Viral Video- ട്രക്കുമായി കൂട്ടിയിടിച്ച് കാണ്ടാമൃഗം, വീഡിയോ പങ്കുവെച്ച് അസം മുഖ്യമന്ത്രി, ഡ്രൈവര്‍ക്ക് പിഴ
ഗുവാഹത്തി: വനപാതകളില്‍ സ്ഥിരം സാന്നിധ്യമാണ് വന്യജീവികള്‍. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വനത്തോട് ചേര്‍ന്നുള്ള റോഡുകളില്‍ വന്യമൃഗങ്ങള്‍ വിഹരിക്കുന്നതിന്റെ വീഡിയോകള്‍ കാണാറുണ്ട്. റോഡ് മുറിച്ച് കടക്കുമ്പോള്‍ വാഹനങ്ങള്‍ തട്ടി മൃഗങ്ങള്‍ക്കും മനുഷ്യനും അപകടം സംഭവിക്കുന്നതും പതിവ് സംഭവമാണ്.
അത്തരമൊരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. അസമിലെ ധുബ്രി ജില്ലയിലെ കാസിംരഗയ്ക്ക് സമീപം ഹല്‍ദി ബാരിയിലാണ് സംഭവം. കാട്ടില്‍ നിന്ന് റോഡിലേക്ക് കയറി വന്ന ഒരു കൂറ്റന്‍ കാണ്ടാമൃഗത്തെ ട്രക്ക് ഇടിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. അപകടം നടന്നയുടന്‍ കാണ്ടാമൃഗം എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതും പിന്നീട് കാട്ടിലേക്ക് ഓടുന്നതും വീഡിയോയില്‍ വ്യക്തമാണ്.

വീഡിയോയില്‍, ട്രക്ക് അവസാന നിമിഷം ട്രാക്ക് മാറ്റി കാണ്ടാമൃഗത്തെ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നത് വ്യക്തമാണ്. എന്നാല്‍ പാഞ്ഞടുത്ത കാണ്ടാമൃഗം ട്രക്കുമായി കൂട്ടിയിടിക്കുകയും റോഡില്‍ വീഴുകയും ആയിരുന്നു.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അടക്കമുള്ളവര്‍ ഈ വീഡിയോ പങ്കുവെച്ചിരുന്നു. അതേസമയം കാണ്ടാമൃഗം രക്ഷപ്പെട്ടതായി ഹിമന്ത ബിശ്വ ശര്‍മ്മ പിന്നീട് അറിയിച്ചു. കാണ്ടാമൃഗത്തെ ഇടിച്ച ട്രക്ക് തടഞ്ഞ് നിര്‍ത്തി ഡ്രൈവറില്‍ നിന്ന് പിഴ ഈടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാണ്ടാമൃഗങ്ങള്‍ നമ്മുടെ സുഹൃത്തുക്കളാണ്. അവരുടെ ഇടത്തില്‍ ഒരു ലംഘനവും ഞങ്ങള്‍ അനുവദിക്കില്ല, മുഖ്യമന്ത്രി പറഞ്ഞു.
ജോര്‍ഹട്ടില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പോകുകയായിരുന്ന ട്രക്ക് ആണ് കാണ്ടാമൃഗത്തെ ഇടിച്ചത്. നാഗോണ്‍ ജില്ലയിലെ ബഗാരി മേഖലയില്‍ വാഹനം തടഞ്ഞ് നിര്‍ത്തിയാണ് ഗതാഗത-വനം വകുപ്പുകള്‍ വന്‍ തുക പിഴ ചുമത്തിയത്.
ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തുവിട്ട ഏറ്റവും പുതിയ സെന്‍സസ് പ്രകാരം അസമിലെ കാസിരംഗ നാഷണല്‍ പാര്‍ക്കിലും ടൈഗര്‍ റിസര്‍വിലും ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ എണ്ണം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 200 ആയി വര്‍ധിച്ചിരുന്നു. 2613 എണ്ണമുള്ള കെ എന്‍ പി ടി ആറില്‍ ആണ് ഏറ്റവും കൂടുതല്‍ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുള്ളത്.












Click it and Unblock the Notifications