അച്ഛേ ദിന്‍ വന്നത് നരേന്ദ്ര മോദിക്കും കോര്‍പറേറ്റുകള്‍ക്കും മാത്രം!
ഹൈദരാബാദ്: ബി ജെ പിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യമായ അച്ഛേ ദിന്‍ ആനേവാലാ ഹേയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ രാഹുല്‍ ഗാന്ധി. അച്ഛേ ദിന്‍ വന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ കൂട്ടുകാരായ ബിസിനസ് വമ്പന്‍മാര്‍ക്കും മാത്രമാണ് എന്നാണ് രാഹുല്‍ കളിയാക്കുന്നത്. തെലങ്കാനയിലെ വാഡിയല്‍ ഗ്രാമത്തില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

മോദിക്ക് ചുറ്റും അഞ്ചോ ആറോ ബിസിനസ് വമ്പന്മാരുണ്ട്. അവര്‍ക്ക് വേണ്ടിയാണ് മോദി രാജ്യം ഭരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാരാണ് ഇത്. വമ്പന്‍ വ്യവസായികള്‍ക്ക് യോജിച്ച ഭരണമാണ് ഇവിടെ നടക്കുന്നത് - സാമ്പത്തിക പ്രയാസങ്ങള്‍ മൂലം ആത്മഹത്യ ചെയ്ത കര്‍ഷരുടെ കുടുംബങ്ങളെ സഹായിക്കാനായി നടത്തിയ 15 കിലോമീറ്റര്‍ പദയാത്രയ്ക്ക് സമാപനം കുറിച്ച് സംസാരിക്കവേ രാഹുല്‍ പറഞ്ഞു.
അച്ഛേ ദിന്‍ വന്നു, അത് രാജ്യത്തെ ജനങ്ങള്‍ക്കല്ല, നരേന്ദ്ര മോദിക്കാണ്. ഓരോ രാജ്യങ്ങളായി സന്ദര്‍ശിക്കുകയാണ് മോദി. നിങ്ങള്‍ ആരെങ്കിലും പത്ത് ലക്ഷം രൂപയുടെ കോട്ട് ധരിച്ചിട്ടുണ്ടോ. മോദി ധരിച്ചിട്ടുണ്ട്. ഒരു വര്‍ഷം കഴിഞ്ഞു. നരേന്ദ്ര മോദിയോ തെലങ്കാന മുഖ്യമന്ത്രിയായ മിനി മോദിയെ വാഗ്ദാനം ചെയ്ത ഒരു ജോലിയെങ്കിലും നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും കിട്ടിയോ?

ഞാന്‍ പോകുന്നിടത്തെല്ലാം ആളുകള്‍ക്ക് പറയാന്‍ ഒരു കാര്യം മാത്രമേ ഉളളൂ. നരേന്ദ്ര മോദിക്കും കൂട്ടര്‍ക്കും വോട്ട് ചെയ്തു എന്ന ഒരു തെറ്റ് ഞങ്ങള്‍ ചെയ്തു എന്നതാണ് അത്. കര്‍ഷകരുടെ കയ്യില്‍ നിന്നും ഭൂമി പിടിച്ചെടുത്ത് വ്യവസായികള്‍ക്ക് നല്‍കാനാണ് മോദിയുടെ ശ്രമം. കോണ്‍ഗ്രസ് പാര്‍ട്ടി വികസനത്തിന് എതിരല്ല എന്നും രാഹുല്‍ റാലിയില്‍ പറഞ്ഞു












Click it and Unblock the Notifications