വഖഫ് ബോര്‍ഡ് അഴിമതി: എഎപി എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്ത് ഇഡി; വീണ്ടും തിരിച്ചടി
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വഖഫ് ബോര്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് നടപടിയെടുത്തത്. ഡല്‍ഹി വഖഫ് ബോര്‍ഡിലേക്ക് അനധികൃതമായി റിക്രൂട്ട്‌മെന്റ് നടത്തിയെന്നാണ് ഇഡി പറയുന്നത്.
അതേസമയം അറസ്റ്റിന് മുമ്പ് എഎപി നേതാക്കളായ അതിഷിയും സഞ്ജയ് സിംഗും അമാനത്തുള്ള ഖാന്റെ വീട്ടിലെത്തിയിരുന്നു. ഇന്ന് ഇഡിക്ക് മുന്നില്‍ അദ്ദേഹം ചോദ്യം ചെയ്യാനായി ഹാജരായിരുന്നു. ഖാന്റെ മുന്‍കൂര്‍ ജാമ്യം നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ ചോദ്യം ചെയ്യലിനായി ഹാജരാവാമെന്ന് അമാനത്തുള്ള ഖാന്‍ അറിയിച്ചത്. 9 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്.

സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് പതിനൊന്ന് മണിക്ക് മുമ്പ് ഇഡിക്ക് മുന്നില്‍ ഹാജരാവാന്‍ അമാനത്തുള്ള ഖാനോന് ആവശ്യപ്പെട്ടിരുന്നു. വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്നപ്പോള്‍ നിയമങ്ങള്‍ പാലിച്ചിരുന്നു. നിയമപരമായ ശുപാര്‍ശകള്‍ സ്വീകരിച്ച ശേഷമാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്നും അമാനത്തുള്ള ഖാന്‍ പറഞ്ഞു.
സിബിഐ എഫ്‌ഐആറും, ഡല്‍ഹി പോലീസില്‍ അദ്ദേഹത്തിനെതിരെയുള്ള മൂന്ന് പരാതികളെയും പരിശോധിച്ച ശേഷമാണ് ഇഡി അമാനത്തുള്ള ഖാനെതിരെ കേസെടുത്തത്. അനധികൃത നിയമനത്തിലൂടെ ഒരുപാട് പണം അമാനത്തുള്ള ഖാന്‍ സ്വന്തമാക്കി. ആ പണം ഉപയോഗിച്ച് സ്വന്തം അടുപ്പക്കാരുടെ പേരില്‍ വസ്തുക്കള്‍ വാങ്ങിയെന്നും ഇഡി ആരോപിച്ചു.
വഖഫ് ബോര്‍ഡിലേക്ക് അനധികൃത നിയമനം നടന്നുവെന്നും, അമാനത്തുള്ള ഖാന്‍ ചെയര്‍മാനായിരുന്ന സമയത്ത് വഖഫ് ബോര്‍ഡിന്റെ വസ്തുക്കള്‍ വിറ്റതിനെ തുടര്‍ന്ന് വ്യക്തിപരമായ നേട്ടങ്ങള്‍ അദ്ദേഹം ഉണ്ടാക്കിയെന്നും ഇഡി ആരോപിക്കുന്നു. ഡല്‍ഹിയിലും മറ്റുമായിട്ടാണ് സഹപ്രവര്‍ത്തകരുടെ പേരില്‍ വസ്തുക്കള്‍ വാങ്ങിയതെന്നും ഇഡി പറയുന്നു.
ഡിജിറ്റലായും അല്ലാതെയും ശക്തമായ തെളിവുകള്‍ അമാനത്തുള്ള ഖാനെതിരെയുള്ളത്. റെയ്ഡുകളില്‍ നിന്ന് പിടിച്ചെടുത്ത രേഖകളില്‍ നിന്ന് ഖാന്‍ കള്ളപണം വെളുപ്പിച്ചെന്ന് വ്യക്തമായിട്ടുണ്ടെന്നും, തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്നും ഇഡി പറഞ്ഞു. അതേസമയം എഎപി നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കുകയാണ് ഇഡി. അതിന്റെ തുടര്‍ച്ചയാണ് ഈ കേസെന്നും അമാനത്തള്ള ഖാന്‍ പറഞ്ഞു.
നേരത്തെ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കാനാവില്ലെന്ന് കകോടതി പറഞ്ഞിരുന്നു. നിങ്ങള്‍ക്ക് ഇഡി തുടര്‍ച്ചയായി ഹാജരാവാന്‍ സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ നിങ്ങള്‍ ഹാജരായില്ല. അത് തെറ്റാണെന്നും കോടതി പറഞ്ഞു. എഎപിയുടെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെ കള്ളക്കേസുകളാണ് എടുക്കുന്നതെന്ന് സഞ്ജയ് സിംഗ് പറഞ്ഞു.
എല്ലാ നേതാക്കളെയും ജയിലില്‍ അടച്ചാലും ഡല്‍ഹിയിലെ ജനങ്ങള്‍ എഎപിക്ക് തന്നെ വോട്ടുചെയ്യും. നിങ്ങള്‍ എത്ര ഭയപ്പെടുത്തിയാലും ഞങ്ങള്‍ മുട്ടുമടക്കില്ല. നിങ്ങളുടെ ഏകാധിപത്യത്തിനെതിരെ ശക്തമായി പോരാടുമെന്നും അതിഷി പറഞ്ഞു.












Click it and Unblock the Notifications