ഭരണഘടനാ ദിന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് 14 പ്രതിപക്ഷ പാര്‍ട്ടികള്‍, ഒറ്റക്കെട്ടായി നേരിടും
ദില്ലി: ഭരണഘടനാ ദിനത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ ബഹിഷ്‌കരിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. 14 പ്രതിപക്ഷ പാര്‍ട്ടികളാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുക. ഈ വിഷയത്തില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസ് ഒരുമിച്ച് കൈകോര്‍ക്കുകയും ചെയ്തു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലാണ് ചടങ്ങുകള്‍ നടക്കുന്നത്. മോദി സര്‍ക്കാര്‍ ഭരണഘടനയെ തന്നെ ബഹുമാനിക്കാത്തവരാണെന്ന് കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോര്‍ പറഞ്ഞു. അതേസമയം ഒറ്റക്കെട്ടായി കേന്ദ്രത്തെ നേരിടാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ശൈത്യകാല സമ്മേളത്തില്‍ ഈ 14 പാര്‍ട്ടികളും ഒറ്റക്കെട്ടായി നിന്ന് സര്‍ക്കാരിനെ നേരിടുമെന്ന് മല്ലികാര്‍ജുന്‍ ഗാര്‍ഗെ വ്യക്തമാക്കി.

അതേസമയം കാര്‍ഷിക നിയമം പിന്‍വലിച്ചതിന് ശേഷം മോദി സര്‍ക്കാരിനെ ഒറ്റക്കെട്ടായി നേരിടാനാവുമെന്ന ആത്മവിശ്വാസം പ്രതിപക്ഷ പാര്‍ട്ടികളില്‍ വന്നിട്ടുണ്ട്. അതാണ് പ്രതിപക്ഷം ശൈത്യകാല സമ്മേളനത്തില്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങാന്‍ കാരണം. തൃണമൂലും ഭരണഘടനാ ദിന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണെന്നും മുതിര്‍ന്ന ടിഎംസി നേതാവ് പറഞ്ഞു. ശിവസേന, എന്‍സിപി, ഡിഎംകെ, ആര്‍ജെഡി, ഇടതുപക്ഷ പാര്‍ട്ടികള്‍, എന്നിവരും ശൈത്യകാല സമ്മേളനത്തിന്റെ സുപ്രധാന ദിവസം നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ല. പ്രതിപക്ഷത്തിന്റെ നിര്‍ണായക ചുവടുവെപ്പ് കൂടിയാണിത്.
അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ട് ശക്തമായ മുന്നേറ്റമാണ് പ്രതിപക്ഷം പ്ലാന്‍ ചെയ്യുന്നത്. മോദി സര്‍ക്കാരിന് ആശങ്കപ്പെടാനുള്ള കാര്യങ്ങള്‍ ഇതിലുണ്ടെന്ന് വ്യക്തമാണ്. ഭരണഘടനയെ പോലും ബഹുമാനിക്കാത്തവരാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. ഭരണഘടന പ്രകാരമല്ല അവര്‍ ഭരിക്കുന്നതെന്നും മാണിക്കം ടാഗോര്‍ പറഞ്ഞു. ഇതൊന്നും പിന്തുടരാത്ത മോദി സര്‍ക്കാരിന് പക്ഷേ ഭരണഘടനാ ദിനം ആചരിക്കണം. ഇത് ശരിക്കും പിആര്‍ പരിപാടിയാണ്. 2019ല്‍ അവര്‍ ആരംഭിച്ച പരിപാടിയാണെന്നും, വെറും പബ്ലിസിറ്റി മാത്രമാണ് ഇതുകൊണ്ടുള്ളതെന്നും മാണിക്കം ടാഗോര്‍ കുറ്റപ്പെടുത്തി.
ബിജെപി പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഭരണഘടനാ ദിന ആഘോഷങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കം ഭരണഘടനയെ അപമാനിക്കലാണെന്ന് കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ പറഞ്ഞു. നെഹ്‌റു കുടുംബത്തിലെ നേതാക്കളെ മാത്രമാണ് അവര്‍ ബഹുമാനിക്കുന്നത്. ബിആര്‍ അംബേദ്കര്‍ അടക്കമുള്ള മറ്റൊരു നേതാക്കളെയും അവര്‍ അംഗീകരിക്കുന്നില്ലെന്ന് അര്‍ജുന്‍ റാം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ലോക്‌സബാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ ചടങ്ങിനെത്തും. അതേസമയം മോദി സര്‍ക്കാരിന് ശൈത്യകാല സമ്മേളനം വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. പ്രതിപക്ഷത്തിന്റെ വര്‍ധിത വീര്യം എങ്ങനെ സര്‍ക്കാര്‍ നേരിടുമെന്നതും കണ്ടറിയേതാണ്.












Click it and Unblock the Notifications