സിനിമ പ്രകാരം കൊല്ലപ്പെട്ടത് 4000 പണ്ഡിറ്റുകള്‍, ഔദ്യോഗിക രേഖകളില്‍ 219; കശ്മീര്‍ ഫയല്‍സിലെ പിഴവുകള്‍ പുറത്ത്
ന്യൂദല്‍ഹി: കശ്മീര്‍ പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയുള്ള ബോളിവുഡ് സിനിമ കശ്മീര്‍ ഫയല്‍സിലെ വസ്തുതകളിലെ പിഴവ് പുറത്ത്. കശ്മീര്‍ പണ്ഡിറ്റുകളുടെ ദുരിത ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന സിനിമയാണ് ദി കാശ്മീര്‍ ഫയല്‍സ് എന്നാണ് അണിയറ പ്രവര്‍ത്തകരും സംഘപരിവാറും അവകാശപ്പെടുന്നത്. എന്നാല്‍ ചിത്രത്തില്‍ 4,000ത്തോളം കശ്മീരി പണ്ഡിറ്റുകള്‍ കൊല്ലപ്പെട്ടു എന്ന് പറയുന്നത് വസ്തുതാപരമായി ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നാണ് രേഖകളുടെ അടിസ്ഥാനത്തില്‍ ടൈംസ് ഓഫ് ഇന്ത്യ, സ്‌ക്രോള്‍ തുടങ്ങിയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
പണ്ഡിറ്റുകളുടെ പലായനത്തില്‍ 4,000ത്തോളം കശ്മീരി പണ്ഡിറ്റുകള്‍ കൊല്ലപ്പെട്ടു എന്നാണ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി സിനിമയില്‍ പറഞ്ഞുവെച്ചിരിക്കുന്നത്. എന്നാല്‍ ഈ കണക്കുകള്‍ തെറ്റാണെന്നാണ് ആര്‍ എസ് എസ് പബ്ലിക്കേഷന്റെ തന്നെ 1991 ലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 600 പേര്‍ മരിച്ചു എന്നാണ് ആര്‍ എസ് എസ് പബ്ലിക്കേഷന്‍ അന്ന് പറഞ്ഞിരുന്നത്. അതേസമയം തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 219 കശ്മീരി പണ്ഡിറ്റുകള്‍ മരിച്ചെന്നാണ് പറയുന്നത്.

കശ്മീരി പണ്ഡിറ്റ് സംഘര്‍ഷ് സമിതിയുടെ കണക്കില്‍ 650 പണ്ഡിറ്റുകള്‍ മരിച്ചെന്നാണ് പറയുന്നത്. ഈ വിരോധാഭാസമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തീവ്രവാദ കാലത്ത് കശ്മീരി പണ്ഡിറ്റുകള്‍ക്ക് സംഭവിച്ചത് ഒരു 'വംശഹത്യ'യാണെന്ന് സിനിമ ശക്തമായി വാദിക്കുന്നു. 4,000 കശ്മീരി പണ്ഡിറ്റുകള്‍ കൊല്ലപ്പെട്ടതിനൊപ്പം അഞ്ച് ലക്ഷം പേര്‍ പലായനം ചെയ്യുകയും ചെയ്തുവെന്നാണ് സിനിമ പറയുന്നത്. എന്നാല്‍ അനൗദ്യോഗിക വൃത്തങ്ങള്‍ പോലും ഇത്രയും ഉയര്‍ന്ന മരണസംഖ്യയും അവകാശപ്പെടുന്നില്ല എന്നാണ് സ്‌ക്രോള്‍ പറയുന്നത്. ഒരു പ്രത്യേക പണ്ഡിറ്റ് മാതൃഭൂമി ആവശ്യപ്പെടുന്ന ജമ്മു ആസ്ഥാനമായുള്ള വലതുപക്ഷ സംഘടനയായ പനൂന്‍ കശ്മീര്‍ 1,341 പേര്‍ കൊല്ലപ്പെട്ടെന്നാണ് പറയുന്നത്.

1990 - ല്‍ താഴ്വരയില്‍ 160,000-170,000 കാശ്മീരി പണ്ഡിറ്റുകള്‍ ഉണ്ടായിരുന്നു, അവരില്‍ ഭൂരിഭാഗവും അക്രമത്തില്‍ പലായനം ചെയ്തതായി ഗവേഷകനായ അലക്സാണ്ടര്‍ ഇവാന്‍സ് അഭിപ്രായപ്പെടുന്നു. ജമ്മു കശ്മീര്‍ ഗവണ്‍മെന്റിന്റെ വെബ്സൈറ്റില്‍ പറയുന്നത് അക്രമത്തിനിടെ 60,000 കാശ്മീരി ഹിന്ദു കുടുംബങ്ങള്‍ താഴ്വരയില്‍ നിന്ന് കുടിയേറി എന്നാണ്. ഇതും സിനിമ പറയുന്നത് പോലെ അഞ്ച് ലക്ഷവുമായി പൊരുത്തപ്പെടുന്ന കണക്കല്ല. തീവ്രവാദികളെ മാത്രമല്ല, എല്ലാ കശ്മീരി മുസ്ലീങ്ങളെയും പണ്ഡിറ്റുകള്‍ക്കെതിരായ പീഡനത്തില്‍ കൂട്ടത്തോടെ കൂട്ടുനിന്ന ശത്രുക്കളായി ചിത്രീകരിക്കാന്‍ മനഃപൂര്‍വ്വം കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുകയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

2003 ല്‍ അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാരിന് കീഴിലാണ് 24 കശ്മീരി പണ്ഡിറ്റുകളെ വെടിവച്ചു കൊന്ന നദിമാര്‍ഗ് കൂട്ടക്കൊല നടന്നത്. എന്നാല്‍ സിനിമയില്‍ ഇത് 1990 - കളുടെ തുടക്കത്തില്‍ രാജീവ് ഗാന്ധി ഭരിക്കുന്ന കാലത്താണെന്ന് വരുത്തി തീര്‍ക്കാന്‍ സിനിമ ശ്രമിക്കുന്നു എന്നും വിമര്‍ശനമുണ്ട്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മത വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് വിമര്‍ശനം.

വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയില്‍ 1990 ല്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന കശ്മീരി പണ്ഡിറ്റുകളുടെ കഥയാണ് പറയാന്‍ ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ സിനിമയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഇനിയും ഇത്തരം സിനിമകള്‍ ഉണ്ടാകേണ്ടതുണ്ടെന്നായിരുന്നു മോദി പറഞ്ഞിരുന്നത്. കശ്മീര്‍ ഫയല്‍സ് സിനിമ കാണാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഹാഫ് ഡേ ലീവ് പ്രഖ്യാപിച്ചിരുന്നു. സിനിമയക്ക് ബി ജെ പി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങള്‍ നികുതി ഇളവ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications