യുഡിഎഫ് അധികാരത്തിലെത്തിയാല്‍ എല്ലാ കര്‍ഷകര്‍ക്കും ഉപാധിരഹിത പട്ടയം; വാഗ്ദാനവുമായി സതീശന്‍
ഇടുക്കി: യു ഡി എഫ് അധികാരത്തില്‍ എത്തിയാല്‍ എല്ലാ കര്‍ഷകര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി.സതീശന്‍. ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിയേറ്റ കര്‍ഷകരെ പിന്തുണക്കുന്ന നയമാണ് യു ഡി എഫ് പിന്തുടരുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
വന്യമൃഗങ്ങള്‍ ജനങ്ങളെ കൊന്നൊടുക്കുകയും കൃഷിയിടങ്ങള്‍ തച്ചുതകര്‍ക്കുകയും ചെയ്യുമ്പോള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ കാഴ്ചക്കാരായി മാറി നില്‍ക്കുകയാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ട സര്‍ക്കാര്‍ കയ്യേറ്റ മാഫിയയ്ക്ക് സംരക്ഷണം നല്‍കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. സി പി എം നേതാക്കള്‍ കൈയേറ്റ മാഫിയയുടെ അംഗങ്ങളെ പോലെ പ്രവര്‍ത്തിക്കുന്നു.

കര്‍ഷകര്‍ ബാങ്കുകളില്‍ നിന്നു ജപ്തി ഭീഷണി നേരിടുന്ന സമയത്ത് വൈദ്യുതി നിരക്കും വെള്ളക്കരവും ഭൂനികുതിയുമെല്ലാം വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍. ആശുപത്രികളില്‍ അവശ്യ മരുന്നുകളില്ലാതേയും സപ്ലൈകോയും മാവേലി സ്റ്റോറുമെല്ലാം സാധനങ്ങള്‍ ഇല്ലാതെയും കാലിയായി കിടക്കുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കഷ്ടകാലത്ത് ഡി വൈ എഫ് ഐക്കാരും എസ് എഫ് ഐക്കാരും ജനങ്ങളുടെ മേല്‍ അഴിഞ്ഞാടുകയാണ് എന്നും സതീശന്‍ പറഞ്ഞു.
യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ക്രിമിനലുകളെ വെറുതേ വിടില്ല എന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനത്തെ 20 എംപിമാരില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ സ്വന്തം മണ്ണില്‍ കൊണ്ടുവന്നത് ഡീന്‍ കുര്യാക്കോസ് ആണെന്ന് സതീശന്‍ അവകാശപ്പെട്ടു. കേരളത്തിന്റെ ഈ നമ്പര്‍ വണ്‍ എം പി തങ്ങളുടെ അഭിമാനമാണ് എന്നും അദ്ദേഹം പറഞ്ഞു.
ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ ഡീന്‍ മണ്ഡലത്തിലേക്ക് കൊണ്ടുവന്നത്. എം പിയായപ്പോള്‍ മണ്ഡലത്തിലെ ജനങ്ങളുടെ പ്രയാസങ്ങളിലും സങ്കടങ്ങളിലും ഡീന്‍ പങ്ക് ചേര്‍ന്നിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇത് മൂന്നാം തവണയാണ് ഡീന്‍ കുര്യാക്കോസ് ഇടുക്കിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. 2014 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ 2019 ല്‍ 1.70 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
മുന്‍ എം പി ജോയ്‌സ് ജോര്‍ജാണ് ഇടുക്കിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സംഗീത വിശ്വനാഥാണ് എന്‍ ഡി എക്കായി മത്സരിക്കുന്നത്.












Click it and Unblock the Notifications