രണ്ട് ദിവസത്തിനിടെ 2 എംഎല്‍എയും 24 കൗണ്‍സിലര്‍മാരും ബിജെപിയില്‍!! അന്തംവിട്ട് മമത
കൊല്‍ക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കാല്‍ച്ചുവട്ടിലെ മണ്ണ് പോലും ഒലിച്ചുപോകുന്ന അവസ്ഥയിലാണ് ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞ ദിവസം മമതയെ ഞെട്ടിച്ച് 12 കൗണ്‍സിലര്‍മാരും ഒരു തൃണമൂല്‍ എംഎല്‍എയും ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. ഇരുട്ടി വെളുക്കും മുന്‍പ് തന്നെ മറ്റൊരു തൃണമൂല്‍ എംഎല്‍എയും 12 കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്! പൊടി തട്ടിയെടുത്ത് ബിജെപി,പല്ലും നഖവും ഉപയോഗിച്ചെതിർക്കാൻ പ്രതിപക്ഷം
പാര്‍ട്ടി നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞ് പോക്കില്‍ അന്തം വിട്ടിരിക്കുകയാണ് മമത ബാനര്‍ജി. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ആറ് എംഎല്‍എമാരാണ് ടിഎംസി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

ഇരുട്ടി വെളുക്കും മുന്‍പ്
കഴിഞ്ഞ ദിവസമാണ് ഗരുലിയ മുന്‍സിപ്പാലിറ്റിയില്‍ നിന്നുള്ള 12 കൗണ്‍സിലര്‍മാരും നോപാര മണ്ഡലത്തില്‍ തൃണമൂല്‍ എംഎല്‍എയുമായ സുനില്‍ സിങ്ങ് ബിജെപിയില്‍ ചേര്‍ന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം കാഴ്ച വെച്ച നോര്‍ത്ത് പരഗാന ജില്ലയില്‍ നിന്നുള്ള നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്.. ഗരുലിയ മുന്‍സിപ്പാലിറ്റിയിലെ ചെയര്മാന് കൂടിയാണ് സുനില്‍ സിങ്ങ്. അടുത്ത വര്‍ഷം ഗുരുലിയ മുന്‍സിപ്പാലിറ്റി, കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്പ്പറേഷന് ഉള്‍പ്പെടെയുള്ള 82 തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കേയാണ് മമതയേയും തൃണമൂലിനേയും മുള്‍മുനയില്‍ നിര്‍ത്തി സുനില്‍ സിങ്ങ് ബിജെപിയില്‍ എത്തിയത്.

വീണ്ടും 13 പേര്
ഇതിന്റെ ഞെട്ടലില്‍ നില്‍ക്കുമ്പോഴാണ് മമതയെ വീണ്ടും ഞെട്ടിച്ച് മറ്റൊരു എംഎല്‍എയും 12 കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. ബോന്‍ഗവോണ്‍ നോര്‍ത്തില്‍ നിന്നുള്ള എംഎല്‍എയായ ബിശ്വജിത്ത് ദാസ് ആണ് ബിജെപിയില്‍ എത്തിയത്. അദ്ദേഹത്തിനൊപ്പം ബോന്‍ഗവോണ്‍ മുന്‍സിപ്പാലിറ്റിയിലെ 12 കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നു. ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇതുവരെ ആറ് തൃണമൂല്‍ എംഎല്‍എമാരാണ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ എത്തിയിരിക്കുന്നത്.

ആറാമത്തെ എംഎല്‍എ
ലോക്സഭ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിന് പിന്നാലെ മെയ് 28 ന് മൂന്ന് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. മുന്‍ തൃണമൂല്‍ നേതാവും മമതയും അടുത്തയാളുമായിരുന്ന മുകുള്‍ റോയിയുടെ മകന് സുബ്രാംശു റോയിയും മറ്റൊരു എംഎല്‍എയായ തുഷാര്‍കാന്തി ഭട്ടാചാര്യ, സിപിഎം എംഎല്‍എയായ ദേബേന്ദ്ര നാഥ് റോയ് എന്നിവരാണ് ബിജെപിയിലേക്ക് എത്തിയത്. ഇവര്‍ക്ക് പിന്നാലെ മോനിറുള്‍ ഇസ്ലാമില്‍ നിന്നുള്ള മറ്റൊരു തൃണമൂല്‍ എംഎല്‍എയും തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.

