കൊടുംഭീകരന്‍ അബ്ദുള്‍ റൗഫ് അസ്ഹറിനേയും തീർത്തു? കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ സൂത്രധാരൻ
ഡല്‍ഹി: കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ സൂത്രധാരനായ കൊടുംഭീകരന്‍ അബ്ദുള്‍ റൗഫ് അസ്ഹര്‍ ഇന്ത്യയുടെ ഓപ്പറേഷന് സിന്ദൂരില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിലാണ് തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ഓപറേഷണല്‍ തലവന്‍ കൂടിയായ അബ്ദുള്‍ റൗഫ് അസ്ഹര്‍ കൊല്ലപ്പെട്ടത് എന്നാണ് വിവരം.
പഞ്ചാബ് പ്രവിശ്യയില്‍ ബഹാവല്‍പൂരിലും മുരിദ്‌കെയിലും ആയിരുന്നു ഇന്ത്യന്‍ ആക്രമണം. വര്‍ഷങ്ങളായി രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്ബ എന്നീ തീവ്രവാദ സംഘടനകളുടെ ആസ്ഥാനങ്ങള്‍ ഇന്ത്യ തൂത്തെറിഞ്ഞു.ബഹാവല്‍പൂരിലെ ആക്രമണത്തില്‍ ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിന്റെ പത്തോളം കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്. അബ്ദുള്‍ റൗഫ് അസ്ഹറിനെ കൂടാതെ മസൂദ് അസ്ഹറിന്റെ സഹോദരിയും ഭര്‍ത്താവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

അബ്ദുള്‍ റൗഫ് അസ്ഹറിന്റെ ചിത്രം എലിമിനേറ്റഡ് എന്നെഴുതി ബിജെപി സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി 814 വിമാനം കാണ്ഡഹാറില്‍ നിന്നും റാഞ്ചിയതിന് പിന്നിലെ സൂത്രധാരന്‍ ആയിരുന്നു അബ്ദുള്‍ റൗഫ് അസ്ഹര്‍. കാഠ്മണ്ഡുവില്‍ ഡല്‍ഹിയിലേക്കുളള വിമാനത്തില്‍ 190 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. തീവ്രവാദികള്‍ വിമാനം കാണ്ഡഹാറിലേക്ക് വഴി തിരിച്ച് വിട്ടു. യാത്രക്കാരെ വിട്ടയക്കാന്‍ ഇന്ത്യയുടെ പിടിയിലുളള മൂന്ന് ഭീകരരെ വിട്ടയയ്ക്കണം എന്നായിരുന്നു ആവശ്യം. മസൂദ് അസ്ഹര്‍ അടക്കമുളള മൂന്ന് പേരെ ഇതോടെ ഇന്ത്യയ്ക്ക് വിട്ടയക്കേണ്ടി വന്നു.
2007 ഏപ്രില്‍ 21ന് ആണ് അബ്ദുള്‍ റൗഫ് അസ്ഹര്‍ ജെയ്‌ഷെ മുഹമ്മദിന്റെ തലപ്പത്ത് എത്തുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റിലും ജമ്മു കശ്മീര്‍ നിയമസഭയിലും 2001ല്‍ നടന്ന ഫിദായീന്‍ ആക്രമണം, 2016ലെ പത്താന്‍കോട്ട് ആക്രമണം, നഗ്രോതയിലും കത്വയിലും ഉളള ആര്‍മി ക്യാമ്പുകളുടെ നേര്‍ക്ക് നടന്ന ആക്രമണം തുടങ്ങി ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ അബ്ദുള്‍ റൗഫ് അസ്ഹറിന്റെ കൈകളുണ്ടായിരുന്നു. 40 സിഐആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട 2019ലെ പുല്‍വാമ ആക്രമണത്തിലും അബ്ദുള്‍ റൗഫ് അസ്ഹറിന് ബന്ധമുണ്ട്. ഏറെക്കാലമായി ഇന്ത്യയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ അബ്ദുള്‍ റൗഫ് അസ്ഹറുണ്ട്.












Click it and Unblock the Notifications