'20000 രൂപയുടെ ഫ്ളാറ്റിന് ബെംഗളൂരുവിൽ കൊടുക്കേണ്ടത് 80000ത്തിന് മേലെ', ഗൂഗിൾ എഞ്ചിനീയറുടെ കുറിപ്പ് വൈറൽ
ഉയർന്ന വീട്ടുവാടക, കനത്ത ട്രാഫിക് ബ്ലോക്ക്, തകർന്ന റോഡുകൾ എന്നിവയെല്ലാം ബെംഗളൂരുവിൽ താമസിക്കുന്നവർ സ്ഥിരമായി പറയുന്ന പരാതികളാണ്. ഇപ്പോഴിതാ ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് താമസം മാറിയപ്പോൾ തനിക്കുണ്ടായ അനുഭവങ്ങൾ ഗൂഗിളിലെ സോഫ്റ്റ്വെയർ എഞ്ചിനീയറായ വൈഭവ് അഗർവാൾ എക്സിൽ പങ്കുവെച്ചിരിക്കുന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.
ബെംഗളൂരുവിലെ ജീവിതച്ചെലവ് തനിക്ക് വലിയൊരു കൾച്ചർ ഷോക്ക് ആയിരുന്നുവെന്നാണ് വൈഭവ് പറയുന്നത്. ബെംഗളൂരുവിലെ അമിതമായ വീട്ടുവാടകയും അതേസമയം നല്ല അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും തന്നെ അത്ഭുതപ്പെടുത്തി എന്ന് അദ്ദേഹം കുറിച്ചു. "നല്ലൊരു സൊസൈറ്റിയിൽ 20000 മുതൽ 25000 രൂപയ്ക്ക് മികച്ചൊരു 3 ബെഡ്റൂം ഫ്ലാറ്റ് വാടകയ്ക്ക് ലഭിക്കുന്ന ഫരീദാബാദിൽ നിന്നാണ് ഞാൻ വരുന്നത്. അതുകൊണ്ടുതന്നെ ബെംഗളൂരുവിലെ അവസ്ഥ എനിക്ക് വലിയൊരു കൾച്ചർ ഷോക്ക് ആയിരുന്നു," വൈഭവ് കുറിച്ചു.
ബെംഗളൂരുവിലെ മഹാദേവപുര പോലുള്ള ഐടി മേഖലകളിൽ സമാനമായ ഒരു ഫ്ലാറ്റിന് പ്രതിമാസം 80000 രൂപയ്ക്ക് മുകളിലാണ് വാടകയെന്നും ഇതിന് പുറമെ 10000 മുതൽ 15000 രൂപ വരെ മെയിന്റനൻസ് ചാർജ് മാത്രമായി നൽകേണ്ടി വരുന്നുണ്ടെന്നും വൈഭവ് ചൂണ്ടിക്കാണിക്കുന്നു. ടെക് കമ്പനികളുടെ കേന്ദ്രമായതിനാലും വീടുകൾക്ക് വലിയ ഡിമാൻഡ് ഉള്ളതിനാലുമാണ് ഇത്രയും ഉയർന്ന തുക ഈടാക്കുന്നത് എന്ന് മനസ്സിലാക്കാം. പക്ഷേ നമ്മൾ നൽകുന്ന ഈ വൻ തുകയ്ക്ക് പകരമായി താമസക്കാർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ എന്താണെന്ന ചോദ്യം ബാക്കിയാകുന്നുവെന്ന് വൈഭവ് പറയുന്നു.

നഗരത്തിന്റെ വളർച്ചയ്ക്കൊപ്പം അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുന്നതിൽ ഇവിടുത്തെ നഗരസഭ പരാജയപ്പെട്ടുവെന്ന് വൈഭവ് ആരോപിക്കുന്നു."ഇവിടുത്തെ ടെക് പാർക്കുകളും ഓഫീസ് കാമ്പസുകളും ലോകോത്തര നിലവാരമുള്ളവയാണ്. എന്നാൽ നിങ്ങൾ അതിന് പുറത്തേക്ക് കാൽ വെക്കുന്ന നിമിഷം, കനത്ത ട്രാഫിക് ബ്ലോക്കിലേക്കും, തകർന്ന റോഡുകളിലേക്കും, നഗരത്തിന്റെ വളർച്ചയ്ക്കൊപ്പം എത്താൻ പാടുപെടുന്ന അടിസ്ഥാന സൗകര്യങ്ങളിലേക്കുമാണ് തിരിച്ചെത്തുന്നത്," വൈഭവ് കുറിച്ചു.
ആളുകളുടെ കഴിവും മികച്ച കമ്പനികളും ഉള്ളതിനാലാണ് ബെംഗളൂരുവിന് 'ഇന്ത്യയുടെ സിലിക്കൺ വാലി' എന്ന പേര് ലഭിച്ചതെന്നും, വരും ദിവസങ്ങളിൽ ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങളും ആ നിലവാരത്തിലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും വൈഭവ് കൂട്ടിച്ചേർത്തു. "മികച്ച പ്രതിഭകൾ ഇതിനകം ഇവിടെ എത്തിക്കഴിഞ്ഞു. ഇനി അവർക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങളാണ് ഈ നഗരത്തിന് വേണ്ടത്," വൈഭവ് പറയുന്നു. വൈഭവിന്റെ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കാണ് വഴിതുറന്നിരിക്കുന്നത്.














Click it and Unblock the Notifications