സംസ്ഥാനം പിടിക്കാന്‍ ബിജെപി
ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ വലിയ മുന്നേറ്റമാണ് ബിജെപി സംസ്ഥാനത്ത് നേടിയത്. ഇതിന് പിന്നാലെയുള്ള ബിജെപിയുടെ സംസ്ഥാനത്തെ നീക്കങ്ങള്‍ മമത ബാനര്‍ജിയെ വിറളിപിടിപ്പിച്ചിട്ടുണ്ട്. ' ലോക്സഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള294 നിയമസഭ മണ്ഡലങ്ങളില്‍ 121 മണ്ഡലങ്ങളില്‍ ബിജെപിക്ക് മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്. ബിജെപിയുടെ പ്രതീക്ഷ ഉയര്‍ത്തുന്ന മുന്നേറ്റമാണിത്, മുന്‍ തൃണമൂല്‍ നേതാവും നിലവിലെ ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ മുകുള്‍ റോയ് പറഞ്ഞു. എംഎല്‍എ ബിശ്വജിത്തിനേയും കൗണ്‍സിലര്‍മാരേയും സ്വാഗതം ചെയ്യുന്നതായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ പറഞ്ഞു.

ലക്ഷ്യം 2021
ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കോണ്‍ഗ്രസ്, സിപിഎം, തൃണമൂല്‍ പാര്‍ട്ടികളില്‍ നിന്നായി നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. സംസ്ഥാനത്ത് വീണ്ടും നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ വിമത എംഎല്‍എമാരേയും നേതാക്കളേയും സ്വന്തം പാളയത്തില്‍ എത്തിക്കാനുള്ള കൊണ്ടു പിടിച്ച നീക്കങ്ങള്‍ ബിജെപി സജീവമാക്കിയിട്ടുണ്ട്. മമതയുമായി ഉടക്കി ബിജെപിയില്‍ എത്തിയ മുകുള്‍ റോയിയാണ് വിമതരെ ബിജെപിയില്‍ എത്തിക്കുന്നതിന് നേതൃത്വം നല്‍കുന്നത്. 2021 ലാണ് സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാന ഭരണം പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
2020 ല്‍ കൊല്‍ക്കത്ത മുന്‍സിപാലിറ്റി ഉള്‍പ്പെടെ 82 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങിളും തിരഞ്ഞെടുപ്പ് നടക്കും.

അന്തംവിട്ട് മമത
നേതാക്കളുടെ ചുവടുമാറ്റം ബിജെപി പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. അതേസമയം ഭരണം നിലനിര്‍ത്താനുള്ള പതിനെട്ടടവുമായി മമതയും തന്റെ നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ സഹായത്തോടെയാണ് മമത നിയമസഭ തിരഞ്ഞെടുപ്പ് നേരിടാന്‍ ഒരുങ്ങുന്നത്. വിമത സ്വരം ഉയര്‍ത്തുന്ന നേതാക്കളുമായി മമത ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍ ബിജെപിയെ തളയ്ക്കാനുള്ള ശ്രമങ്ങളില്ക്കിടെ സ്വന്തം പാളയത്തില്‍ നിന്നുള്ള കൂട്ടകൊഴിച്ചലില് അന്തംവിട്ടിരിക്കുകയാണ് മമത.
കോണ്‍ഗ്രസ് സഖ്യത്തിലെ 'വേദനകള്‍' വെളിപ്പെടുത്തി കുമാരസ്വാമി, പ്രതീക്ഷയോടെ ബിജെപി
ശബരിമലയ്ക്ക് ശേഷം പാഞ്ചാലിമേട്! മാർച്ച് പോലീസ് തടഞ്ഞു, നാമജപവുമായി കെപി ശശികലയും കൂട്ടരും