'ഇന്ത്യ' സഖ്യത്തിലെ 20 എംപിമാർ മണിപ്പൂരിലേക്ക്, സ്ഥിതിഗതികൾ വിലയിരുത്തും
ഡല്‍ഹി: 'ഇന്ത്യ' സംഘത്തിലെ എംപിമാരുടെ സംഘം ശനിയാഴ്ച കലാപകലുഷിതമായ മണിപ്പൂര്‍ സന്ദര്‍ശിക്കും. 20 പ്രതിപക്ഷ അംഗങ്ങളാണ് മണിപ്പൂരിലേക്ക് പോകുന്നത്. എംപിമാര്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം കേന്ദ്ര സര്‍ക്കാരിനും പാര്‍ലമെന്റിനും മുന്നില്‍ പ്രശ്‌നപരിഹാരത്തിനായുളള നിര്‍ദേശങ്ങള്‍ വെയ്ക്കും.
കോണ്‍ഗ്രസ് എംപിമാരായ അധിര്‍ രഞ്ജന്‍ ചൗധരി, ഗൗരവ് ഗൊഗോയ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഷ്മിത ദേവ്, ജെഎംഎം എംപി മഹ്വ മജി, ഡിഎംകെ എംപിയായ കനിമൊഴി, എന്‍സിപിയുടെ എംപി മുഹമ്മദ് ഫൈസല്‍, ആര്‍എല്‍ഡിയുടെ ജയന്ത് ചൗധരി, ആര്‍ജെഡിയുടെ മനോജ് കുമാര്‍ ഝാ, ആര്‍എസ്പി എംപി എന്‍കെ പ്രേമചന്ദ്രന്‍, വിസികെയുടെ ടി തിരുമവാളന്‍ എന്നിവര്‍ സംഘത്തിലുണ്ടാവും.

ജെഡിയു തലവന്‍ രാജീവ് രഞ്ജന്‍ സിംഗ്, ജെഡിയുവിലെ തന്നെ അനീല്‍ പ്രസാദ് ഹെഗ്‌ഡെ, സിപിഐയുടെ സന്തോഷ് കുമാര്‍, സിപിഎമ്മിലെ എഎ റഹീം, സമാജ്വാദി പാര്‍ട്ടിയിലെ ജാവേദ് അലി ഖാന്‍, മുസ്ലീം ലീഗ് എംപി ഇടി മുഹമ്മദ് ബഷീര്‍, ആം ആദ്മി പാര്‍ട്ടിയിലെ സുശീല്‍ ഗുപ്ത, ശിവ്‌സേന-ഉദ്ധവ് താക്കറെ വിഭാഗത്തിലെ അരവിന്ദ് സാവന്ദ്, ഡിഎംകെയിലെ ഡി രവികുമാര്‍, കോണ്‍ഗ്രസിലെ ഫൂലോ ദേവി നേതം എന്നിവരും മണിപ്പൂരിലേക്കുളള എംപിമാരുടെ സംഘത്തിലുണ്ട്.
മണിപ്പൂര്‍ കലാപത്തെ കുറിച്ച് വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് ആവശ്യപ്പെട്ടു. ''മണിപ്പൂരില്‍ ഒരു പ്രശ്‌നവും ഇല്ലെന്ന ചിത്രം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ മണിപ്പൂരില്‍ അക്രമം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് സുപ്രീം കോടതി മുന്‍ ജഡ്ജിന്റെ നേതൃത്വത്തില്‍ അന്വേഷണം വേണമന്ന് തങ്ങള്‍ ആവശ്യപ്പെടുന്നത്. മണിപ്പൂരില്‍ സര്‍ക്കാരിന്റെ വീഴ്ചയും ആളുകള്‍ക്ക് ഇത്രത്തോളം ആയുധങ്ങള്‍ എങ്ങനെ ലഭിച്ചു എന്നതും ഭരണകൂടം എന്താണ് ചെയ്തുകൊണ്ടിരുന്നത് എന്നും അന്വേഷണിക്കണം'', ഗൊഗോയ് പറഞ്ഞു.












Click it and Unblock the Notifications