ഇടുക്കിയില്‍ ഭൂമി വിണ്ടുകീറുന്നു....ആശങ്കയൊഴുന്നില്ല, വീണ്ടും ഭീതിയിലായി കുടുംബങ്ങള്‍!!
ഇടുക്കി: കനത്ത മഴയെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ ഇടുക്കിയില്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ഇതിന് പിന്നാലെ ഇതാ മറ്റ് പ്രശ്‌നങ്ങളും. ഇടുക്കിയിലെ പൂമാലയില്‍ വീണ്ടും ഭൂമി വിണ്ടുകീറുകയാണ്. 2018ലെ പ്രളയത്തിന് പിന്നാലെ സോയില്‍ പൈപ്പിംഗ് ഉണ്ടായ മേഖലയിലാണ് ഭൂമി അകന്ന് മാറുന്നത്. ഇടുക്കിയിലെ പെട്ടിമട ദുരന്തത്തില്‍ നാട് മുഴുവന്‍ വിറച്ച് നില്‍ക്കുന്ന സമയത്താണ് മറ്റൊരു പ്രശ്‌നം കൂടി വന്നിരിക്കുന്നത്. ഇവിടെ 18 കുടുംബങ്ങള്‍ ഭൂമി വിണ്ടുകീറുന്നതില്‍ ഭയന്ന് വിറച്ചിരിക്കുകയാണ്.
രണ്ട് വര്‍ഷം മുമ്പുള്ള പ്രളയത്തിന് ശേഷം പൂമാല കൂവക്കണ്ടത്തെ ഭൂമി പലയിടത്തായി വിണ്ടുകീറിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ഈ വിള്ളലുകളിലേക്ക് വെള്ളം ഇറങ്ങി ഭൂമി വീണ്ടും അകന്ന് മാറിയിരിക്കുകയാണ്. ഈ ഭാഗത്ത് ഏകദേശം 700 മീറ്റര്‍ ദൂരത്തില്‍ ഭൂമി വിണ്ടുകീറിയിരിക്കുകയാണ്. സമീപത്തെ മലയിലെ വെള്ളം കൂടി ഈ ഭാഗത്തേക്ക് വരുന്നത്. അതുകൊണ്ട് മണ്ണിടിച്ചില്‍ ഉണ്ടാകുമോ എന്നാണ് നാട്ടുകാര്‍ ആശങ്കപ്പെടുന്നത്.
സോയില്‍ പൈപ്പിംഗ് ഉണ്ടായ മേഖലയിലെ 18 കുടുംബങ്ങള്‍ പുനരധിവാസത്തിനായി സര്‍ക്കാരിന് രണ്ട് വര്‍ഷം മുമ്പേ അപേക്ഷ നല്‍കിയതാണ്. എന്നാല്‍ ഇത് ഇതുവരെ നടപടി ഉണ്ടായിട്ടില്ല. മഴ അതിശക്തമായി വീണ്ടും വന്നതോടെ, മറ്റൊരു ദുരന്തമുണ്ടാകാന്‍ കാത്തുനില്‍ക്കാതെ മുമ്പ് തന്നെ അപേക്ഷ പരിഗണിച്ച് നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം ഉരുള്‍പ്പൊട്ടലുണ്ടായ രാജമല പെട്ടിമുടിയില്‍ അവസാനയാളെ കണ്ടെത്തും വരെയും തിരച്ചില്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനം. ദുരന്തത്തിനിരയായവര്‍ക്ക് ഉടന്‍ സഹായധനം ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം പ്രത്യേക സംഘത്തെ നിയോഗിച്ചു.
അതേസമയം പെട്ടിമുടിയില്‍ ഇനി 14 പേരെയാണ് കണ്ടെത്താനുള്ളത്. ഇതുവരെ 56 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇടുക്കി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തിരച്ചില്‍ തുടരാന്‍ തീരുമാനമായത്. യോഗത്തില്‍ ദുരന്തത്തില്‍പ്പെട്ടവരുടെ ബന്ധുക്കളും പങ്കെടുത്തിരുന്നു. പെട്ടിമുടിയില്‍ കവിഞ്ഞ ദിവസം നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വെറും ഒരു മൃതദേഹം മാത്രമാണ് കണ്ടെടുത്തത്. പരിക്കേറ്റവര്‍ക്കും ദുരന്തബാധിതര്‍ക്കും എത്രയും വേഗം ധനസഹായം ലഭ്യമാക്കാനാണ് തീരുമാനം.