ഇടുക്കിയില്‍ പൊള്ളലേറ്റ് മരിച്ച വീട്ടമ്മയുടേത് കൊലപാതകം; ബന്ധുവിന്റെ ആസൂത്രണം, ശാസ്ത്രീയ തെളിവ്
തൊടുപുഴ: പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടേത് കൊലപാതകമെന്ന് തെളിഞ്ഞു. മുട്ടത്ത് കഴിഞ്ഞ മാര്‍ച്ച് 31ന് മരിച്ച സരോജിനിയെ ബന്ധു വെള്ളത്തൂവല്‍ സ്വദേശി സുനില്‍ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കണ്ടെത്തിയത്. തീ പടര്‍ന്നത് ഗ്യാസ് അടുപ്പില്‍ നിന്നല്ലെന്നാണ് വ്യക്തമായത്. ശാസ്ത്രീയമായ പരിശോധനയിലാണ് ഇക്കാര്യ വ്യക്തമായത്. തൊടുപുഴ ഡിവൈഎസ്പി രാജപ്പന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതിക്ക് കുരുക്ക് വീഴാന്‍ കാരണം.

സരോജിനിയുടേത് ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടര്‍ന്നുള്ള മരണമല്ലെന്നും കൊലപാതകമാണെന്നും ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് വിശദമായ അന്വേഷണം നടന്നതും സരോജിനിയുടെ സഹോദരിയുടെ മകനായ സുനിലിലേക്ക് അന്വേഷണ സംഘം എത്തിയതും. പ്രഥമദൃഷ്ട്യാ കൊലപാതകമാണെന്ന് തോന്നിയിരുന്നു. മരണ ദിവസം സുനില്‍ വീട്ടിലുണ്ടായിരുന്നു.
റബ്ബര്‍ ഷീറ്റ് കത്തിയതാണെന്നാണ് ഇയാള്‍ സമീപ വാസികളോട് പറഞ്ഞതത്രെ. ഇതാണ് സംശയത്തിനിടയാക്കിയത്. ഈ വീട്ടില്‍ റബ്ബര്‍ ഷീറ്റുണ്ടായിരുന്നില്ല. ഉറങ്ങിക്കിടന്ന സരോജിനിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടര്‍ന്നിട്ടില്ല എന്നും തെളിഞ്ഞു. പ്രതിക്കെതിരെ കൊലപാതകത്തിന് കേസെടുത്തു.












Click it and Unblock the Notifications