ഒഡീഷയില്‍ ആദിവാസി യുവതിക്ക് നേരെ ക്രൂരമായ ആക്രമണം: മനുഷ്യ വിസർജ്ജം മുഖത്ത് പുരട്ടി
ഭുവനേശ്വർ: ഒഡീഷയില്‍ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം. ബലംഗീർ ജില്ലയിൽ നിന്നുള്ള 20 കാരിയായ ആദിവാസി സ്ത്രീക്ക് നേരെയാണ് ആക്രമണമുണ്ടായത്. അഭയ് ബാഗ് എന്ന വ്യക്തിയില്‍ നിന്നുമാണ് ക്രൂരമായ ആക്രമണവും ജാതിയധിക്ഷേപവും നേരിടേണ്ടി വന്നതെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വായിൽ മനുഷ്യവിസർജ്യം കുത്തിനിറച്ചതായും യുവതി ആരോപിന്നു.
നവംബർ 16ന് ബലംഗീർ ജീല്ലയിലെ ജുരാബന്ദയിലാണ് സംഭവം. കുളത്തിൽ കുളിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ അതേ ഗ്രാമവാസിയായ അഭയ് ബാഗ് ആക്രമിക്കുകയായിരുന്നു. യുവതിയുടെ കൃഷിയിടത്തിലെ വിളകൾ പ്രതി ട്രാക്ടർ കയറ്റി നശിപ്പിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബംഗോമുണ്ട പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എഫ് ഐ ആർ പ്രകാരം അഭയ് ബാഗ് യുവതിയുടെ നെഞ്ചിൽ അടിച്ചു വീഴ്ത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. അഭയ് ബാഗ് തൻ്റെ മുഖത്ത് മനുഷ്യ വിസർജ്ജം പുരട്ടുകയും ബലമായി തീറ്റിക്കാന്‍ ശ്രമിച്ചതായും യുവതി നല്‍കിയ പരാതിയിലുണ്ട്.
അതേസമയം, പ്രതി ഒളിവിലാണെന്ന് കാന്തബൻജി സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ് ഡി പി ഒ) ഗൗരംഗ് ചരൺ സാഹു വ്യക്തമാക്കി. പ്രതിയെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. പരാതി പരിശോധിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തില്‍ ആദിവാസി വിഭാഗത്തില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉയർന്ന് വരുന്നു. യുവതിക്ക് എത്രയും പെട്ടെന്ന് നീതി ഉറപ്പാക്കണമെന്ന് വിവിധ ആദിവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.' പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണം. ഇക്കാര്യത്തില്‍ ഉടൻ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടാൽ ശക്തമായ പ്രതിഷേധം ആരംഭിക്കും' ട്രൈബൽ വെൽഫെയർ അസോസിയേഷൻ അംഗങ്ങൾ വ്യക്തമാക്കി.












Click it and Unblock the Notifications