ഗുസ്തി ഫെഡറേഷൻ നടത്തിപ്പിനായി പാനൽ രൂപീകരിക്കണം; ഒളിമ്പിക് അസോസിയേഷനോട് കേന്ദ്രം
ഡൽഹി: ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ പിരിച്ചുവിട്ട സാഹചര്യത്തിൽ ഫെഡറേഷന്റെ നടത്തിപ്പിനായി ഒരു താത്കാലിക പാനൽ രൂപവത്കരിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് നിർദേശം നൽകി കായിക മന്ത്രാലയം. അത്‌ലറ്റുകളുടെ തിരഞ്ഞെടുപ്പ് ഉൾപ്പെടെ ഡബ്ല്യുഎഫ്‌ഐയുടെ കാര്യങ്ങൾ നിയന്ത്രിക്കാനും തീരുമാനമെടുക്കാനും താത്കാലിക പാനലിന് അധികാരം നൽകണമെന്ന് കായിക മന്ത്രാലയം അയച്ച കത്തിൽ പറഞ്ഞു.
'ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ ഭാരവാഹികളുടെ സ്വാധീനവും നിയന്ത്രണവും മൂലം ഫെഡറേഷന്റെ പ്രവർത്തനങ്ങളിൽ ആശങ്കയുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ അടിയന്തരവും കർശനവുമായ തിരുത്തൽ നടപടികൾ ആവശ്യമാണ്. ഇടക്കാലത്തേക്ക് ഫെഡറേഷന്റെ നടത്തിപ്പിനായി കൃത്യമായ നടപടി ക്രമങ്ങൾ കൈക്കൊള്ളേണ്ടതുണ്ട്. അച്ചടക്കമുള്ള ഗുസ്തിതാരങ്ങൾക്ക് ഒരു രീതിയിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കാൻ ഇത് അത്യാവശ്യമാണ്', കത്തിൽ മന്ത്രാലയം വ്യക്തമാക്കി.

ഇന്ന് രാവിലെയായിരുന്നു ഫെഡറേഷൻ ഭരണസമിതിയെ സസ്പെന്റ് ചെയ്തതായി കായിക മന്ത്രാലയം അറിയിച്ചത്. ലൈംഗികാതിക്രമ കേസിലെ പ്രതിയായ
ബ്രിജ് ഭൂഷൺ സിംഗിന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങിനെ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തതിലുള്ള കായിക താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയായിരുന്നു നടപടി.
ബ്രിജ്ഭൂഷണിന്റെ വിശ്വസ്തൻ അധ്യക്ഷനായതിന് എതിരെ വ്യാപകമായ പ്രതിഷേധമായിരുന്നു ഉയർന്നത്. ഗുസ്തി താരം സാക്ഷി മാലിക് കരിയർ അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചിരുന്നു. പത്മശ്രീ തിരിച്ചുനൽകുകയാണെന്നായിരുന്നു ബജ്റംഗ് പൂനിയ പ്രഖ്യാപിച്ചത്. ഇത്തരത്തിൽ പ്രതിഷേധം കടുത്തതോടെയാണ് ഫെഡറേഷൻ പിരിച്ചുവിട്ട കായിക മന്ത്രാലയത്തിന്റെ നടപടി.
അതേസമയം ഫെഡറേഷൻ നടപടിയെ സ്വാഗതം ചെയ്തെങ്കിലും കായിക മന്ത്രാലയത്തിന്റെ തീരുമാനം വൈകിപ്പോയി എന്നായിരുന്നു മുതിർന്ന കായിക താരങ്ങൾ പ്രതികരിച്ചത്. കായിക താരങ്ങൾ പത്മശ്രീ തിരിച്ചുകൊടുക്കാൻ തീരുമാനിക്കുന്നത് വരെ കേന്ദ്രസർക്കാർ കാത്തിരിക്കാൻ പാടില്ലായിരുന്നുവെന്നും താരങ്ങൾ പ്രതികരിച്ചു. അതേസമയം വളരെ വൈകിയാണെങ്കിലും ഗുസ്തി താരങ്ങൾക്ക് നീതി ലഭിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും താരങ്ങൾ പറഞ്ഞു.
അതിനിടെ ഫെഡറേഷനെ സസ്പെന്റെ ചെയ്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗുസ്തി ഫെഡറേഷന്‍ ഭരണസമിതി അധ്യക്ഷന്‍ സഞ്ജയ് സിങ് പറഞ്ഞു. ഭരണസമിതി ഒരു നിയമവും ലംഘിച്ചിട്ടില്ല. സര്‍ക്കാറുമായുള്ള കൂടിക്കാഴ്ചയില്‍ തങ്ങള്‍ക്ക് അനുകൂലമായ പ്രതികരണമല്ല ഉണ്ടാകുന്നതെങ്കില്‍ നിയമവഴി സ്വീകരിക്കുമെന്നും സിങ് പറഞ്ഞു.












Click it and Unblock the Notifications