11 ദിവസം കൊണ്ട് രാമക്ഷേത്രത്തില്‍ എത്തിയത് 25 ലക്ഷം പേര്‍..! സംഭാവനയായി ലഭിച്ച തുക ഇത്ര!
അയോധ്യ: ജനുവരി 22 ലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് മുതല്‍ 11 ദിവസത്തിനുള്ളില്‍ ക്ഷേത്രം സന്ദര്‍ശിച്ചത് 25 ലക്ഷത്തോളം ഭക്തരെന്ന് റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ ക്ഷേത്രത്തിന് ലഭിച്ച വഴിപാടുകളുടെയും സംഭാവനകളുടെയും മൂല്യം 11 കോടി കവിഞ്ഞു. രാമജന്മഭൂമി തീര്‍ത്ഥക്ഷേത്രയുടെ കണക്ക് അനുസരിച്ച് കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ഭണ്ഡാരങ്ങളില്‍ ഏകദേശം 8 കോടി രൂപ നിക്ഷേപിക്കപ്പെട്ടു.
കൂടാതെ ഏകദേശം 3.50 കോടി രൂപ ഓണ്‍ലൈനായി ലഭിച്ചു. ശ്രീകോവിലിനു മുന്നിലെ ദര്‍ശന പാതയ്ക്ക് സമീപം വലിയ വലിപ്പത്തിലുള്ള നാല് ഭണ്ഡാരങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. ഇത് കൂടാതെ പത്ത് കമ്പ്യൂട്ടറൈസ്ഡ് കൗണ്ടറുകളിലും ആളുകള്‍ സംഭാവന നല്‍കുന്നു. ക്ഷേത്ര ട്രസ്റ്റ് ജീവനക്കാരെയാണ് ഈ സംഭാവന കൗണ്ടറുകളില്‍ നിയമിക്കുന്നത്. വൈകുന്നേരം കൗണ്ടര്‍ അടച്ചതിന് ശേഷമാണ് ട്രസ്റ്റ് ഓഫീസില്‍ നിന്ന് ലഭിച്ച സംഭാവനയുടെ കണക്ക് സമര്‍പ്പിക്കുന്നത്.

11 ബാങ്ക് ജീവനക്കാരും മൂന്ന് ക്ഷേത്ര ട്രസ്റ്റ് ജീവനക്കാരും ഉള്‍പ്പെടുന്ന 14 ജീവനക്കാരുടെ സംഘമാണ് വഴിപാട് എണ്ണുന്നത്. സംഭാവന തുക നിക്ഷേപിക്കുന്നത് മുതല്‍ എണ്ണുന്നത് വരെ സിസിടിവി ക്യാമറ നിരീക്ഷണത്തിലാണ് നടക്കുന്നതെന്ന് രാമക്ഷേത്ര ട്രസ്റ്റിന്റെ ഓഫീസ് ഇന്‍ചാര്‍ജ് പ്രകാശ് ഗുപ്ത പറഞ്ഞു. രാം ലല്ലയെ ദര്‍ശിക്കാന്‍ ദിവസവും രണ്ട് ലക്ഷത്തില്‍ അധികം ഭക്തരാണ് രാമക്ഷേത്രത്തിലെത്തുന്നതെന്ന് ഗുപ്ത പറഞ്ഞു.
392 തൂണുകളും 44 വാതിലുകളും അടക്കം പരമ്പരാഗത നാഗര ശൈലിയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. അഞ്ച് വയസുള്ള ശ്രീരാമന്റെ വിഗ്രഹമാണ് ശ്രീകോവിലില്‍ സ്ഥാപിച്ചിരിക്കുന്നത്. രാമക്ഷേത്രത്തിന് 380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവും ആണ് ഉള്ളത്. 32 പടികള്‍ കയറി ചെന്നാല്‍ ക്ഷേത്രത്തിലെത്താം. അതേസമയം തിരക്ക് കണക്കിലെടുത്ത് ദര്‍ശനത്തിനായി പ്രത്യേക സമയ സ്ലോട്ടുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
ഇതിന് രാവിലെയും വൈകുന്നേരവും 'ആരതി'യും ഉണ്ടായിരിക്കും. 2024 ഡിസംബര്‍ മാസത്തോടെ മാത്രമെ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാകൂ എന്നാണ് വിലയിരുത്തല്‍. ജനുവരി 22 ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നേതൃത്വം നല്‍കിയത്. മൈസൂരുവില്‍ നിന്നുള്ള ശില്‍പിയായ അരുണ്‍ യോഗിരാജ് രൂപകല്‍പന ചെയ്ത 51 ഇഞ്ച് ഉയരമുള്ള വിഗ്രഹമാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ ആര്‍ എസ് എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത്, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ എന്നിവരും പ്രാണ പ്രതിഷ്ഠയില്‍ നേരിട്ട് പങ്കെടുത്തിരുന്നു.












Click it and Unblock the Notifications