കർണാടകയില്‍ തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് ട്രക്കില്‍ ഇടിച്ചുകയറി: 2 കുട്ടികള്‍ ഉള്‍പ്പെടെ 13 മരണം
ബെംഗളൂരു: കർണാടകയില്‍ വാഹനാപകടത്തില്‍ 13 മരണം. നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറുകയായിരുന്നു. പൂനെ-ബാംഗ്ലൂർ ഹൈവേയിൽ ഹാവേരിയിലെ ഗുണ്ടഹനഹള്ളി ക്രോസില്‍ ഇന്ന് പുലർച്ചെ 4.30 ഓടെയാണ് അപകടമുണ്ടായത്. നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറുകയായിരുന്നു. 11 പേർ സംഭവസ്ഥലത്തും രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലുമാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ നാലുപേർ ചികിത്സയിലുമാണ്.

17 അംഗ തീർത്ഥാടക സംഘമായിരുന്നു ബസ്സിലുണ്ടായിരുന്നത്. ശിവമോഗ സ്വദേശികളായ ഇവർ തീർത്ഥാടനത്തിനായി ബെലഗാവി ജില്ലയിലേക്ക് പോയി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. 9 സ്ത്രീകള്‍, 2 കുട്ടികള്‍, 2 പുരുഷന്മാർ എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്നവരുടെ പക്കലില്‍ നിന്നും ലഭിച്ച വിവിധ ക്ഷേത്രങ്ങളിലെ വഴിപാട് രസീതുകളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഹോട്ടലില്‍ താമസിച്ചതിന്റെ രേഖകളും ഉണ്ടായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു. അപകടകാരണം അറിവായിട്ടില്ലെങ്കിലും മിനിബസിൻ്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications