മുള്ളരിങ്ങാട് ജനവാസ മേഖലയിലെ കാട്ടാനകളെ തുരത്താനുള്ള നീക്കം നിര്‍ത്തി
ഇടക്കി: മുള്ളരിങ്ങാട് ജനവാസ മേഖലയില്‍ നിന്ന് കാട്ടാനകളെ തുരത്താനുള്ള നീക്കം ഉപേക്ഷിച്ചു. കാട്ടാനകളെ പെരിയാര്‍ കടത്തി നേര്യമംഗലം വനത്തിന്റെ ഉള്‍ഭാഗത്തേക്ക് തുരത്താനുള്ള നീക്കം ജനവാസ മേഖലയില്‍ വേണ്ടത്ര മുന്‍കരുതലെടുക്കാതെയാണ് എന്ന ആക്ഷേപമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ആനകളെ തുരത്താനുള്ള നീക്കം നിര്‍ത്തിയത്. കാലാവസ്ഥ അനുകൂലമല്ല എന്ന കാരണം പറഞ്ഞാണ് നീക്കം ഉപേക്ഷിച്ചത്.
മുള്ളരിങ്ങാട് നിന്നുള്ള ആനകളെ പെരിയാര്‍ കടത്തി വിട്ടാല്‍ ആദ്യം എത്തുന്നത് കാഞ്ഞിരവേലി ജനവാസ മേഖലയിലാണ്. തുടര്‍ന്ന് കുളമാന്‍കുഴി, പാട്ടയിടുമ്പ്, കമ്പിലൈന്‍, പഴമ്പിള്ളിച്ചാല്‍ തുടങ്ങിയ മേഖലയിലേക്കും എത്തും. ഇതിനോടകം കാട്ടാന ശല്യത്താല്‍ പൊറുതി മുട്ടിയ ജനങ്ങളുടെ ദുരിതം കൂടുതല്‍ ദുസ്സഹമാകാനെ ഇത് ഉപകരിക്കൂ.

നേര്യമംഗലം വനമേഖലയോട് ചേര്‍ന്ന കാഞ്ഞിരവേലി, കുളമാന്‍കുഴി, പാട്ടയിടുമ്പ്, കമ്പിലൈന്‍, വാളറ, ഇഞ്ചത്തൊട്ടി, പഴമ്പിള്ളിച്ചാല്‍, ഒഴുവത്തടം മേഖലകളിലേക്ക് കാട്ടാനകള്‍ എത്തുന്നുണ്ട്. എന്നാല്‍ ഇത് തടയാന്‍ ഒരു മുന്‍കരുതലും വനം വകുപ്പ് ഇതുവരേയും സ്വീകരിച്ചിട്ടില്ല. എട്ട് മാസം മുമ്പാണ് കാഞ്ഞിരവേലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മുണ്ടോക്കണ്ടത്തില്‍ രാമകൃഷ്ണന്റെ ഭാര്യ ഇന്ദിര മരിച്ചത്.
ഇതിന് പിന്നാലെ ജനപ്രതിനിധികളും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇന്ദിരയുടെ വീട് സന്ദര്‍ശിച്ച മന്ത്രിമാരുടെ സംഘം വന്യമൃഗ ശല്യം തടയാന്‍ മേഖലയില്‍ അടിയന്തരമായി ഫെന്‍സിങ് സംവിധാനം ഏര്‍പ്പാടാക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനം വാക്കുകളിലൊതുങ്ങിയ മട്ടാണ്. ഇതിന് പിന്നാലെയാണ് മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായത്.












Click it and Unblock the Notifications