ആം ആദ്മിയുടേത് വെറും ഹൈപ്പ്, ഗുജറാത്തിൽ 'സർപ്രൈസ്' സംഭവിക്കുമെന്ന് കോൺഗ്രസ്
ദില്ലി; ഗുജറാത്തിൽ ആം ആദ്മിയെ കടന്നാക്രമിച്ച് കോൺഗ്രസ്. ആം ആദ്മി 'ശരാശരി കളിക്കാർ' ആണെന്നും ഇപ്പോഴത്തേത് വെറും ഹൈപ്പ് മാത്രമാണെന്നും കോൺഗ്രസ് നേതാവ് മിലിന്ദ് ദിയോറ പറഞ്ഞു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 'സർപ്രൈസ്' ഫലം ഉണ്ടാക്കുമെന്നും ദിയോറ അവകാശപ്പെട്ടു.
സംസ്ഥാനത്ത് കടുത്ത ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട്. 2017 ൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലുള്ള പ്രചരണങ്ങളാണ് കോൺഗ്രസ് ഇത്തവണ സംസ്ഥാനത്ത് നടത്തിയത്. തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വലിയ സ്വാധീനമുണ്ടാക്കുമെന്നും പി ടി ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ മിലിന്ദ് ദിയോറ പറഞ്ഞു. ഗുജറാത്തിലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് നിരീക്ഷകരിൽ ഒരാളാണ് ദിയോറ.

'കോൺഗ്രസ് പ്രചരണങ്ങൾ പതിഞ്ഞ രീതിയിലാണെന്ന വിമർശനങ്ങൾ അടിസ്ഥാന രഹിതമാണ്. ഞങ്ങൾ ശക്തമായ പ്രചാരണമാണ് നയിച്ചത്. 2017 ൽ പാട്ടീദാർ പ്രക്ഷോഭം, നോട്ട് നിരോധനം തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രധാന ചർച്ചാ വിഷയം. എന്നാൽ ഇത്തവണ താഴെ തട്ടിൽ ഭരണ വിരുദ്ധ വികാരം ശക്തമാണ്. അതുകൊണ്ട് തന്നെ താഴെ തട്ടിലുള്ള ജനങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രചരണങ്ങളായിരുന്നു കോൺഗ്രസ് നയിച്ചത്' , ദിയോറ പറഞ്ഞു.

ആം ആദ്മി കോൺഗ്രസിന്റെ വോട്ടിൽ വിള്ളൽ വീഴ്ത്തുമോയെന്ന ചോദ്യത്തിന് ആപ്പിന്റെ സാനിധ്യം ബി ജെ പിക്ക് ക്ഷീണം വരുത്തുമെന്നായിരുന്നു ദിയോറ പ്രതികരിച്ചത്. ' ബി ജെ പിയുടെ വോട്ടുകളിലും ആം ആദ്മി വിള്ളൽ വീഴ്ത്തും. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ രണ്ട് പ്രധാന പാർട്ടികൾക്കെതിരേയും വലിയ ആഘാതം സൃഷ്ടിക്കാൻ ആം ആദ്മിക്ക് സാധിക്കില്ല. കോൺഗ്രസിന് ഇപ്പോഴും ഗുജറാത്തിൽ വലിയ സ്വാധീനമുണ്ട്. ബി ജെ പിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന് മാത്രമേ സാധിക്കുള്ളൂവെന്നത് ജനത്തിന് അറിയാം', ദിയോറ പറഞ്ഞു.

ആം ആദ്മിക്ക് വലിയ 'ഹൈപ്പ്' ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ താഴെ തട്ടിൽ പാർട്ടിക്ക് എത്താൻ സാധിച്ചിട്ടില്ല. അവിടെ പിന്തുണ കോൺഗ്രസിനാണ്. പൊതുജനങ്ങൾക്ക് പരിചിതമായ വിവിധ സമുദായത്തിൽ പെട്ട പ്രാദേശിക നേതാക്കൾ കോൺഗ്രസിനുണ്ട്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിൽ ഒരു ശരാശരി കളിക്കാർ മാത്രമായി ആം ആദ്മി അവശേഷിക്കും. കോൺഗ്രസും ബി ജെ പിയും തമ്മിലാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പോരാട്ടമെന്നും നേതാവ് പറഞ്ഞു.

എന്തുകൊണ്ടാണ് മുൻ വർഷങ്ങളിൽ ഭരണ വിരുദ്ധ വികാരം ആയുധമാക്കി കോൺഗ്രസിന് ഭരണം പിടിക്കാൻ കഴിയാതിരുന്നതെന്ന ചോദ്യത്തിന് വികസന വിഷയങ്ങൾ മാത്രമല്ല മറ്റ് പല ഘടകങ്ങളും തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നായിരുന്നു ദിയോറയുടെ മറുപടി. പ്രധാനമന്ത്രി ഗുജറാത്തിൽ നിന്നുള്ളയാളാണെന്നത് ബി ജെ പിയെ സംബന്ധിച്ച് ഗുണകരമായിരുന്നു. വർഷങ്ങളായി കോൺഗ്രസിന് അധികാരത്തിലേറാൻ സാധിച്ചിട്ടില്ലെങ്കിലും കോൺഗ്രസിന് ഇപ്പോഴും ഗുജറാത്തിൽ സ്വാധീനമുണ്ട്. ഇത്തവണ തീർച്ചയായും സാഹചര്യങ്ങൾ കോൺഗ്രസിന് അനുകൂലമായിരിക്കും. ഇത്തവണ വിമർശകരെ ഞെട്ടിച്ച് കൊണ്ടുള്ള ഫലമായിരിക്കും തിരഞ്ഞെടുപ്പിൽ ഉണ്ടാകുകയെന്നും ദിയോറ പറഞ്ഞു.

ഒവൈസിയുടെ എ ഐ എം ഐ എമ്മിനും ഗുജറാത്തിൽ സ്വാധീനമുണ്ടാക്കാൻ സാധിക്കില്ല. ഗുജറാത്തിലെ വോട്ടർമാർ പശ്ചിമ ബംഗാളിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമൊക്കെ വ്യത്യസ്തരാണ്. അവർ ഒരിക്കലും പ്രാദേശിക പാർട്ടിക്ക് കീഴിൽ അണിനിരക്കില്ല. ഇവിടെ ബി ജെ പിക്ക് ബദൽ കോൺഗ്രസ് ആണെന്നാണ് ജനം കരുതുന്നത്, ദിയോറ വ്യക്തമാക്കി.












Click it and Unblock the Notifications