എന്‍ഡിഎ പിന്തുണയോടെ കോണ്‍ഗ്രസ്; എല്‍ഡിഎഫ് വീണു, കരുണാപുരത്തെ രാഷ്ട്രീയപ്പോര്
തൊടുപുഴ: വ്യത്യസ്തമായ രാഷ്ട്രീയ കളിയാണ് ഇടുക്കി ജില്ലയിലെ കരുണാപുരം പഞ്ചായത്തില്‍. എല്‍ഡിഎഫും യുഡിഎഫും കട്ടയ്ക്ക് നില്‍ക്കുന്ന പഞ്ചായത്തില്‍ അവസരം കിട്ടിയാല്‍ ഇരുവരും പണി കൊടുക്കാന്‍ തക്കം പാര്‍ത്തിരിക്കുകയണ്. തുല്യമായ സീറ്റുകളാണ് ലഭിച്ചിരുന്നതെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷത്തിനാണ് അധികാരം കിട്ടിയത്.
അവസരം കാത്തിരിക്കുകയായിരുന്നു യുഡിഎഫ്. ഭരണ സമിതി ആറ് പിന്നിട്ടിരിക്കെ യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നു. പാസാകുകയും ചെയ്തു. ഇതോടെ എല്‍ഡിഎഫ് പുറത്തേക്ക് പോകുകയാണ്. എന്നാല്‍ എന്‍ഡിഎയുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ലക്ഷ്യം കണ്ടത് എന്നത് രാഷ്ട്രീയ ചര്‍ച്ച മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

ഭരണസമിതിക്കെതിരെ യുഡിഎഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. എന്‍ഡിഎയുടെ പിന്തുണയോടെയാണ് പ്രമേയം പാസായത്. നേരത്തെ രാഷ്ട്രീയ പോരില്‍ നിന്ന് വിട്ടുനിന്നിരുന്ന ബിഡിജെഎസ് അംഗം ഇത്തവണ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. ഇതോടെ 9 വോട്ടുകള്‍ ലഭിച്ച് യുഡിഎഫിന്റെ പ്രമേയം പാസാകുകയായിരുന്നു.

17 അംഗ ഭരണസമിതിയാണ് കരുണാപുരത്തേത്. എട്ട് അംഗങ്ങള്‍ എല്‍ഡിഎഫിനും എട്ട് അംഗങ്ങള്‍ യുഡിഎഫിനുമുണ്ട്. ഒരു സീറ്റില്‍ ജയിച്ചത് ബിഡിജെഎസ് ആണ്. എല്‍ഡിഎഫില്‍ സിപിഎമ്മിന് അഞ്ച്, സിപിഐക്ക് രണ്ട്, കേരള കോണ്‍ഗ്രസ് എമ്മിന് ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. യുഡിഎഫില്‍ എട്ടും കോണ്‍ഗ്രസ് അംഗങ്ങളാണ്.

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫും യുഡിഎഫും തുല്യ സീറ്റുകള്‍ ലഭിച്ചതോടെ എന്‍ഡിഎ അംഗമായി ആറാം വാര്‍ഡില്‍ നിന്ന് ജയിച്ച ബിഡിജെഎസ് സ്വതന്ത്രന്‍ പിആര്‍ ബിനു ആരെ പിന്തുണയ്ക്കുമെന്നത് നിര്‍ണായകമായി. രാഷ്ട്രീയ വിവാദം ഒഴിവാക്കാന്‍ എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎ പിന്തുണ തേടിയില്ല. എന്‍ഡിഎ അംഗം ആര്‍ക്കും പിന്തുണ നല്‍കാതെ അന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.

തുല്യ സീറ്റുകളായതോടെ നറുക്കെടുപ്പ് നടന്നു. ഇടതുപക്ഷത്തിന് ഭരണം ലഭിച്ചു. പ്രസിഡന്റായി വിന്‍സി വാവച്ചനും വൈസ് പ്രസിഡന്റായി കെടി സാലിയും അധികാരത്തിലെത്തി. ആറ് മാസങ്ങള്‍ പിന്നിടുമ്പോള്‍ വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഭരണസമിതിക്കെതിരെ യുഡിഎഫ് അംഗങ്ങള്‍ ഉന്നയിക്കുന്നത്. ഈ ആരോപണങ്ങള്‍ തന്നെയാണ് അവിശ്വാസ പ്രമേയത്തിന് കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നതും.

ഒരാഴ്ച മുമ്പാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ അവിശ്വാസ പ്രമേയം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിച്ചത്. ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ് പ്രധാനമായും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയത്. പദ്ധതികള്‍ നടപ്പാക്കുന്നില്ല, വിസകസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. ഏകാധിപത്യ നിലപാടാണ് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമുള്ളതെന്നും പ്രമേയത്തില്‍ പറയുന്നു.

ഫണ്ടുകള്‍ വകമാറ്റി ചെലവഴിച്ചു എന്ന ഗുരുതരമായ ആരോപണങ്ങളും കോണ്‍ഗ്രസ് അംഗങ്ങള്‍ അവിശ്വാസ പ്രമയത്തില്‍ ചൂണ്ടിക്കാട്ടി. മിനി പ്രിന്‍സ്, റാബി സിദ്ദിഖ്, ജെയ് തോമസ്, ശ്യാമള മധുസൂദനന്‍, ഡി നടരാജ പിള്ള, സുനില്‍ പുതക്കുഴിയില്‍, ആന്‍സി തോമസ്, ശോഭനാമ്മ ഗോപിനാഥ് എന്നീ കോണ്‍ഗ്രസ് അംങ്ങളാണ് അവിശ്വാസ പ്രമേയത്തില്‍ ഒപ്പുവച്ചത്.

ബിഡിജെഎസ് ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് പിആര്‍ ബിനു അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത് എന്നാണ് വിവരം. പ്രമേയം പാസായതോടെ ഭരണ സമിതി വീണു. വൈസ് പ്രസിഡന്റിനെതിരായ പ്രമേയം വെള്ളിയാഴ്ച ചര്‍ച്ചയ്ക്ക് എടുക്കും. ബിഡിജെഎസ് പിന്തുണ ഇതിലും യുഡിഎഫിന് തന്നെയാകും എന്നാണ് റിപ്പോര്‍ട്ട്.

ഭരണ സമിതി വീണാല്‍ യുഡിഎഫ് അംഗങ്ങള്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവകളിലേക്ക് മല്‍സരിക്കും. അപ്പോഴും എന്‍ഡിഎ അംഗത്തിന്റെ പിന്തുണ ആവശ്യമാണ്. അങ്ങനെ ലഭിച്ചാല്‍ മാത്രമേ യുഡിഎഫിന് അധികാരം കിട്ടൂ. ഈ സാഹചര്യത്തില്‍ എന്‍ഡിഎയുമായി നീക്കുപോക്കുകള്‍ക്കോ, പദവി പങ്കിടലിനോ യുഡിഎഫ് തയ്യാറാകുമോ എന്നതാണ് മറ്റൊരു ചോദ്യം.












Click it and Unblock the Notifications