കുടുംബസമേതം പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം; മൂന്നരലക്ഷത്തിന്റെ ബില്ലടയ്ക്കാതെ മുങ്ങാൻ ശ്രമം; അറസ്റ്റ്
ന്യൂഡൽഹി: പഞ്ചനക്ഷത്ര ഹോട്ടലിൽ കുടുംബസമേതം താമസിച്ച ശേഷം ബില്ലടയ്ക്കാതെ മുങ്ങാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഡൽഹിയിലെ ലുട്ടിയൻസിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ദിവസങ്ങളോളം ആണ് പ്രതി കുടുംബത്തോടൊപ്പം താമസിച്ചത്. 3.65 ലക്ഷം രൂപയാണ് ബില്ലുവന്നത്. എന്നാൽ ഇയാൾ പണം നൽകാൻ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
മേയ് 31-ന് പണം നൽകാം എന്ന് ജീവനക്കാർക്ക് ഉറപ്പുനൽകിയാണ് പ്രതിയും ഇയാളുടെ കുടുംബവും രണ്ട് മുറികൾ ബുക്ക് ചെയ്തതെന്നാണ് ഹോട്ടലിന്റെ അസിസ്റ്റന്റ് മാനേജർ പറഞ്ഞത്. മെയ് 28 ന് ഇവർ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്‌തു, എന്നാൽ പണം നൽകാമെന്ന് പറഞ്ഞ തീയതിയിൽ ഇയാൾ പണം നൽകിയില്ലെന്ന് എഫ്‌ഐആറിൽ പോലീസ് പറയുന്നു.

ബാങ്ക് ട്രാൻസ്ഫർ വഴി താൻ ഇതിനകം 6,50,000 രൂപ അടച്ചിട്ടുണ്ടെന്നാണ് പ്രതി അവകാശപ്പെട്ടത്. എന്നാൽ തെറ്റായ യുടിആർ (യുണീക്ക് ട്രാൻസാക്ഷൻ റഫറൻസ്) നമ്പറുകൾ കാണിച്ച് പ്രതി ഹോട്ടലിന്റെ ക്രെഡിറ്റ് നയം ലംഘിച്ചുവെന്നാണ് അധികൃതർ പറയുന്നത്.
പരിശോധിച്ചപ്പോൾ, അത്തരത്തിലുള്ള ഒരു ഇടപാടും അയാൾ നടത്തിയതായി കണ്ടെത്താൻ കഴിഞ്ഞില്ല. അതേക്കുറിച്ച് ചോദിച്ചപ്പോൾ, ജൂൺ 3 ന് പണം നൽകാമെന്ന് ഇയാൾ ഉറപ്പുനൽകി. ഈ സമയത്ത്, ഭക്ഷണവും ബാറും ഉൾപ്പെടെ എല്ലാ സേവനങ്ങളും പ്രതി ഉപയോഗിക്കുകയും ചെയ്തു. എന്നാൽ രണ്ടാമത് പറഞ്ഞ തീയതിയിലും ഇയാൾ പണം നൽകിയില്ല.
ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പോലീസിനെ വിളിച്ച് ഹോട്ടലുകാർക്കെതിരെ കള്ളക്കേസ് ഉണ്ടാക്കുമെന്ന് ഇയാൾ ഹോട്ടൽ ജീവനക്കാരെ ഭീഷണിപ്പെടുത്തി. പണം നൽകാൻ വിസമ്മതിച്ച ഇയാൾ ഹോട്ടൽ ജീവനക്കാരെ അധിക്ഷേപിക്കുകയും ഹോട്ടലിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. 3,65,965 രൂപയുടെ ബിൽ ഇയാൾ ഇപ്പോളും അടച്ചിട്ടില്ല.












Click it and Unblock the Notifications