ആന്ധ്രയില്‍ നാടകീയരംഗങ്ങള്‍; പവന്‍ കല്യാണിന്റെ വാഹനവ്യൂഹം തടഞ്ഞ് പൊലീസ്, കസ്റ്റഡിയില്‍?
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ടി ഡി പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അര്‍ധരാത്രിയിലും നാടകീയ രംഗങ്ങള്‍. ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റില്‍ പ്രതിഷേധം രേഖപ്പെടുത്തിയ നടനും ജനസേവ നേതാവുമായ പവന്‍ കല്യാണിന്റെ വാഹനവ്യൂഹം പൊലീസ് തടഞ്ഞു. നേരത്തെ പവന്‍ കല്യാണിന്റെ വിജയവാഡയിലേക്ക് വിമാന മാര്‍ഗം പോകാനുള്ള നീക്കം പൊലീസ് തടഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് റോഡ് മാര്‍ഗം വിജയവാഡയിലേക്കെത്താന്‍ പവന്‍ കല്യാണ്‍ ശ്രമിച്ചത്. എന്നാല്‍ ജഗ്ഗയ്യപേട്ടയില്‍ വെച്ച് ആന്ധ്രാപ്രദേശ് പൊലീസ് അദ്ദേഹത്തെ തടയുകയായിരുന്നു. ഇതോടെ പൊലീസും ജനസേന അനുകൂലികളും തമ്മില്‍ വലിയ രീതിയില്‍ ഉന്തും തള്ളമുണ്ടായി. ഇവിടെ നിന്ന് അല്‍പം മുന്നോട്ട് നീങ്ങിയെങ്കിലും അനുമഞ്ചിപ്പള്ളിയില്‍ പവന്‍ കല്യാണിന്റെ വാഹനങ്ങള്‍ വീണ്ടും തടഞ്ഞു.

ഇതോടെ അദ്ദേഹം നടന്ന് പോകാന്‍ തീരുമാനിക്കുകയായിരുന്നു. പൊലീസ് ഇതും തടയാന്‍ ശ്രമിച്ചതോടെ പവന്‍ കല്യാണ്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു. ക്രമസമാധാനപാലനത്തില്‍ തങ്ങളുമായി സഹകരിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചെങ്കിലും താരം കേട്ടില്ല. ഇതോടെ അനുമഞ്ചിപ്പള്ളിയില്‍ വെച്ച് പവന്‍ കല്യാണിനെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
ആന്ധ്രാപ്രദേശില്‍ കടക്കാന്‍ വിസയും പാസ്പോര്‍ട്ടും ആവശ്യമാണെന്ന് തോന്നുന്നു എന്നും ഇത് വളരെ നിര്‍ഭാഗ്യകരമാണ് എന്നും പവന്‍ കല്യാണ്‍ പറഞ്ഞു. നേരത്തെ പവന്‍ കല്യാണ്‍ ബീഗംപേട്ട് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് വിമാനത്തിന്റെ ടേക്ക് ഓഫ് പൊലീസ് തടഞ്ഞിരുന്നു. അതേസമയം മംഗളഗിരിയിലെ ജനസേന പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന പാര്‍ട്ടി പിഎസി അംഗങ്ങളുടെയും പ്രധാന നേതാക്കളുടെയും യോഗത്തിനായാണ് പവന്‍ എത്തിയത് എന്നാണ് നോതാക്കള്‍ പറയുന്നത്.
അതേസമയം സ്‌കില്‍ ഡെവലപ്‌മെന്റ് പദ്ധതി കേസില്‍ ചന്ദ്രബാബു നായിഡുവിനെ ഒന്നാം പ്രതിയാക്കിയതായി സി ഐ ഡി അറിയിച്ചു. നേരത്തെ കേസില്‍ 37-ാം പ്രതിയായിരുന്നു നായിഡു. 2015-ല്‍ അന്നത്തെ ഫിനാന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ. പി വി രമേശ് എഴുതിയ ഫയല്‍ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ചന്ദ്രബാബു നായിഡുവിനെ ഒന്നാം പ്രതിയാക്കിയിരിക്കുന്നത് എന്നണ് റിപ്പോര്‍ട്ട്.
ക്രിമിനല്‍ നടപടി നിയമത്തിലെ സെക്ഷന്‍ 50 (1) (2) പ്രകാരം സെക്ഷന്‍ 120(8), 166, 167, 418, 420, 465, 468, 471, 409 എന്നിങ്ങനെ അഴിമതി നിരോധന വകുപ്പുകള്‍ പ്രകാരമാണ് നായിഡുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് 370 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് കേസ്.












Click it and Unblock the Notifications