കോണ്‍ഗ്രസുമായി സഖ്യമില്ല: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന് എഎപി
ചണ്ഡീഗഡ്: വരാനിരിക്കുന്ന ഹരിയാന തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് എ എ പി. ദേശീയ തലത്തില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണെങ്കിലും നിയമസ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും തനിച്ച് മത്സരിക്കുമെന്നാണ് പാർട്ടി നേതാക്കള്‍ വ്യാഴാഴ്ച ചണ്ഡീഗഡിൽ പ്രഖ്യാപിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ സഖ്യമായിട്ടായിരുന്നു കോണ്‍ഗ്രസും എ എ പിയും ഹരിയാനയില്‍ മത്സരിച്ചത്.
ഹരിയാനയിലെ ജനങ്ങൾ എ എ പി സർക്കാർ സംസ്ഥാനത്ത് വരണമെന്ന് ആഗ്രഹിക്കുന്നുവെന്നും അരവിന്ദ് കെജ്‌രിവാൾ ഹരിയാനക്കാരനാണെന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വ്യക്തമാക്കി. "ബദ്‌ലേംഗേ ഹരിയാന കാ ഹൽ, അബ് ലിംഗ് കെജ്‌രിവാൾ" (ഞങ്ങൾ ഹരിയാനയുടെ അവസ്ഥ മാറ്റും, കെജ്‌രിവാളിനെ കൊണ്ടുവരും) എന്ന മുദ്രാവക്യത്തോടെയായിരിക്കും പാർട്ടി നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ എ എ പി ഒരു ദേശീയ പാർട്ടിയാണെന്നും ഡൽഹിയിലും പഞ്ചാബിലും രണ്ട് സംസ്ഥാനങ്ങളിൽ അധികാരത്തിലുണ്ടെന്നും മാൻ കൂട്ടിച്ചേർത്തു. ഗുജറാത്തിലെയും ഗോവയിലെയും എം എൽ എമാരെ കൂടാതെ ലോക്‌സഭ, രാജ്യസഭ എംപിമാരും പാർട്ടിക്കുണ്ട്. തദ്ദേശസ്ഥാപനങ്ങളിലും ഞങ്ങള്‍ക്ക് മികച്ച സാന്നിധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

"രാജ്യത്തിൻ്റെ നാനാഭാഗത്തുനിന്നും ആളുകൾ ഞങ്ങളെ ഇഷ്ടപ്പെടുന്നു. കെജ്‌രിവാൾ ഹരിയാനയിൽ നിന്നുള്ളയാളാണ്, അവരിൽ നിന്ന് ഒരാൾ (കെജ്‌രിവാൾ) ഡൽഹിയിൽ പോയി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും രാജ്യത്തിൻ്റെ മുഴുവൻ രാഷ്ട്രീയം മാറ്റിമറിക്കുകയും ചെയ്തതിൽ ഹരിയാനയിലെ ജനങ്ങൾ അഭിമാനിക്കുന്നു," അദ്ദേഹം പറഞ്ഞു.
ഹരിയാനയിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതിനാൽ ഇവിടെ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് അഭ്യർത്ഥിച്ചതായും അദ്ദേഹം പറഞ്ഞു. "ഹരിയാനയിൽ ഉടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഹരിയാന തിരഞ്ഞെടുപ്പിൽ പാർട്ടി പൂർണ ശക്തിയോടെ മത്സരിക്കും. ഡൽഹിയിലും പഞ്ചാബിലും ഞങ്ങൾക്ക് സർക്കാരുണ്ട്. ഹരിയാന ഈ രണ്ട് സംസ്ഥാനങ്ങളോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. നമ്മൾ തിരഞ്ഞെടുപ്പിൽ പോരാടണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. സംസ്ഥാനം എല്ലാ പാർട്ടികൾക്കും അവസരം നൽകിയെങ്കിലും അവരാരും ഹരിയാനയോട് കൂറു പുലർത്തിയിരുന്നില്ല. അവരെല്ലാം സംസ്ഥാനത്തെ കൊള്ളയടിച്ചു, ഇപ്പോൾ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു," മാൻ പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്ത് ഇരട്ട എൻജിൻ സർക്കാരാണ് ഉണ്ടായിരുന്നതെന്ന് ബിജെപി പറയുന്നു. എന്നിട്ട് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പാർട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിംഗും ചേദിച്ചു. 'ഇരട്ട എൻജിൻ സർക്കാർ സംസ്ഥാനത്തിന് എന്താണ് നൽകിയതെന്ന് അവർ വ്യക്തമാക്കണം"അദ്ദേഹം പറഞ്ഞു.
2019ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 90ൽ 46 സീറ്റുകളിലും എ എ പി മത്സരിച്ചിരുന്നു. എന്നാല്‍ ഒരു ശതമാനത്തില്‍ താഴെ മാത്രം വോട്ടാണ് നേടിയത്. ഇത്തവണ കൂടുതല്‍ ശക്തി സംഭരിച്ച് എഎപി മത്സരിക്കുമ്പോള്‍ അത് കോണ്‍ഗ്രസിന് തിരിച്ചടി നല്‍കുമോയെന്ന ആശങ്കകളും ശക്തമാണ്.












Click it and Unblock the Notifications