്ചെങ്കിലും ഹര്‍ഷവര്‍ദ്ധനന്‍ വഴങ്ങിയില്ല എന്ന് പോലീസ് പറഞ്ഞു.
ടി വി 9 തെലുങ്ക് ചാനലില്‍ രാത്രി 11.30 മുതല്‍ 10 മിനുട്ട് നേരമാണ് ഹര്‍ഷവര്‍ദ്ധന്‍ അവതരിപ്പിക്കുന്ന ക്രൈം ഷോ. ചില തെലുങ്ക് ചിത്രങ്ങളിലും ഇയാള്‍ അഭിനയിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ഗവണ്‍മെന്റ് ജോലിക്കാരനാണ് ഇയാളെന്നും റിപ്പോര്‍ട്ടുകളുണ്ട്. മറ്റേതെങ്കിലും ചാനല്‍ ആ സംഭവവുമായി ബന്ധപ്പെട്ട് ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഹര്‍ഷവര്‍ദ്ധനനൊപ്പം നാല് കൂട്ടാളികളെയും പോലീസ് പിടികൂടി.












Click it and Unblock the Notifications