'സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33ശതമാനം സംവരണം'; മിസോറാമിൽ പ്രകടന പത്രിക പുറത്തിറക്കി ബിജെപി
ഐസ്വാൾ; വമ്പൻ വാഗ്ദാനങ്ങളുമായി മിസോറാമിൽ പ്രകടന പത്രിക പുറത്തിറക്കി ബി ജെ പി. സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം, സ്പോർട്സ് അക്കാദമി, ലഹരിരഹിത മിസോറാം തുടങ്ങിയ പ്രഖ്യാപനങ്ങളാണ് പ്രകടനപത്രികയിൽ ഉള്ളത്. ഐസ്വാളിലെ പാര്‍ട്ടി ഓഫീസില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
ആയുഷ്മാൻ ഭാരതിന് കീഴിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം രൂപയായി ഉയർത്തുമെന്നും മിസോറാമിലെ മുൻനിര കായിക സംസ്ഥാനമായി ഉയർത്തുന്നതിനായി മിസോറാം ഒളിമ്പിക് മിഷൻ പ്രഖ്യാപിക്കുമെന്നും ജെപി നദ്ദ പറഞ്ഞു. യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം കുറയ്ക്കുന്നതിനായി 'ലഹരിരഹിത മിസോറം' പ്രവർത്തനങ്ങൾക്ക് തുടക്കമിടും. സർക്കാർ സ്കൂളുകളുടെയും കോളേജുകളുടെയും ഗുണനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ പ്രത്യേക പദ്ധതികൾ നടപ്പാക്കുമെന്നും ഇതിനായി യഥാക്രമം 250, 350 കോടി രൂപ അനുവദിക്കുമെന്നും നഡ്ഡ പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ അഴിമതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. ദീർഘകാലമായി നിലനിൽക്കുന്ന അതിർത്തി തർക്കം പരിഹരിക്കാനും താൽപ്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാനും കേന്ദ്ര സർക്കാരുമായും അസം സർക്കാരുമായും സഹകരിക്കും. സോറാം മെഡിക്കൽ കോളേജിനെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (റിംസ്) ആക്കി മാറ്റുന്നതിന് കേന്ദ്ര സർക്കാരുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്വീൻ റൊപുലിയാനി വനിതാ ശാക്തീകരണ പദ്ധതി അവതരിപ്പിക്കുമെന്നും അതിലൂടെ ഓരോ പെൺകുട്ടികൾക്കും ഒന്നരലക്ഷം രൂപ ധനസഹായം നൽകുമെന്നും നദ്ദ പറഞ്ഞു. സർക്കാർ ജോലികളിൽ സ്ത്രീകൾക്കായി 33 ശതമാനം ഏർപ്പെടുത്തും. ആരോഗ്യ ഇൻഷുറൻസ് ഉയർത്തുന്നതിനോടൊപ്പം തന്നെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം കർഷകർക്കുള്ള വാർഷിക ധനസഹായം 6,000 രൂപയിൽ നിന്ന് 8,000 രൂപയായി ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നവംബർ 7 നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക.സംസ്ഥാനത്ത് 1984 മുതല്‍ കോണ്‍ഗ്രസും മിസോ നാഷനല്‍ ഫ്രണ്ടും നേര്‍ക്കുനേര്‍ ആയിരുന്നു പോരാട്ടം. കഴിഞ്ഞ തവണ ആദ്യമായി സംസ്ഥാനത്ത് ബി ജെ പി അക്കൗണ്ട് തുറന്നു. ഭരണം മാറുന്ന പതിവ് തെറ്റിച്ച് ഇത്തവണയും മിസോ നാഷനല്‍ ഫ്രണ്ട് ഭരണം നിലനിർത്തുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.












Click it and Unblock the Notifications