25 കോൺഗ്രസ് എംഎൽഎമാർ ആം ആദ്മിയിൽ ചേരാൻ തയ്യാർ; പഞ്ചാബിൽ പുതിയ വെടിപൊട്ടിച്ച് അരവിന്ദ് കെജരിവാൾ
ചണ്ഡീഗഡ്; 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു പഞ്ചാബിൽ ആം ആദ്മി കാഴ്ച വെച്ചത്. 21 എംഎൽഎമാരെയാണ് പാർട്ടിക്ക് ലഭിച്ചത്. ഇക്കുറി എന്തുവിലകൊടുത്തും സംസ്ഥാന ഭരണം പിടിച്ചെടുക്കുകയാണ് ആം ആദ്മിയുടെ ലക്ഷ്യം. പുറത്തുവന്ന പല അഭിപ്രായ സർവ്വേകളിലും പഞ്ചാബിൽ ആം ആദ്മി മുന്നേറ്റം ഉണ്ടാക്കുമെന്ന പ്രവചനവും ഉണ്ട്.
അതേസമയം പാർട്ടി എംഎൽഎമാരുടെ കൊഴിഞ്ഞ് പോക്കാണ് നേതൃത്വത്തിന് ഇപ്പോൾ ആശങ്ക തീർക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അഞ്ചോളം പേർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു. ഏറ്റവും ഒടുവിലായി ഒരു വനിതാ എംഎൽഎ കൂടി കഴിഞ്ഞ ദിവസം ആം ആദ്മി വിട്ടിരുന്നു. ഇവർ പിന്നീട് കോൺഗ്രസിൽ ചേരുകയും ചെയ്തു. നിരവധി ആം ആദ്മി എംഎൽഎമാർ ഉടൻ പാർട്ടി വിട്ട് തങ്ങൾക്കൊപ്പം എത്തുമെന്ന് കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നുണ്ട്. എന്നാൽ 25 കോൺഗ്രസ് എംഎൽഎമാർ കോൺഗ്രസ് വിട്ട് തങ്ങൾക്കൊപ്പം വരാൻ തയ്യാറായി നിൽക്കുന്നുണ്ടെന്നാണ് ഇപ്പോൾ ആം ആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ അവകാശപെടുന്നത്. വിശദാംശങ്ങളിലേക്ക്

തിങ്കളാഴ്ച സംസ്ഥാന സന്ദർശത്തിനിടെ എ എ പി എം എൽ എമാരുടെ കൊഴിഞ്ഞ് പോക്ക് സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് കെജരിവാളിന്റെ പ്രതികരണം. സംസ്ഥാനത്തെ 25 ഓളം കോൺഗ്രസ് എം എൽ എമാരും മൂന്ന് എം പി മാരും ആം ആദ്മിയിലേക്ക് വരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ മാലിന്യങ്ങൾ തങ്ങൾ സ്വീകരിക്കുന്നില്ല,കെജരിവാൾ പറഞ്ഞു. അതേസമയം പി സി സി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനെ കെജരിവാൾ വാനോളം പുകഴ്ത്തി.

സിദ്ദുവിന്റെ ശബ്ദം അടിച്ചമർത്താൻ കോൺഗ്രസ് ശ്രമിക്കുകയാണെന്ന് കെജരിവാൾ പറഞ്ഞു. സിദ്ദുവിന്റെ ധീരതയെ ഞാൻ അഭിനന്ദിക്കുന്നു,5 രൂപയ്ക്ക് ഒരു ക്യുബിക് അടി മണൽ പൊതുജനങ്ങൾക്ക് വിൽക്കുന്നുവെന്ന് സംസ്ഥാന മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി അവകാശപ്പെട്ടപ്പോൾ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അപ്പോൾ തന്നെ അത് തിരുത്തി. ഇപ്പോഴും 20 രൂപയ്ക്കാണ് മണൽ വിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊതുതാൽപ്പര്യമുള്ള വിഷയങ്ങൾ സിദ്ദു എപ്പോഴും ഉന്നയിക്കാറുണ്ട്, എന്നാൽ നേരത്തെ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് അദ്ദേഹത്തെ അടിച്ചമർത്തി. ഇപ്പോൾ ചന്നിയും സിദ്ദുവിനെ അടിച്ചമർത്തുന്നു, കെജരിവാൾ പറഞ്ഞു.

അതിനിടെ മുഖ്യമന്ത്രി ചന്നിക്കെതിരെ കെജരിവാൾ രൂക്ഷവിമർശനം ഉന്നയിച്ചു. സൗജന്യ വൈദ്യുതി നൽകുമെന്നോ മൊഹല്ല ക്ലിനിക്കുകൾ നിർമിക്കുമെന്നോ തുടങ്ങി അധികാരത്തിലേറുമ്പോൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും അദ്ദേഹം ഇതുവരെ പാലിച്ചിട്ടില്ല. ഖജനാവ് കാലിയാണെന്ന കോൺഗ്രസ് വാദത്തിനെതിരേയും കെജരിവാൾ രംഗത്തെത്തി. അഞ്ച് വർഷം കൊണ്ട് കോൺഗ്രസ് ഖജനാവ് കൊള്ളയിച്ചു. അതിന് മുൻപ് ശിരോമണി-അകാലിദൾ സർക്കാരും അത് തന്നെയാണ് ചെയ്തതെന്നും കെജരിവാൾ ആരോപിച്ചു.

