അന്ന് ആവശ്യപ്പെട്ടത് 18 ലക്ഷം; ഇന്ന് 60 ലക്ഷം... അബ്ദുന്നാസര്‍ മദനി സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: കേരളത്തിലേക്ക് വരുന്നതിന് 60 ലക്ഷം രൂപ കെട്ടിവെക്കണമെന്ന കര്‍ണാടക പോലീസിന്റെ നിര്‍ദേശത്തിനെതിരെ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മദനി സുപ്രീംകോടതിയില്‍. തുകയില്‍ ഇളവ് തേടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുന്നത്. കപില്‍ സിബല്‍ മദനിക്ക് വേണ്ടി കോടതിയില്‍ ഹാജരായി. പ്രത്യേക അപേക്ഷ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. കര്‍ണാടക സര്‍ക്കാരിന് പകര്‍പ്പ് കൈമാറാനും നിര്‍ദേശിച്ചു.
കഴിഞ്ഞാഴ്ചയാണ് മദനിക്ക് സുപ്രീംകോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയത്. തുടര്‍ന്ന് കേരളത്തിലേക്ക് പോകാന്‍ ഒരുങ്ങിയ മദനിക്ക് മുമ്പില്‍ തടസമായത് കര്‍ണാടക പോലീസിന്റെ ഉപാധിയായിരുന്നു. മദനിക്ക് കര്‍ണാടക പോലീസിന്റെ സുരക്ഷയില്‍ നാട്ടിലേക്ക് പോകാം എന്നാണ് കോടതി വ്യക്തമാക്കിയിരുന്നത്. പോലീസുകാര്‍ക്കുള്ള ചെലവ് ഇനത്തിലാണ് 60 ലക്ഷം രൂപ കെട്ടിവയ്ക്കാന്‍ പോലീസ് ആവശ്യപ്പെട്ടത്.

20 പോലീസുകാരെയാണ് മദനിയുടെ സുരക്ഷയ്ക്ക് കര്‍ണാടക പോലീസ് നിയോഗിച്ചിരിക്കുന്നത്. ഇവരുടെ താമസം, ഭക്ഷണം എന്നിവയ്ക്ക് പുറമെയാണ് 60 ലക്ഷം ആവശ്യപ്പെട്ടത്. ഈ ചെലവുകള്‍ കൂടി പരിഗണിച്ചാല്‍ ഒരു കോടിയോളം രൂപ വരും. 20 അംഗ പോലീസുകാര്‍ എന്നതിലും ഇളവ് വേണമെന്ന് മദനി കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
20 പോലീസുകാര്‍ 82 ദിവസമാണ് മദനിയുടെ സുരക്ഷയ്ക്ക് വേണ്ടി കൂടെയുണ്ടാകുക. ഇതിന് 60 ലക്ഷം രൂപ കെട്ടിവയ്ക്കണം എന്ന് ആവശ്യപ്പെട്ടത് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് പ്രതാപ റെഡ്ഡിയാണ്. നാല് ലക്ഷത്തോളം രൂപ നികുതി ഇനത്തിലാണ് വരുന്നത്. ജിഎസ്ടിയും സേവന നികുതിയുമായി നാല് ലക്ഷത്തോളം രൂപ കൈമാറണം.
2017ല്‍ മകന്‍ ഉമര്‍ മുഖ്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനിക്ക് കോടതി അനുമതി നല്‍കിയിരുന്നു. അന്ന് പോലീസ് ആവശ്യപ്പെട്ടത് 18 ലക്ഷമാണ്. പിന്നീട് മദനി കോടതിയെ സമീപിക്കുകയും 1.18 ലക്ഷം രൂപയായി കുറയ്ക്കുകയും ചെയ്തിരുന്നു. അന്ന് സുപ്രീംകോടതി കര്‍ണാടക സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ബെംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മദനി വര്‍ഷങ്ങള്‍ ജയിലില്‍ കഴിഞ്ഞിരുന്നു. പിന്നീട് ജാമ്യം ലഭിച്ച അദ്ദേഹം ജാമ്യ വ്യവസ്ഥയുടെ ഭാഗമായി ബെംഗളൂരുവില്‍ തന്നെ താമസിക്കുകയാണ്. വ്യവസ്ഥയില്‍ ഇളവ് നേടിയാണ് നേരത്തെയും കേരളത്തില്‍ വന്നത്. അന്നൊന്നുമില്ലാത്ത നിബന്ധനകളാണ് ഇപ്പോഴുള്ളതെന്ന് മദനിയുമായി അടുപ്പമുള്ളവര്‍ പറയുന്നു.
കേരളത്തിലേക്ക് പോകാന്‍ അനുമതി ലഭിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും അദ്ദേഹത്തിന് ബെംഗളൂരു വിടാന്‍ സാധിച്ചിട്ടില്ല. ആരോഗ്യാവസ്ഥ മോശമായതിനാല്‍ കേരളത്തില്‍ പോയി ചികില്‍സ തേടണം, വാര്‍ധക്യാവസ്ഥയിലുള്ള പിതാവിനെ കാണണം എന്നീ ആവശ്യങ്ങളാണ് മദനി സുപ്രീംകോടതിയില്‍ ഉന്നയിച്ചത്. കോടതി അനുമതി നല്‍കുകയും ചെയ്തു.
കോടതി ഉത്തരവുമായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷറെ കണ്ടു. യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറി. തുടര്‍ന്ന് കര്‍ണാടക പോലീസ് സംഘം മദനി നാട്ടില്‍ തങ്ങുന്ന സ്ഥലങ്ങളില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആറ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 20 പോലീസുകാരുടെ സുരക്ഷയാണ് ഏര്‍പ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മദനിയെ അറിയിച്ചത് കന്നഡയില്‍ എഴുതിയാണ്. ഇംഗ്ലീഷ് പകര്‍പ്പ് ഒരു ദിവസം കഴിഞ്ഞാണ് കൈമാറിയത്. ഇതിലാണ് ചെലവ് തുക കമ്മീഷണര്‍ വിശദീകരിച്ചത്.












Click it and Unblock the Notifications