അന്ന് പ്രിയപ്പെട്ടവന്‍, ഇന്ന് പേടിസ്വപ്നം; പടയപ്പ ജനവാസമേഖലയിലിറങ്ങുന്നത് സ്ഥിരമാകുന്നു
ഇടുക്കി: ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തി പടയപ്പ. ദേവികുളം ലാക്കാട് ഫാക്ടറി ഡിവിഷനിലെ ജനവാസ മേഖലയില്‍ ആണ് പടയപ്പയിറങ്ങിയത്. വലിയ നാശനഷ്ടാണ് പടയപ്പ കാരണം ലയം നിവാസികള്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത്. ലയങ്ങള്‍ക്ക് സമീപത്തെ വാഴ, പച്ചക്കറി എന്നി ആന നശിപ്പിച്ചു. വീടുകളോട് ചേര്‍ന്നുള്ള കോഴിക്കൂടുകളും വേലികളും പടയപ്പ തകര്‍ത്തു. തിങ്കളാഴ്ച രാവിലെ മൂന്ന് മണിക്കൂറോളം പടയപ്പ പ്രദേശത്ത് ഭീതി വിതച്ചു.
പൊതുവെ ശാന്തശീലനായ പടയപ്പ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജനവാസമേഖലയില്‍ ഇറങ്ങി ഭീതി പരത്തുകയാണ്. വന്യജീവി ശല്യം മേഖലയില്‍ രൂക്ഷമാണെന്നും ആളുകള്‍ ജോലിക്ക് പോകാന്‍ പോലും പറ്റുന്നില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഞായറാഴ്ച രാത്രി ഫാക്ടറി ഡിവിഷനിലെ റേഷന്‍ കടയില്‍ എത്തിയ പടയപ്പയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുരത്തിയിരുന്നു.

50 വയസിലേറെ പ്രായമുള്ള പടയപ്പ മൂന്നാര്‍-ദേവികുളം മേഖലയിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടേയും നാട്ടുകാരുടേയും പ്രിയപ്പെട്ടവനായിരുന്നു. വഴിയോരക്കടകളില്‍ നിന്ന് ഭക്ഷണങ്ങള്‍ എടുത്തു കഴിക്കുന്ന പ്രകൃതക്കാരനായിരുന്നു. എന്നാല്‍ ജനവാസ മേഖലയില്‍ ഇറങ്ങി വലിയ ശല്യമുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നില്ല. ഇതിനാണ് ഇപ്പോള്‍ അടുത്ത കാലത്തായി മാറ്റം വന്നിരിക്കുന്നത്.
കന്നിമല, മാട്ടുപ്പെട്ടി, കുണ്ടള, ദേവികുളം, ലാക്കാട് പ്രദേശങ്ങളിലാണ് നിലവില്‍ പടയപ്പ നിലയുറപ്പിച്ചിരിക്കുന്നത്. ദേശീയപാതയില്‍ ഇറങ്ങി രാപകല്‍ വ്യത്യാസമില്ലാതെ വാഹനങ്ങള്‍ തടയുന്നുമുണ്ട്. ഇരുചക്ര വാഹനങ്ങളിലും മറ്റും വരുന്നവര്‍ രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണെന്ന് പ്രദേശവാസികള്‍ പറയുന്നത്. അതേസമയം പടയപ്പയ്ക്ക് വേണ്ട ഭക്ഷണം ലഭ്യമാക്കി ഉള്‍ക്കാട്ടിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.












Click it and Unblock the Notifications