കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍; കേന്ദ്രസര്‍ക്കാരിന് ആം ആദ്മിയുടെ പിന്തുണ
ദില്ലി: ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവികള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ആം ആദ്മി പാര്‍ട്ടി. കശ്മീരില്‍ സമാധാനവും വികസനവും കൊണ്ടുവരാന്‍ പുതിയ തീരുമാനത്തിന് സാധിക്കുമെന്ന് പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ അഭിപ്രായപ്പെട്ടു. മറ്റു ചില പ്രമുഖ പ്രാദേശിക പാര്‍ട്ടികളും കേന്ദ്രസര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒഡീഷ ഭരണകക്ഷിയായ ബിജെഡി, ആന്ധ്ര ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിഎസ്പി, ശിവസേന, അസമിലെ ബിപിഎഫ് എന്നീ കക്ഷികളും കേന്ദ്രസര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. പ്രാദേശിക കക്ഷികളാണെങ്കിലും ദേശതാല്‍പ്പര്യം പരിഗണിച്ചാണ് പിന്തുണ നല്‍കുന്നതെന്ന് ബിജെഡി നേതാക്കള്‍ പ്രതികരിച്ചു. അതേസമയം, എന്‍ഡിഎ ഘടകകക്ഷിയായ ജെഡിയു കേന്ദ്രസര്‍ക്കാരിന് പിന്തുണ നല്‍കിയില്ല. കോണ്‍ഗ്രസിന് പുറമെ ഇടതുപാര്‍ട്ടികളും കേന്ദ്രത്തിനെതിരെ രംഗത്തുവന്നു. വൈകീട്ട് പാര്‍ലമെന്റിന് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഇടതുപക്ഷം തീരുമാനിച്ചു.
ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രഖ്യാപനത്തില്‍ കശ്മീരിനെ രണ്ടായി വിഭജിക്കുകയാണെന്ന് വ്യക്തമാക്കുന്നു. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് ഇനിയുണ്ടാകുക. ജുമ്മു കശ്മീര്‍ നിയമസഭയോട് കൂടിയ കേന്ദ്ര ഭരണപ്രദേശമാകും. ദില്ലി മാതൃകയിലാകും ഇവിടെ ഭരണം. മുഖ്യമന്ത്രിയും നിയമസഭയുമെല്ലാമുണ്ടാകും. പക്ഷേ, ഗവര്‍ണര്‍ ഉണ്ടാകില്ല. ലഫ്റ്റനന്റ് ജനറലിന്റെ മേല്‍നോട്ടമുണ്ടാകും.
അതേസമയം, ലഡാക്കില്‍ നിയമസഭയുണ്ടാകില്ല. ഇവിടെ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണമുണ്ടാകും. ദാമന്‍ ദിയു പോലെ ലഡാക്ക് പ്രവര്‍ത്തിക്കും. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 370 വകുപ്പ് റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട് ബില്ല് അമിത് ഷാ അവതരിപ്പിച്ചു. ബന്ധപ്പെട്ട ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്തു.












Click it and Unblock the Notifications