പന്നിയാറുകൂട്ടിയില്‍ വീണ്ടും മണ്ണിടിഞ്ഞു; ചരക്കുലോറി ചെളിയില്‍ താഴ്ന്നു: ഗതാഗതം തടസ്സപ്പെട്ടു...!!!
രാജാക്കാട്: വേനല്‍ മഴയില്‍ പന്നിയാറുകൂട്ടിയില്‍ വീണ്ടും മണ്ണിടിച്ചില്‍. ചരക്കുലോറി ചെളിയില്‍ താണ് ഗതാഗതം തടസ്സപ്പെട്ടു. വന്‍ മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് ഇടിഞ്ഞിരിക്കുന്ന മണ്ണ് നീക്കം ചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ വിലങ്ങുതടിയായി നില്‍ക്കുന്നതാണ് ചെറിയ മഴയില്‍ പോലും ഇവിടെ മണ്ണിടിച്ചിലുണ്ടാകാന്‍ കാരണം. പ്രളയത്തില്‍ ഏറ്റവും വലിയ ദുരന്തത്തിന് സാക്ഷിയായ പന്നിയാര്‍ കൂട്ടി ഇന്നും മണ്ണിടിച്ചില്‍ ഭീഷണിയില്‍തന്നെയാണ്.
കഴിഞ്ഞ ദിവസ്സം പെയ്ത ശക്തമായ വേനല്‍ മഴയില്‍ മുമ്പ് മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് ശേഷിക്കുന്ന മണ്ണും ഇടിഞ്ഞ് റോഡിലേയ്ക്ക് പതിച്ചു. റോഡിലേയ്ക്ക് പതിച്ച മണ്ണ് മഴ പെയ്തതോടെ ചെളികുണ്ടായി മാറി. ഇതുവഴി സിമന്റുമായി വന്ന ലോറി ചെളിയില്‍ താഴുകയും ഗതാഗതം പൂര്‍ണ്ണമായി നിലക്കുകയും ചെയ്തു. മണിക്കൂറുകള്‍ ഗതാഗതം സ്തംഭിച്ചതിനെ തുടര്‍ന്ന് റോഡ് നിര്‍മ്മാണത്തിനായി എത്തിയ ജെ സി ഉപയോഗിച്ച് ലോറി വലിച്ചു കയറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. ചെറിയ മഴപെയ്യുമ്പോള്‍ പോലും മണ്ണിടിച്ചിലുണ്ടാകുന്നതിനാല്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനവും വൈകുന്നുണ്ട്.

വന്‍ മലയിടിച്ചിലുണ്ടായ ഭാഗത്ത് ഇടിഞ്ഞ് മണ്ണിന്റെ ബാക്കി ഭാഗവും നിലനില്‍ക്കുന്നതാണ് ചെറിയ മഴയില്‍ വീണ്ടും ഇടിഞ്ഞ് വീഴുന്നത്. ഇത് നീക്കം ചെയ്യുന്നതിന് വേണ്ടി റോഡ് നിര്‍മ്മിക്കുന്ന കരാറുകാരന്‍ പരിശ്രമം നടത്തിയിരുന്നു. എന്നാല്‍ കൊന്നത്തടി പഞ്ചായത്ത് അംഗവും പ്രസിഡന്റുമടക്കം എത്തി മണ്ണ് നീക്കം ചെയ്യാന്‍ പാടില്ലെന്ന നിലപാട് സ്വീകരിച്ചു. ഇതോടെ മണ്ണ് നീക്കുന്നത് കരാറുകാര്‍ ഉപേക്ഷിക്കുകയും ചെയ്തു. നിലവില്‍ ചെറിയ മഴ പെയ്താല്‍ പോലും ഈ മണ്ണ് റോഡിലേയ്ക്ക് പതിച്ച് ഗതാഗതം തടസ്സം ഉണ്ടാകുന്നത് പതിവാണ്. അപകട ഭീഷിണി ഉയര്‍ത്തി നില്‍ക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിന് നടപടിസ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഇടക്കി ജില്ലാ കളക്ടര്‍ക്കടക്കം പരാതി നല്‍കാന്‍ ഒരുങ്ങുകയാണിപ്പോള്‍.












Click it and Unblock the Notifications