മുല്ലപ്പെരിയാറില്‍ വീണ്ടും ഇടഞ്ഞ് തമിഴ്‌നാട്; ഉപസമിതി പരിശോധന ബഹിഷ്‌കരിച്ചു
കുമളി: മുല്ലപ്പെരിയാറില്‍ വീണ്ടും ഇടഞ്ഞ് തമിഴ്‌നാട്. ഇന്നലെ അണക്കെട്ടില്‍ നടന്ന അഞ്ചംഗ ഉപസമിതി സന്ദര്‍ശനം തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ ബഹിഷ്‌കരിച്ചു. ഉപസമിതി ചെയര്‍മാനൊപ്പം അണക്കെട്ടിലെത്തിയ തമിഴ്‌നാടിന്റെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സാം ഇര്‍വിന്‍, അസിസ്റ്റന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കുമാര്‍ എന്നിവരാണ് അണക്കെട്ടിലെ പരിശോധനകളില്‍ നിന്ന് വിട്ടു നിന്നത്.
ഇരുവരും പരിശോധനകളിലൊന്നും സഹകരിക്കാതെ അണക്കെട്ടിലെ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ തന്നെ ഇരിക്കുകയായിരുന്നു. കേന്ദ്ര ജലവിഭവ വകുപ്പിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറും ഉപസമിതി ചെയര്‍മാനുമായ സതീഷിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ലവിന്‍സ് ബാബു, അസിസ്റ്റന്റ് എഞ്ചിനീയര്‍ അരുണ്‍ എന്നിവരായിരുന്നു കേരളത്തിന്റെ പ്രതിനിധികള്‍.

ഇവര്‍ മാത്രമാണ് അണക്കെട്ടില്‍ പരിശോധനകള്‍ നടത്തിയത്. അണക്കെട്ടിന്റെ ഗാലറി തുറന്ന് കൊടുക്കാനും തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഇത് കാരണം ഗാലറി വഴി ഒഴുകുന്ന സീപ്പേജ് ജലത്തിന്റെ അളവ് ശേഖരിച്ചുള്ള പരിശോധന്ക്കും സാധിച്ചില്ല. സ്പില്‍ വേയിലെ ഷട്ടറുകള്‍ ഉയര്‍ത്തിയും താഴ്ത്തിയുമുള്ള കാര്യക്ഷമതാ പരിശോധനയും ഇന്നലെ നടക്കേണ്ടതായിരുന്നു.
തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ നിസഹകരണം മൂലം ഇതും നടന്നില്ല. പ്രധാന അണക്കെട്ടിന് സമീപത്തെ ബേബി ഡാമില്‍ അറ്റകുറ്റപ്പണിക്ക് കേരളം അനുമതി നല്‍കിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ പരിശോധനകളില്‍ നിന്ന് വിട്ടുനിന്നത്. അണക്കെട്ടില്‍ വര്‍ഷം തോറും നടത്തുന്ന പെയിന്റിംഗ്, സ്പില്‍ വേ ഷട്ടറിന്റെ അറ്റകുറ്റപ്പണി എന്നീ ജോലികള്‍ക്കൊപ്പം ബേബി ഡാമിന്റെ അറ്റകുറ്റപ്പണി ഉള്‍പ്പെടെ 13 ജോലികള്‍ക്ക് തമിഴ്‌നാട് അനുമതി തേടിയിരുന്നു
എന്നാല്‍ ബേബി ഡാം അറ്റകുറ്റപ്പണി സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് ഉന്നതാധികാര സമിതിയും സര്‍ക്കാരുമാണ് എന്നായിരുന്നു കേരളത്തിന്റെ നിലപാട്. മറ്റ് അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കി നല്‍കാനും കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് തമിഴ്‌നാട് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് അറ്റകുറ്റപ്പണികള്‍ക്കുള്ള അനുമതി വൈകിയത്.
ഉപസമിതി സന്ദര്‍ശനത്തിന് ശേഷം യോഗം ചേര്‍ന്ന് പ്രശ്‌നത്തിന് പരിഹാരം കാണാം എന്ന നിര്‍ദേശം ചെയര്‍മാന്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെയാണ് തമിഴ്‌നാടിന്റെ നീക്കം. 120.55 അടിയാണ് അണക്കെട്ടിലെ ബുധനാഴ്ചത്തെ ജലനിരപ്പ്. ഇടവിട്ട് നേരിയ മഴ തുടരുന്നുണ്ടെങ്കിലും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നതിനേക്കാള്‍ അധികം വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.
ഇതാണ് ജലനിരപ്പ് കുറയാന്‍ കാരണം. ചൊവ്വ രാവിലെ ആറിന് ജലനിരപ്പ് 120.75 അടി ആയിരുന്നതാണ് ഇന്നലെ 0.20 അടി കുറഞ്ഞത്.












Click it and Unblock the Notifications