ഈ തിരിച്ചടി പ്രതീക്ഷിച്ചില്ല; ആദ്യദിനം തന്നെ കോണ്‍ഗ്രസ് പൂജ്യമായി... 5 എംഎല്‍എമാര്‍ രാജിവച്ചു
ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. ത്രിപുര, മേഘാലയ, നാഗാലാന്റ് തുടങ്ങി മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോളിങ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാദേശിക കക്ഷികള്‍ക്ക് മേല്‍ക്കൈയുള്ള സംസ്ഥാനങ്ങളാണ് മേഘാലയയും നാഗാലാന്റും. എന്നാല്‍ ത്രിപുര 25 വര്‍ഷം സിപിഎം ഭരിച്ച സംസ്ഥാനമാണ്.
2018ലാണ് ഏവരെയും ഞെട്ടിച്ച് ബിജെപി മികച്ച വിജയം നേടി ത്രിപുരയുടെ ഭരണം പിടിച്ചത്. ഇവിടെ കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ത്ത് തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ആദ്യദിനം വരുന്നത് എംഎല്‍എമാരുടെ കൂട്ടരാജി വാര്‍ത്തയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

ത്രിപുരയില്‍ ഫെബ്രുവരി 16നാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപിയാണ് ഇവിടെ ഭരണം നടത്തുന്നത്. പാര്‍ട്ടിയില്‍ ആഭ്യന്തര പോര് രൂക്ഷമാണ്. അമിത് ഷാ കഴിഞ്ഞാഴ്ച നടത്തിയ ത്രിപുര സന്ദര്‍ശനം പാര്‍ട്ടിയെ ഐക്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. അതിനിടെയാണ് ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

മേഘാലയയിലും നാഗാലാന്റിലും പ്രാദേശിക കക്ഷികളാണ് ഭരണം നടത്തുന്നത്. ബിജെപിയും കോണ്‍ഗ്രസും ഇവിടെ വലിയ കക്ഷികളുമല്ല. മേഘാലയയില്‍ അഞ്ച് എംഎല്‍എമാരാണ് ഇന്ന് രാജിവച്ചത്. ഇവര്‍ നിയമസഭാ സ്പീക്കര്‍ക്ക് രാജികത്ത് നല്‍കി. യുനൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ചേരാന്‍ അഞ്ചുപേരും തീരുമാനിച്ചു. ഈ രാജിയില്‍ കോണ്‍ഗ്രസിനാണ് വലിയ തിരിച്ചടി.

കോണ്‍ഗ്രസിന് മേഘാലയയില്‍ രണ്ട് എംഎല്‍എ മാത്രമാണുണ്ടായിരുന്നത്. മേറല്‍ബോണ്‍ സിയം, പിടി സോക്മി എന്നിവരാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍. ഇവരെ അടുത്തിടെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് സസ്‌പെന്റ് ചെയ്തിരുന്നത്. രണ്ടുപേരും ഇന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. ഇതോടെ മേഘാലയ നിയമസഭയില്‍ കോണ്‍ഗ്രസിന് ഒരു എംഎല്‍എ പോലുമില്ലാതായി.

മേഘാലയ മന്ത്രി റെനിക്ടോണ്‍ ലിങ്‌ദോ ടോങ്കര്‍, ത്രിണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഷിത്‌ലാങ് പാലെ, സ്വതന്ത്രന്‍ ലാംബോര്‍ മല്‍ഗിയാങ് എന്നിവരും രാജിവച്ചിട്ടുണ്ട്. ഹില്‍ സ്‌റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായിരുന്നു മന്ത്രി റെനിക്ടോണ്‍. അഞ്ചു പേരും യുനൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇന്ന് അഞ്ച് പേര്‍ രാജിവച്ചതോടെ 11ാം മേഘാലയ നിയമസഭയില്‍ നിന്ന് രാജിവച്ച എഎല്‍എമാരുടെ എണ്ണം 18 ആയി. മേഘാലയ ഡെമോക്രാറ്റിക് സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്. ആറ് പാര്‍ട്ടികള്‍ അടങ്ങുന്ന സഖ്യമാണിത്. ബിജെപിയും സഖ്യത്തില്‍ ഘടകകക്ഷിയാണ്. എന്നാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, മേഘാലയയിലെ പ്രധാന പാര്‍ട്ടിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും തനിച്ച് മല്‍സരിക്കാന്‍ തീരുമാനിച്ചു. തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്ന് എന്‍പിപി പ്രഖ്യാപിച്ചു. 60 അംഗ നിയമസഭയാണ് മേഘാലയയിലേത്. 31 അംഗങ്ങളുടെ പിന്തുണയുള്ള പാര്‍ട്ടിക്ക് ഭരിക്കാം. കോണ്‍ഗ്രസ് ഇത്തവണയും തനിച്ച് മല്‍സരിക്കാനാണ് സാധ്യത. സഖ്യ സാധ്യതകള്‍ തിരഞ്ഞെടുപ്പിന് ശേഷം പരിശോധിക്കാമെന്നാണ് നേതാക്കളുടെ പ്രതികരണം.












Click it and Unblock the Notifications