51 ദിവസത്തെ യാത്ര,പ്രതിദിന ചെലവ് 25,000 രൂപ; ആഡംബര ക്രൂയിസ് എംവി ഗംഗാ വിലാസ് നാടിന് സമർപ്പിച്ചു
ദില്ലി: ലോകത്തിലെ ഏറ്റവും നീളം കൂടിയ റിവർ ക്രൂയിസ്-എംവി ഗംഗാ വിലാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. വീഡിയോ കോൺഫെറൻസ് വഴിയായിരുന്നു ഉദ്ഘാടനം.കന്നി യാത്രയിൽ സ്വിറ്റ്സർലൻഡിൽ നിന്നുള്ള 32 വിനോദസഞ്ചാരികളാണ് ഭാഗമാകുന്നത്.
നൗക യാഥാർത്ഥ്യമായതോടെ ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളും ലോക ടൂറിസത്തിൽ ഇടംപിടിക്കും', ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം സ്വാതന്ത്ര്യം നേടി ഇത്രയും വർഷം കഴിഞ്ഞിട്ടും ഗംഗയുടെ തീരം വികസിക്കാതെ പോയതും ഗംഗാനദിയുടെ തീരത്ത് താമസിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് കുടിയേറേണ്ടി വന്നതും ദൗർഭാഗ്യകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ടെന്റ് സിറ്റിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിച്ചു.

ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ കപ്പൽ എംവി ഗംഗാ വിലാസ്. നൗക ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്ന് യാത്ര ആരംഭിച്ച് 51 ദിവസത്തിനുള്ളിൽ 3,200 കിലോമീറ്റർ സഞ്ചരിച്ച് ബംഗ്ലാദേശ് വഴി അസമിലെ ദിബ്രുഗഡിലെത്തും, ഇന്ത്യയിലും ബംഗ്ലാദേശിലുമായി 27 നദീതടങ്ങളിലൂടെയാണ് സഞ്ചരിക്കുക. മൂന്ന് ഡെക്കുകളും 18 സ്യൂട്ടുകളും 36 വിനോദസഞ്ചാരികളെ ഉൾക്കൊള്ളാനുള്ള സൗകര്യവും അടക്കമുള്ള ആഡംബര സജ്ജീകരണങ്ങളാണ് നൗകയിൽ ഒരുക്കിയിരിക്കുന്നത്.
ലോക പൈതൃക കേന്ദ്രങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, നദീഘട്ടങ്ങൾ, ബീഹാറിലെ പട്ന, ജാർഖണ്ഡിലെ സാഹിബ്ഗഞ്ച്, പശ്ചിമ ബംഗാളിലെ കൊൽക്കത്ത, ബംഗ്ലാദേശിലെ ധാക്ക, അസമിലെ ഗുവാഹത്തി തുടങ്ങിയ പ്രധാന നഗരങ്ങൾ ഉൾപ്പെടെ 50 വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്ന തരത്തിലാണ് 51 ദിവസത്തെ ക്രൂയിസ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും കല, സംസ്‌കാരം, ചരിത്രം, ആത്മീയത എന്നിവയിൽ മുഴുകാനും അനുഭവ സമ്പന്നമായ ഒരു യാത്ര ആരംഭിക്കാനും ഈ യാത്ര സഞ്ചാരികൾക്ക് അവസരം നൽകും.
ഗംഗയിലേക്ക് മലിനജലം ഒഴുകാതിരിക്കാൻ മലിനജല ശുദ്ധീകരണ പ്ലാന്റും കുളിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും ഗംഗാജലം ശുദ്ധീകരിക്കുന്ന ഫിൽട്ടറേഷൻ പ്ലാന്റും കപ്പലിൽ സജ്ജമാക്കിയിട്ടുണ്ട്. സ്പാ, സലൂൺ, ജിം തുടങ്ങിയ സൗകര്യങ്ങളും ക്രൂയിസിൽ സജ്ജീകരിച്ചിട്ടുണ്ട്. ദിവസേന 25,000 മുതൽ 50,000 രൂപ വരെയാണ് യാത്ര ചെലവ്. 51 ദിവസത്തെ യാത്രയ്ക്ക് ആകെ ചെലവ് ഓരോ യാത്രക്കാരനും ഏകദേശം 20 ലക്ഷം രൂപ വരുമെന്ന് ക്രൂയ്സ് ഡയറക്ടർ രാജ് സിംഗ് പറഞ്ഞു.
ടെന്റ് സിറ്റി
മേഖലയിലെ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി ഗംഗാ നദിയുടെ തീരത്താണ് ടെന്റ് സിറ്റി ഒരുക്കിയിരിക്കുന്നത്. വാരാണാസി വികസന അതോറിറ്റിയാണ് ഇത് പിപിപി മോഡിൽ വികസിപ്പിച്ചിരിക്കുന്നത്. സമീപത്തുള്ള വിവിധ കടവുകളിൽ നിന്ന് ബോട്ടുകളിലാണ് വിനോദസഞ്ചാരികൾ ടെന്റ് സിറ്റിയിലെത്തുക. ടെന്റ് സിറ്റി എല്ലാ വർഷവും ഒക്ടോബർ മുതൽ ജൂൺ വരെ പ്രവർത്തിക്കും












Click it and Unblock the Notifications