രാജ്യത്ത് ഡിസംബർ 24 വരെ റിപ്പോർട്ട് ചെയ്തത് 63 ജെ എൻ 1 കോവിഡ് കേസുകൾ ; ഏറ്റവും കൂടുതൽ കേസ് ഗോവയിൽ
ന്യൂഡൽഹി: കോവിഡ് കേസുകൾ വർദ്ധിക്കുന്നു. ഡിസംബർ 24 വരെ രാജ്യത്ത് ആകെ 63 ജെ എൻ 1 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച വ്യക്തമാക്കിയത്. ആകെയുള്ള 63 കേസുകളിൽ 34 എണ്ണം ഗോവയിൽ നിന്നും 9 എണ്ണം മഹാരാഷ്ട്രയിൽ നിന്നും 8 എണ്ണം കർണാടകയിൽ നിന്നും 6 എണ്ണം കേരളത്തിൽ നിന്നും 4 തമിഴ്നാട്ടിൽ നിന്നും 2 എണ്ണം തെലങ്കാനയിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.
ഞായറാഴ്ച 3742 ആയിരുന്നുവെങ്കിൽ തിങ്കളാഴ്ച ഇന്ത്യയിൽ സജീവമായ കേസുകളുടെ എണ്ണം 40544 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പത്രക്കുറിപ്പിൽ പറയുന്നു. കോവിഡ് സബ് വേരിയറ്റ് ആദ്യമായി കണ്ടെത്തിയ കേരളത്തിൽ ഒരു മരണമാണ് റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത് നാലരക്കോടി ആളുകൾക്കാണ്. 98.81 ശതമാനം പേരും രോഗത്തിൽ നിന്ന് മുക്തരായി. 5.33 ലക്ഷം പേർ മരിക്കുകയും ചെയ്തു. 1.19 ശതമാനമാണ് മരണനിരക്ക്. 220.67 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്.
കേരളത്തിൽ 128 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 3128 ആയി. കോവിഡ് സ്ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതക ശ്രേണീ പരിശോധനയ്ക്ക് അയക്കാൻ കേന്ദ്രം നിർദ്ദേശം നൽകി. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകളുടെ എണ്ണത്തിൽ അഞ്ചിരട്ടി വർദ്ധനവ് ഉണ്ടായതായാണ് റിപ്പോർട്ട്.
ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ഈ മാസം 17 നും 23 നും ഇടയിൽ മുൻ വാരത്തെ അപേക്ഷിച്ച് അഞ്ചിരട്ടി കേസുകളാണ് റിപ്പോർട്ട് ചെയ്തത്,. ഈ മാസം 10 നും 16 നും ഇടയിൽ 19 കേസുകൾ റിപ്പോർട്ട് ചെയ്തു. 17 നും 23 നും ഇടയിൽ 103 ആയി.
കോവിഡ് വ്യാപനം വർദ്ധിക്കുന്നതിടയിൽ വരാനിരിക്കുന്ന ഉത്സവ സീസൺ കണക്കിലെടുത്ത് കോവിഡ് 19 നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങളെക്കുറിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സുധാൻഷ് പന്ത് സംസ്ഥാന സർക്കാരുകൾക്ക് കത്തെഴുതി. രോഗ വ്യാപനം വർദ്ധിക്കുന്നതുള്ള സാധ്യത കുറയ്ക്കുന്നതിന് ആവശ്യമായ പൊതു ജനാരോഗ്യ നടപടികൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം സർക്കാരുകളോട് നിർദ്ദേശിച്ചു.












Click it and Unblock the Notifications