പെണ്‍കുഞ്ഞ് പിറന്നത് നാല് കാലുകളുമായി; ഞെട്ടലില്‍ ഡോക്ടര്‍മാര്‍, കുട്ടി വിദഗ്ദരുടെ നിരീക്ഷണത്തില്‍
ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോറിലെ കമല രാജ ആശുപത്രിയില്‍ നടന്ന പ്രസവം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജനിച്ച പെണ്‍കുട്ടിക്ക് നാല് കാലുകളാണുള്ളത്. കുട്ടി ഇപ്പോള്‍ ആരോഗ്യത്തോടെയിരിക്കുന്നെന്നും പേടിക്കേണ്ട കാര്യമില്ലെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. കുട്ടി ഇപ്പോള്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. സിക്കന്ദര്‍ കാമ്പു പ്രദേശത്തെ ഒരു യുവതിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്.

2.3 കിലോയാണ് പെണ്‍കുഞ്ഞിന്റെ ഭാരം. പ്രസവശേഷം, ഗ്വാളിയോറിലെ ജയാരോഗ്യ ഹോസ്പിറ്റല്‍ ഗ്രൂപ്പിന്റെ സൂപ്രണ്ടിനൊപ്പം ഡോക്ടര്‍മാരുടെ സംഘം കുഞ്ഞിനെ പരിശോധിച്ചിട്ടുണ്ട്. കുട്ടിക്ക് ജനനസമയത്ത് നാല് കാലുകളുണ്ട്, അവള്‍ക്ക് ശാരീരിക വൈകല്യമുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ആര്‍ കെ എസ് ധക്കാട് എ എന്‍ ഐയോട് പറഞ്ഞു.

ചില ഭ്രൂണങ്ങള്‍ അധികമായി മാറുന്നു, അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതിനെ വൈദ്യശാസ്ത്രത്തിന്റെ ഭാഷയില്‍ ഇഷിയോപാഗസ് എന്ന് വിളിക്കുന്നെന്നും സൂപ്രണ്ട് വ്യക്തമാക്കി. ഭ്രൂണം രണ്ട് ഭാഗങ്ങളായി വിഭജിക്കുമ്പോള്‍, ശരീരം രണ്ട് സ്ഥലങ്ങളില്‍ വികസിക്കുന്നു. ഈ പെണ്‍കുഞ്ഞിന്റെ അരക്കെട്ടിന് താഴെയുള്ള താഴത്തെ ഭാഗം രണ്ട് അധിക കാലുകളോടെ വികസിച്ചു, പക്ഷേ ആ കാലുകള്‍ക്ക് ചലനശേഷി ഉണ്ടാകില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

കുട്ടിയുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് മറ്റെന്തെങ്കിലും വൈകല്യമുണ്ടോയെന്ന് ശിശുരോഗ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചു വരികയാണ്. പരിശോധനയ്ക്ക് ശേഷം, പെണ്‍കുഞ്ഞ് ആരോഗ്യവതിയാണെങ്കില്‍, ശസ്ത്രക്രിയയിലൂടെ ആ കാലുകള്‍ നീക്കം ചെയ്യും. അതിന് ശേഷം കുട്ടിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കുമെന്നും ആശുപത്രി സൂപ്രണ്ട് പ്രത്യാശ പ്രകടിപ്പിച്ചു.

കമല രാജ ആശുപത്രിയിലെ പീഡിയാട്രിക്സ് വിഭാഗത്തിലെ പ്രത്യേക നവജാത ശിശു പരിചരണ വിഭാഗത്തിലാണ് പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലുള്ളത്. കുഞ്ഞിന്റെ ആരോഗ്യനില തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയാണ്. ശസ്ത്രക്രിയയിലൂടെ അവളുടെ അധിക കാലുകള്‍ നീക്കം ചെയ്യുന്നതിനെക്കുറിച്ച് ഡോക്ടര്‍മാര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. നിലവില്‍ പെണ്‍കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.

കഴിഞ്ഞ മാര്‍ച്ചില്‍ മധ്യപ്രദേശിലെ രത്ലാമില്‍ ഒരു സ്ത്രീ രണ്ട് തലകളും മൂന്ന് കൈകളും രണ്ട് കാലുകളുമുള്ള കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ദമ്പതികളുടെ ആദ്യത്തെ കുട്ടിയായിരുന്നു അത്. നേരത്തെ സോണോഗ്രാഫി റിപ്പോര്‍ട്ടില്‍ രണ്ട് കുട്ടികളുണ്ടെന്ന് മനസിലായത്. എന്നാല്‍ പ്രസവത്തിന് ശേഷം കുട്ടിക്ക് രണ്ട് തലകളും മൂന്ന് കൈകളും രണ്ട് കാലുകളുമാണ് ഉണ്ടായിരുന്നത്. ഇതൊരു അപൂര്‍വ സംഭവമാണെന്നും ഈ കുട്ടിക്ക് അധിക നാള്‍ ആയുസ് ഉണ്ടാകില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

പ്രസവത്തിന് ശേഷം കുട്ടിക്ക് മൂന്ന് കിലോ ഭാരമായിരുന്നു ഉണ്ടായിരുന്നത്. രണ്ട് സുഷുമ്‌നാ നാഡികളും ഒരു വയറുമുണ്ട്. ഇത് വളരെ സങ്കീര്‍ണ്ണമായ അവസ്ഥയാണ്. ഡിസെഫാലിക് പാരപാഗസ് എന്ന രോഗാവസ്ഥയാണ് കുട്ടിക്കുള്ളതെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. കൂടാതെ നേരത്തെ ബീഹാറില്‍ ഒരു കുട്ടി നാല് കൈകളും നാല് കാലുകളുമായി ജനിച്ചിരുന്നു.

ബീഹാര്‍ സ്വദേശിയായ ചൗമുഖി എന്ന പെണ്‍കുട്ടിയാണ് ഇങ്ങനെ ജനിച്ചത്. ഈ കുട്ടിയുടെ ആവശ്യമില്ലാത്ത കാലുകളും കൈകളും നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. അന്ന് ബോളിവുഡ് താരം സോനു സുദ് ആണ് കുട്ടിക്ക് ശസ്ത്രക്രിയ ചെലവിനുള്ള സാമ്പത്തിക സഹായം നല്‍കിയത്. കൂടാതെ കുട്ടിയുടെ ചികിത്സയിലൂടനീളം സോനു സുദ് പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പമുണ്ടായിരുന്നു.

കുട്ടിയുടെ അവസ്ഥ സോഷ്യല്‍ മീഡിയയിലൂടെ അറിഞ്ഞ താരം സഹായ വാഗ്ദാനവുമായി രംഗത്തെത്തുകയായിരുന്നു. കുട്ടിയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം അദ്ദേഹം തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. കൊവിഡ് കാലത്ത് സോനു സുദ് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications