ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വട്ടവട മോഡല്‍ വില്ലേജ് ശിലാസ്ഥാപനം ഞായറാഴ്ച; ലക്ഷ്യം സ്വയം പര്യാപ്തമായ ഒരു ഗ്രാമം നിര്‍മ്മിക്കുക

  • By Desk
Google Oneindia Malayalam News

വട്ടവട: വട്ടവട ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന സംസ്ഥാന തലത്തിലുള്ള പൈലറ്റ് പദ്ധതിയായ മോഡല്‍ വില്ലേജിന്റെ ശിലാസ്ഥാപനം 8ന് 12 മണിക്ക് നിയമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നിര്‍വ്വഹിക്കും. എസ്. രാജേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായിരിക്കും. കോവിലൂര്‍ പബ്ലിക് സ്റ്റേജില്‍ നടക്കുന്ന ചടങ്ങില്‍ വട്ടവട മള്‍ട്ടി അമിനിറ്റി ഹബ്ബ്, ഫാമിലി ഹെല്‍ത്ത് സെന്റര്‍, കൊട്ടക്കാമ്പൂരിലെ എസ് എസ് എ കെട്ടിടം, അംഗന്‍വാടികളുടെ പ്രവര്‍ത്തന ഉദ്ഘാടനം എന്നിവ മന്ത്രി എം എം മണി നിര്‍വ്വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രാമരാജ്, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പിന്നോക്ക വിഭാഗക്കാര്‍ക്കായി ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ നൂതന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് വട്ടവടയില്‍ പുതുതായി ഒരു ഗ്രാമം രൂപപ്പെടുന്നത്. പിന്നോക്ക വിഭാഗക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി സാമൂഹ്യപരമായ ചുറ്റുപാടില്‍ മികച്ച ജീവിത സാഹചര്യം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോഡല്‍ വില്ലേജ് എന്ന പദ്ധതിക്ക് പഞ്ചായത്ത് ഭരണസമിതി രൂപം നല്‍കിയത്.

Vattavada model village

ഒരു വിഭാഗം ജനതക്ക് സ്വന്തമായി ഒരു ഗ്രാമം ലഭിക്കുന്ന പദ്ധതിയാണ് മോഡല്‍ വില്ലേജ്. പന്ത്രണ്ടുകോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന മോഡല്‍ വില്ലേജിന്റെ നിര്‍മ്മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം. പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 108 കുടുംബങ്ങളാണ് ആദ്യഘട്ടത്തില്‍ മോഡല്‍ വില്ലേജിന്റെ ഗുണഭോക്താക്കളാകുക.



എന്താണ് മോഡല്‍ വില്ലേജ്

മോഡല്‍ വില്ലേജ് സുരക്ഷിതമായി താമസിക്കാനുള്ള ഒരിടം മാത്രമല്ല. മികച്ച ജീവിത നിലവാരത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴില്‍ സജ്ജമാക്കി ഒരു ഗ്രാമം തന്നെ പുതുതായി നിര്‍മ്മിച്ചെടുക്കുയാണ് മോഡല്‍ വില്ലേജിലൂടെ. സംസ്ഥാനത്തെ പൈലറ്റ് പദ്ധതിയെന്ന നിലയില്‍ നടപ്പിലാക്കുന്ന വട്ടവട മോഡല്‍ വില്ലേജ് പരിസ്ഥിതി സൗഹാര്‍ദപരമായ അന്തരീക്ഷത്തില്‍ ഒരു ഗ്രാമം നിര്‍മ്മിക്കുകയാണ്.

Vattavada model village

പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കറോളം വരുന്ന പ്രദേശത്താണ് മോഡല്‍ വില്ലേജ് ഒരുങ്ങുക, 27 ഹൗസിംഗ് കോംപ്ലക്‌സ്, വായനശാല, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ഡേ ഷെല്‍റ്റര്‍ ഹോം, അംഗന്‍വാടി, ഷോപ്പിംഗ് മാള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, പൂന്തോട്ടം, കമ്മ്യൂണിറ്റി ഹാള്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം ഈ മോഡല്‍ വില്ലേജില്‍ ക്രമീകരിക്കും. 1600 ചതുരശ്രയടി വിസ്തൃതിയില്‍ പൂര്‍ത്തിയാക്കുന്ന ഒരോ ഹൗസിംഗ് കോംപ്ലക്‌സിലും നാലു വീതം കുടുംബങ്ങള്‍ക്കാണ് താമസിക്കാന്‍ കഴിയുക. ഓരോ കുടുംബത്തിനും രണ്ടു ബെഡ്‌റൂം, ഹാള്‍, അടുക്കള, വരാന്ത, ടോയിലറ്റ് എന്നീ സൗകര്യങ്ങളുമുണ്ടാകും.

650 ചതുരശ്രയടി വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന മിനി ഷോപ്പിംഗ് സെന്ററില്‍ നിന്ന് ഒരു കുടുംബത്തിനാവശ്യമായ നിത്യോപയോഗ സാധനങ്ങളെല്ലാംതന്നെ ലഭിക്കും, മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ഏഴ് ബെഡുകളോടുകൂടിയ ഡേ ഷെല്‍റ്റര്‍ ഹോം ഡോര്‍മെറ്ററി സംവിധാനത്തിലാണ് നിര്‍മ്മിക്കുക. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ ഇടങ്ങള്‍ എന്ന നിലയിലാകും ഇത് നിര്‍മ്മിക്കുക.

250 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന രീതിയില്‍ കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. 2000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതയില്‍ ലൈബ്രറിയും, 900 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ അംഗന്‍വാടിയും. 8 ടോയിലറ്റ് യൂണിറ്റുകളും മോഡല്‍ വില്ലേജിന്റെ ഭാഗമായി നിര്‍മ്മിക്കും. പരിസ്ഥിതി സൗഹാര്‍ദപരമായി നിര്‍മ്മാണം പൂര്‍ത്തിയാക്കി റോഡുകളുടെ വശങ്ങളില്‍ മരങ്ങള്‍ നട്ടു വളര്‍ത്താനുമാണ് പഞ്ചായത്തിന്റെ തീരുമാനം.

Idukki
English summary
Idukki Local News about model village project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X