അതേസമയം ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാകുമെന്ന ചോദ്യത്തിന് കെജരിവാൾ ഉത്തരം നൽകിയില്ല.മറിച്ച് ഭരിക്കുന്ന പാർട്ടിയായ കോൺഗ്രസ് പോലും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലല്ലോയെന്ന് കെജരിവാൾ ചോദിച്ചു. ആര് മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് പറഞ്ഞിട്ടുണ്ടോ?ചരൺ ജിത്ത് സിംഗ് ചന്നിയെ അടുത്ത മുഖ്യമന്ത്രിയായി കോൺഗ്രസ് ഉയർത്തിക്കാട്ടുമോ? അതോ നവജ്യോത് സിംഗ് സിദ്ധുവായിരിക്കുമോ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി? നിയസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ പോലും ബി ജെ പിയോ കോൺഗ്രസോ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെന്നും കെജരിവാൾ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് നേരാടിനൊരുങ്ങുന്ന നേതൃത്വത്തിന്റെ നടപടിക്കെതിരെ പാർട്ടിയിൽ കടുത്ത അമർഷം ഉയരുന്നുണ്ട്. ഉടൻ തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്ന് നേരത്തേ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഭാഗാവന്ത് മാൻ പരസ്യമായി ആവശ്യം ഉയർത്തിയിരുന്നു. നിലവിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്ന പേരുകളിൽ ഒന്ന് ഭാഗവന്തിന്റേതാണ്.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ ശക്തമായ പോരാട്ടത്തിനാകും പഞ്ചാബ് വേദിയാകുക എന്ന കാര്യത്തിൽ തർക്കമില്ല. ഭരണം നിലനിർത്താൻ പതിനെട്ടടവും പയറ്റുകയാണ് കോൺഗ്രസ്. മുൻ മുഖ്യമന്ത്രി അമരീന്ദറിന്റെ പടിയിറക്കത്തിന് ശേഷം ചരൺ ജിത്ത് സിംഗ് ചന്നിയെന്ന ദളിത് നേതാവിനെ മുഖ്യമന്ത്രിയാക്കിയത് സംസ്ഥാത്തെ 40 ശതമാനത്തോളം വരുന്ന ദളിത് വോട്ടുകൾ ലക്ഷ്യം വെച്ചാണ്.എന്നാൽ അമരീന്ദറിന്റെ പുറത്ത് പോക്കിന് ശേഷം പാർട്ടിയിൽ ആഭ്യന്തര തർക്കങ്ങൾ നിലനിൽക്കുന്നത് നേതൃത്വത്തിന് ആശങ്ക തീർക്കുന്നുണ്ട്. മുഖ്യമന്ത്രിയായി ആരെ ഉയർത്തിക്കാട്ടുമെന്നുള്ള ചോദ്യങ്ങളും കോൺഗ്രസിൽ ശക്തമായിട്ടുണ്ട്. ചന്നിയെ ഉയർത്തിക്കാട്ടിയാൽ സിദ്ദു ഇടയുമെന്ന കാര്യത്തിൽ തർക്കമില്ല. മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടാണ് അമരീന്ദറിനെതിരെ സിദ്ദു പട നയിച്ചത് തന്നെ. അമരീന്ദറിന്റെ പുറത്ത് പോകലിന് പിന്നാലെ സിദ്ദുവിനെ മുഖ്യമന്ത്രിയാക്കിയേക്കുമെന്നുള്ള ചർച്ചകൾ പാർട്ടിയിൽ ഉണ്ടായിരുന്നുവെങ്കിലും അപ്രതീക്ഷിതമായിട്ടായിരുന്നു ചന്നിയെ കോൺഗ്രസ് ഹൈക്കമാന്റ് ഇടപെട്ട് നിയമിച്ചത്.

അതിനിടെ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബി ജെ പിയുടെ തിരുമാനം പഞ്ചാബ് രാഷ്ട്രീയത്തിൽ വലിയ അട്ടിമറികൾ ഉണ്ടാക്കുമെന്ന വിലയിരുത്തലുകൾ ഉണ്ട്. കോൺഗ്രസിൽ നിന്നും പുറത്ത് വന്ന് പുതിയ പാർട്ടി പ്രഖ്യാപിച്ച അമരീന്ദർ സിംഗിന് ബി ജെ പിയുമായി സഖ്യത്തിലെത്താനുള്ള ഏക തടസം കാർഷിക നിയമങ്ങളായിരുന്നു. നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ നിലനിന്ന സംസ്ഥാനത്ത് ബി ജെ പിയുമായി സഖ്യത്തിലെത്തിയാൽ അത് തിരിച്ചടിയാകുമെന്ന് അമരീന്ദറിന് അറിയാം. എന്നാൽ നിയമം പിൻവലിക്കപ്പെട്ടതോടെ അമരീന്ദർ ബി ജെ പിയുമായി സഖ്യത്തിൽ തന്നെ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് വ്യക്തമാണ്. നിലവിൽ സംസ്ഥാനത്ത് ശക്തമായ സ്വാധീനം ബി ജെ പിക്കില്ല. അമരീന്ദറിന്റെ പിന്തുണ ലഭിച്ചാൽ ഭരണം എളുപ്പമാകുമെന്ന് നേതൃത്വം കണക്ക് കൂട്ടുന്നുണ്ട്. അതസമയം നിയമത്തിൽ പ്രതിഷേധിച്ച് എൻ ഡി എ സഖ്യം അവസാനിപ്പിച്ച ശിരോമണി അകാലദൾ നിയമം പിൻവലിച്ചെങ്കിലും ഇനി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തവണ ബി എസ് പിയുമായി സഖ്യത്തിലാണ് ശിരോമണി അകാലദിൾ മത്സരിക്കുന്നത്.












Click it and Unblock the Notifications