എഎപി രാജസ്ഥാനിലേക്ക്, പുതിയ സംസ്ഥാനം കാണാമെന്ന് കെജ്രിവാള്‍, കോണ്‍ഗ്രസിന് വിമര്‍ശനം
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മത്സരിക്കാന്‍ തീരുമാനിച്ച് ആംആദ്മി പാര്‍ട്ടി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്നെ തുടക്കിട്ടു. പുതിയൊരു രാജസ്ഥാന്‍ എഎപി അധികാരത്തിലെത്തിയാല്‍ സാധ്യമാക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞു. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ തമ്മിലടിയെ കുറിച്ചും കെജ്രിവാള്‍ പരിഹസിച്ചു.
സച്ചിന്‍ പൈലറ്റ് വസുന്ധര രാജയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്. എന്നാല്‍ അശോക് ഗെലോട്ട് പറയുന്നത് അവരെ അറസ്റ്റ് ചെയ്യില്ലെന്നാണ്. കാരണം സ്വന്തം സഹോദരിയെ പോലെയാണ് വസുന്ധരയെന്നാണെന്നും കെജ്രിവാള്‍ പരിഹസിച്ചു. എഎപിയുടെ രാജ്യസ്‌നേഹ രാഷ്ട്രീയത്തിന് ജനങ്ങള്‍ വോട്ട് ചെയ്യണമെന്നും കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു.

അശോക് ഗെലോട്ടും, വസുന്ധര രാജയുടെ നേതൃത്വത്തിലുണ്ടായിരുന്ന മുന്‍ ബിജെപി സര്‍ക്കാരും അഴിമതിയും, കൊള്ളയും പ്രോത്സാഹിപ്പിച്ചവരാണ്. ബിജെപിയും കോണ്‍ഗ്രസും അഴിമതിയില്‍ മുങ്ങി കുൡച്ചവരാണ്. വസുന്ധര രാജയുടെ സര്‍ക്കാരായിരുന്നപ്പോള്‍ അശോക് ഗെലോട്ട് അവരെ അഴിമതിക്കാരെന്ന് വിളിച്ചിരുന്നു.
ഇന്ന് അശോക് ഗെലോട്ട് സര്‍ക്കാര്‍ അധികാരത്തിലിരിക്കുകയാണ്. അവരുടെ അതേ കാര്യങ്ങള്‍ തന്നെയാണ് ഗെലോട്ടും ചെയ്യുന്നതെന്നും കെജ്രിവാള്‍ ആരോപിച്ചു. രാജസ്ഥാന്‍ ഇന്ന് കടക്കെണയിലാണ്. 5.50 ലക്ഷം കോടിയുടെ കടം അവര്‍ക്കുണ്ട്. ഈ പണമെല്ലാം എവിടെയാണ് പോകുന്നതെന്നും കെജ്രിവാള്‍ ചോദിച്ചു.
രാജസ്ഥാനില്‍ വികസനത്തിന്റെ അഭാവമുണ്ടെന്ന് എഎപി അധ്യക്ഷന്‍ ചൂണ്ടിക്കാണിച്ചു. അടുത്തിടെയാണ് എഎപിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചത്. ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബിലും പാര്‍ട്ടി അധികാരം പിടിച്ചിരുന്നു.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റും എഎപിക്ക് നേടാനായിരുന്നു. ഇതോടെ പല സംസ്ഥാനങ്ങളിലും മത്സരിക്കാനുള്ള ശ്രമത്തിലാണ് എഎപി. രാജസ്ഥാനിലും ഇതിന്റെ ശ്രമങ്ങളാണ് കാണുന്നത്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ഒപ്പമുണ്ടായിരുന്നു. ശ്രീഗംഗാനഗറില്‍ നിന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കെജ്രിവാള്‍ തുടക്കമിട്ടത്. വലിയ വാഗ്ദാനങ്ങളും അദ്ദേഹം രാജസ്ഥാനിലെ ജനങ്ങള്‍ക്കായി നല്‍കി.
കൂടുതല്‍ തൊഴില്‍, ആരോഗ്യ സംവിധാനങ്ങള്‍, മികച്ച സ്‌കൂളുകള്‍, 300 യൂണിറ്റ് സൗജന്യ വൈദ്യുതി. അഴിമതി രഹിത സംസ്ഥാനം എന്നിവ എഎപി അധികാരത്തിലെത്തിയാല്‍ രാജസ്ഥാനിലെ ജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് കെജ്രിവാള്‍ പറഞ്ഞു. പുതിയൊരു രാജസ്ഥാന്‍ എന്ന സ്വപ്‌നവുമായിട്ടാണ് ഞാന്‍ ഇവിടെയെത്തിയത്.
ഈ സംസ്ഥാനം കോണ്‍ഗ്രസ് 50 വര്‍ഷവും, ബിജെപി 18 വര്‍ഷവും ഭരിച്ചു. എഎപിക്കൊപ്പം എട്ട് കോടി രാജസ്ഥാനികള്‍ ചേര്‍ന്നാല്‍ പുതിയൊരു സംസ്ഥാനം സാധ്യമാക്കാം. രാഷ്ട്രീയവും, അഴിമതിയും ഞങ്ങള്‍ക്കറിയില്ല. എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഞങ്ങള്‍ക്കറിയാം. ഡല്‍ഹിയിലാണെങ്കിലും, പഞ്ചാബിലാണെങ്കിലും അത് നടക്കുന്നുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.












Click it and Unblock the Notifications