മഹാരാഷ്ട്രയില്‍ ബിജെപിക്ക് 45 ശിവസേന എംഎല്‍എമാരുടെ പിന്തുണയെന്ന് ബിജെപി എംപി
മുംബൈ: മഹാരാഷ്ട്രയില്‍ 45 ശിവേസന എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് ബിജെപി എംപി. സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിയുമായി സഹകരിക്കാന്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 45 ശിവസേന എംഎല്‍എമാര്‍ സന്നദ്ധരാണെന്നാണ് ബിജെപി എംപി സഞ്ജയ് കാക്കഡെ ചൊവ്വാഴ്ച അവകാശപ്പെട്ടത്. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അധികാര വടംവലികള്‍ നടന്നുകൊണ്ടിരിക്കെയാണ് ടിവി ചാനലുകളോടാണ് ബിജെപി രാജ്യസഭാംഗത്തിന്റെ അവകാശവാദം.
പുൽവാമയിൽ സ്കൂളിന് മുമ്പിൽ തീവ്രവാദി ആക്രമണം; സിആർപിഎഫ് സംഘത്തിന് നേരെ വെടിവെയ്പ്പ്
നിയമസഭാ തിരഞ്ഞെടുപ്പില്‍ 105 സീറ്റ് നേടിയ ബിജെപിയും 56 സീറ്റ് നേടിയ ശിവസേനയും തമ്മിലാണ് അധികാര വിഭജനത്തില്‍ തര്‍ക്കം നടക്കുന്നത്. 50:50 ഫോര്‍മുല പ്രകാരം മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കണമെന്ന ശിവസേനയുടെ ആവശ്യമാണ് ഇതുവരെയും അംഗീകരിക്കപ്പെടാത്തത്. ഇതാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണത്തിന് പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ളത്.

45 എംഎല്‍എമാരുടെ പിന്തുണ
ശിവസേനയുടെ 56 എംഎല്‍എമാരില്‍ 45 എംഎല്‍എമാരും ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് ബിജെപി എംപി അവകാശപ്പെടുന്നത്. എംഎല്‍എമാര്‍ ഇങ്ങോട്ട് വിളിച്ച് സര്‍ക്കാര്‍ രൂപീകരണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുവെന്നും കാക്കഡെ ചൂണ്ടിക്കാണിക്കുന്നു. എന്തു വേണമെങ്കിലും ചെയ്യാം സര്‍ക്കാര്‍ ഭാഗമായിരിക്കണമെന്നാണ് ആഗ്രഹമെന്ന് വ്യക്തമാക്കിയതായും അദ്ദേഹം പറയുന്നു. എന്നാല്‍ കാക്കഡെ പിടിഐയോട് പ്രതികരിച്ചത് ബിജെപി- ശിവസേന സര്‍ക്കാരിന്റെ ഭാഗമായിരിക്കാനാണ് 45 എംഎല്‍എമാര്‍ക്കും ആഗ്രഹം എന്നാണ്.

ശിവസേനയുടെ നിലപാടില്‍ ഇളകാതെ ബിജെപി
2014ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറഞ്ഞ സീറ്റുകളാണ് ഇത്തവണ ശിവസേനക്ക് മഹാരാഷ്ട്രയില്‍ ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ശിവസേന 50:50 ഫോര്‍മുലയില്‍ ഉറച്ചുനിന്നത്. ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിജെപി അധ്യക്ഷന്‍ അമിത് ഷായും മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നാവിസും തമ്മില്‍ അധികാരം പങ്കുവെക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തിയിരുന്നുവെന്നാണ് ശിവസേന ചൂണ്ടിക്കാണിക്കുന്നത്.

50:50 ഫോര്‍മുല അംഗീകരിക്കില്ല
50:50 ഫോര്‍മുലയെന്ന ബിജെപിയുടെ വാദം അംഗീകരിക്കില്ലെന്ന് ബിജെപി ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയില്‍ അധികാരമേല്‍ക്കുന്ന സര്‍ക്കാരില്‍ അഞ്ച് വര്‍ഷവും താന്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ദേവേന്ദ്ര ഫഡ്നാവിസ് ചൊവ്വാഴ്ചയാണ് വ്യക്തമാക്കിയത്. ഇതോടെയാണ് ബിജെപി- ശിവസേന നേതാക്കള്‍ തമ്മില്‍ നടത്താനിരുന്ന കൂടിക്കാഴ്ചയും സേന റദ്ദാക്കിയത്. അധികാരം പങ്കുവെക്കുന്നത് സംബന്ധിച്ച് ബിജെപി ഒരു തരത്തിലും വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ആവശ്യം അംഗീകരിക്കാതെ ബിജെപി
അധികാരത്തിലെത്തി രണ്ടര വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി പദം കൈമാറണമെന്ന ആവശ്യമാണ് ശിവസേന ഉയര്‍ത്തുന്നത്. ഇതോടെ ബിജെപിക്കും ശിവസേനയ്ക്കും മുഖ്യമന്ത്രി പദം തുല്യമായി ലഭിക്കുകയും ചെയ്യും. 50:50 ഫോര്‍മുല സംബന്ധിച്ച് തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തിയിരുന്നുവെന്നാണ് ശിവസേന വ്യക്തമാക്കുന്നത്. താക്കറെ കുടുംബത്തില്‍ നിന്ന് കന്നിയങ്കത്തിനിറങ്ങി വിജയിച്ച ആദിത്യ താക്കറെയെ മുഖ്യമന്ത്രിയായി അവരോധിക്കാനാണ് ശിവസേനയുടെ കരുനീക്കങ്ങള്‍. എന്നാല്‍ മുഖ്യമന്ത്രി പദം പങ്കുവെക്കുക എന്ന ആവശ്യം അംഗീകരിക്കാന്‍ ബിജെപി തയ്യാറായിട്ടില്ല. അതേസമയം ഉപമുഖ്യമന്ത്രി പദം നല്കി ശിവസേനയെ ഒപ്പം നിര്‍ത്താനുള്ള നീക്കമാണ് ബിജെപിയുടേതെന്നാണ് സൂചന.