'1.20 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്'; 'ലാഭവിഹിതം വാഗ്ദാനം ചെയ്ത്'; പ്രതി പിടിയിൽ
ഇടുക്കി: ജില്ലയിൽ ആളുകളിൽ നിന്ന് ഓഹരി പിരിച്ച് ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ്. തനിമ അഗ്രോ ഡവലപ്മെന്റ് സൊസൈറ്റിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. സംഭവത്തിൽ സൊസൈറ്റി പ്രസിഡന്റ് കരിമണ്ണൂർ കുരുമ്പയിൽ ജയൻ പ്രഭാകരനെ (48) പൊലീസ് അറസ്റ്റ് ചെയ്തു.
196 ആളുകളിൽ നിന്ന് 25,000 രൂപ മുതൽ ലക്ഷങ്ങൾ വരെയാണ് ഓഹരിയായി ഇയാൾ പിരിച്ചെടുത്തത്. പ്രതിയെ പിടിയിലാക്കിയതിന് പിന്നാലെ പൊലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തരത്തിൽ 1.20 കോടി രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തി. ലാഭവിഹിതം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പെന്ന് പൊലീസ് പറയുന്നു. അതേസമയം, തൊടുപുഴ സ്റ്റേഷനിൽ ഇയാൾക്കെതിരെ 36 ആളുകൾ പരാതി നൽകിയിട്ടുണ്ട്. ജയന്റെ കൂട്ടാളികളെയും പിടികൂടാനുണ്ടെന്ന് എസ്എച്ച്ഒ വി.സി.വിഷ്ണുകുമാർ പറഞ്ഞു. മറ്റു സ്ഥലങ്ങളിൽ ഇയാൾ വേറെ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു എന്നാണ് വിവരം.
അതേസമയം, കോട്ടയത്ത് സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ പണയം വച്ച സ്വർണം തിരിച്ചെടുത്ത് വിൽക്കാമെന്ന് പറഞ്ഞ് ജ്വല്ലറി ജീവനക്കാരനെ കബളിപ്പിച്ച് 45,000 രൂപയുമായി യുവാവു മുങ്ങി. പണയം വച്ച സ്വർണം എടുത്തുവിൽക്കാമെന്ന് പറഞ്ഞ് ജ്വല്ലറി മാനേജരെയാണ് ഫോൺ വിളിച്ചത്. പണയം വച്ച വകയിൽ 45,000 രൂപ അടയ്ക്കാനുണ്ടെന്നും ആ തുക തന്നാൽ സ്വർണം തിരിച്ചെടുത്ത് ജ്വല്ലറിക്കു വിൽക്കാമെന്നും ഇയാൾ പറഞ്ഞു. ഫോൺ വിളിച്ചയാൾ പറഞ്ഞ സമയത്ത് ജ്വല്ലറിയിലെ ജീവനക്കാരൻ തുകയുമായി എത്തി.
കോട്ട് ധരിച്ച് മാസ്ക് വച്ച 32 വയസ്സ് തോന്നിക്കുന്ന ആൾ എത്തിയപ്പോൾ ജീവനക്കാരൻ 50,000 രൂപ നൽകി. എന്നാൽ 45,000 രൂപയാണ് അടയ്ക്കാനുള്ളതെന്ന് പറഞ്ഞ യുവാവ് 5,000 രൂപ കൃത്യമായി തിരിച്ചുകൊടുത്തു. സഹോദരി വന്നശേഷം പണം അടച്ച് സ്വർണം തിരികെയെടുത്തു തരാമെന്നും പറഞ്ഞു. യുവാവിനൊപ്പം ജീവനക്കാരനും കാത്തുനിന്നു. ഇതിനിടെ ജീവനക്കാരന്റെ ശ്രദ്ധ മാറിയപ്പോൾ യുവാവ് ഓടി. ജീവനക്കാരനും വ്യാപാരികളും പൊലീസും അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.
സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചതായി എസ്എ ച്ച്ഒ കെ.പി.ടോംസൺ പറഞ്ഞു. തിരുവനന്തപുരത്തെ വാഹന ഇന്‍ഷൂറന്‍സ് തട്ടിപ്പില്‍ പൊലീസുകാരെ പ്രതി ചേര്‍ക്കും. ഒരു ഗ്രേഡ് എസ്.ഐ ഉള്‍പ്പെടെ അഞ്ച് പേരെ പ്രതി ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈംബ്രാഞ്ചിന്റെ ഉന്നതതലയോഗം തീരുമാനിച്ചത്. തട്ടിപ്പ് അന്വേഷണം സംസ്ഥാന വ്യാപകമാക്കാനും തീരുമാനം. ഇതിനായി എല്ലാ ജില്ലകളിലും ഡിവൈ.എസ്.പിമാരെ നോഡല്‍ ഓഫീസര്‍മാരായി ചുമതലപ്പെടുത്തും.
വ്യാജ അപകടങ്ങളുടെ പേരില്‍ ലക്ഷങ്ങളുടെ ഇന്‍ഷൂറന്‍സ് തട്ടിയെടുത്തതില്‍ കര്‍ശന നടപടിയിലേക്ക് കടക്കാൻ ആണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. നിലവിലെടുത്തിരിക്കുന്ന അഞ്ച് കേസുകളില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
പൊലീസ് തയാറാക്കിയ വ്യാജ എഫ്.ഐ.ആറുകളാണ് തട്ടിപ്പിന്റെ അടിസ്ഥാനം. അതിനാല്‍ ഈ അഞ്ച് കേസിലും എഫ്.ഐ.ആര്‍ തയാറാക്കി കേസ് അന്വേഷിച്ച പൊലീസുകാര്‍ പ്രതിയാകും. അഞ്ച് പൊലീസുകാരില്‍ നാല് പേര്‍ വിരമിച്ചവരാണ്. ബാലരാമപുരം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മാത്രം ആണ് ഇപ്പോള്‍ സര്‍വീസിൽ ഉളളത്.
വ്യാജരേഖ ചമയ്ക്കലും ഗൂഡാലോചനയും ഉള്‍പ്പെടെയുള്ള കുറ്റം ഇവര്‍ക്ക് എതിരെ ചുമത്തും. പൊലീസുകാരെ കൂടാതെ അപകടത്തില്‍പെട്ടവർ എന്ന് കേസ് രേഖകളിലുള്ളവരെയും അതിനായി കള്ളസാക്ഷി നല്‍കിയവരെയും പ്രതി ചേര്‍ക്കും എന്നാണ് വിവരം. പ്രതികളാക്കുന്നവരുടെ അറസ്റ്റിലേക്ക് കടക്കാനും അന്വേഷണ സംഘത്തിന് ക്രൈംബ്രാഞ്ച് മേധാവി നിര്‍ദേശം നല്‍കി.












Click it and Unblock the Notifications