ബിജെപിയെ പൂട്ടാൻ സിപിഎമ്മും കോൺഗ്രസും കൈകോർക്കും; നേതാക്കളുടെ കൂടിക്കാഴ്ച, പ്രഖ്യാപനം ഉടൻ
ദില്ലി: ഈ വർഷം ആദ്യം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയിൽ ബിജെപിക്കെതിരെ കൈകോർക്കാനൊരുങ്ങി സിപിഎമ്മും കോർണഗ്രസും. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ത്രിപുരയുടെ ചുമതലയുള്ള എഐസിസി നേതാവ് അജോയ് കുമാറും തമ്മില്‍ ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തിരഞ്ഞെടുപ്പിലെ സഹകരണം സംബന്ധിച്ച ധാരണയിലെത്തിയത്. ഉടൻ തന്നെ സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ ധാരണയിലെത്തുമെന്നും നേതാക്കൾ അറിയിച്ചു.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അഗർത്തലയിൽ ചേരുന്ന സിപിഐ എമ്മിന്റെ ത്രിപുര സംസ്ഥാന കമ്മിറ്റി യോഗം സഖ്യം സംബന്ധിച്ച് അന്തിമ പ്രഖ്യാപനം നടത്തും. ഇരു പാർട്ടികളിൽ നിന്നും നേതാക്കളെ ഉൾപ്പെടുത്തി കൊണ്ട് സമിതി രൂപീകരിക്കും. ഏതൊക്കെ സീറ്റുകളിൽ കോൺഗ്രസും സി പി എമ്മും മത്സരിക്കണമെന്നത് സംബന്ധിച്ച തീരുമാനം സമിതി കൈക്കൊള്ളും. ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കുകയാണ് സഖ്യം കൊണ്ട് ലക്ഷ്യം വെയ്ക്കുന്നതെന്ന് നേതാക്കൾ പ്രതികരിച്ചു.

കോൺഗ്രസുമായി സഖ്യത്തിലെത്തുന്നതിന് താത്പര്യം അറിയിച്ചുള്ള പ്രദ്യോത് മാണിക്യ ദേബ്ബര്‍മന്റെ നീക്കങ്ങൾക്കിടെയാണ് സി പി എം- കോൺഗ്രസ് സഖ്യം യാഥാർത്ഥ്യമായിരിക്കുന്നത് . ഗോത്ര വർഗക്കാർക്കിടയിൽ സ്വാധീനമുള്ള പാർട്ടിയാണ് തിപ്ര. എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായാണ് ദേബ് ബർമ്മൻ ചർച്ച നടത്തുന്നതെന്നാണ് വിവരം. ത്രിപുരയിൽ 20 ഓളം സീറ്റുകളിൽ തിപ്രയ്ക്ക് വലിയ സ്വാധീനമുണ്ട്. എന്നാൽ തങ്ങൾ 55 ഓളം സീറ്റുകളിൽ മത്സരിക്കുമെന്ന് ഇതിനോടകം തന്നെ തിപ്ര പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതോടെ ദേബ് ബർമ്മൻ സഖ്യത്തിന് തയ്യാറായാലും സീറ്റ് വിഭജനം ഏറെ തലവേദന തീർത്തേക്കുമെന്നാണ് കോൺഗ്രസും സി പി എമ്മും കരുതുന്നത്. ദേബ്ബര്‍മന്റെ പാര്‍ട്ടിക്ക് ഒരു ഡസന്‍ സീറ്റുകള്‍ മത്സരിക്കാന്‍ നല്‍കാമെന്നാണ് സി പി എം-കോൺഗ്രസ് വാഗ്ദാനം.

സി പി എം കോട്ടയായ ത്രിപുരയിൽ വമ്പൻ അട്ടിമറിയിലൂടെയായിരുന്നു ബി ജെ പി അധികാരം പിടിച്ചത്. ആകെയുള്ള 60 സീറ്റുകളിൽ ബി ജെ പി-ഐ പി എഫ് ടി സഖ്യം 43 സീറ്റുകളാണ് ലഭിച്ചത്. ബി ജെ പി 35 സീറ്റും ഐ പി എഫ് ടി 8 സീറ്റുകളും നേടിയപ്പോൾ സി പി എമ്മിന് ലഭിച്ചത് 15 സീറ്റുകളായിരുന്നു. ഇത്തവണയും അധികാര തുടർച്ചയാണ് ത്രിപുരയിൽ ബി ജെ പി സ്വപ്നം കാണുന്നത്. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രത്യേക പരിപാടികൾക്കും പദ്ധതികൾക്കും ബി ജെ പി രൂപം നൽകി കഴിഞ്ഞു. ഭരണ വിരുദ്ധ വികാരം മറികടക്കുകയെന്ന ലക്ഷ്യത്തോടെ മാസങ്ങൾക്ക് മുൻപേ തന്നെ മുഖ്യമന്ത്രിയെ മാറ്റി പരീക്ഷിച്ചിരുന്നു.

നേതാക്കളുടെ കൊഴിഞ്ഞ് പോക്കാണ് ബി ജെ പി നിലവിൽ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇതിനോടകം തന്നെ ബി ജെ പി സഖ്യത്തിൽ നിന്നും എട്ട് എം എൽ എമാരാണ് പാർട്ടി വിട്ടത്. ബി ജെ പിയിൽ നിന്ന് മാത്രം അഞ്ച് പേർ രാജിവെച്ചിരുന്നു. രാജിവെച്ച മൂന്ന് നേതാക്ൾ ഇതിനോടകം കോൺഗ്രസിൽ ചേർന്നു.മറ്റ് നേതാക്കൾ തിരഞ്ഞെടുപ്പിനോട് അടുത്ത് നിലപാട് വ്യക്തമാക്കിയേക്കും. എന്നാൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കൂടുതൽ നേതാക്കൾ ബി ജെ പി വിടുമെന്നും ഇക്കുറി അവർ കനത്ത തിരിച്ചടി നേരിടുമെന്നുമാണ് പ്രതിപക്ഷം അവകാശപ്പെടുന്നത്.












Click it and Unblock the Notifications