ഡികെ ശിവകുമാറിന്റെ തന്ത്രം പാളിയോ? നടൻ കിച്ചാ സുധീപ് ബിജെപിയിലേക്ക്, വൻ ബൂസ്റ്റ്
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഞെട്ടിച്ച് കന്നഡ നടൻ കിച്ചാ സുധീപ് ബിജെപിയിലേക്ക്. കിച്ചാ സുധീപിനൊപ്പം നടൻ ദർശൻ തുഗുദീപയും ബി ജെ പിയിൽ ചേരും. ഇന്ന് ഉച്ചയോടെയാണ് ഇരുവരും ബിജെപിയിൽ ഔദ്യോഗികമായി അംഗത്വമെടുക്കുകയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മിയുടെ സാന്നിധ്യത്തിലായിരിക്കും നടൻമാരുടെ പാർട്ടി പ്രവേശമെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. അതേസമയം കിച്ചാ സുധീപ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന കാര്യം വ്യക്തമല്ല.താൻ രാഷ്ട്രീയത്തിൽ പ്രവേശിച്ച് തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കുടുംബാംഗങ്ങളുമായി രാവിലെ 10 മണിയോടെ ചർച്ച നടത്താൻ കിച്ചാ സുധീപ് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

ബി ജെ പിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുന്ന കാര്യവും കിച്ച സുധീപ് പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ പ്രചരണം നയിച്ചതിന് പിന്നാലെ നടന് എം എൽ സി അംഗത്വം നൽകാനാണ് ബി ജെ പി ആലോചിക്കുന്നതെന്നാണ് സൂചനകൾ.
അതേസമയം തന്റെ അടുത്ത സുഹൃത്ത് കൂടിയായ പ്രൊഡ്യൂസർ മഞ്ജുവിനെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുളള ശ്രമങ്ങളാണ് നടൻ നടത്തുന്നുണ്ടെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുടുംബാംഗങ്ങളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.
നേരത്തേ കിച്ചാ സുധീപിനെ കോൺഗ്രസിൽ എത്തിക്കാനുള്ള ശ്രമങ്ങൾ കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. നിരവധി തവണ കോൺഗ്രസ് നേതാക്കൾ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
നടിയും കോൺഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന രാഹുൽ ഗാന്ധിയുടെ നിർദ്ദേശ പ്രകാരം കിച്ച സുധീപുമായി ചർച്ച നടത്തിയെന്ന തരത്തിലുള്ള വാർത്തകളും വന്നിരുന്നു. ഇതോടെ അദ്ദേഹം വൈകാതെ കോൺഗ്രസിൽ ചേരുമെന്നും പാർട്ടിക്ക് വേണ്ടി തിരഞ്ഞെടുപ്പിൽ പ്രചരണം നടത്തുമെന്നുമായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ ഈ അഭ്യൂഹങ്ങളെല്ലാം തള്ളിയാണ് ഇപ്പോൾ സുധീപ് ബി ജെ പിയിൽ ചേരാൻ തയ്യാറെടുക്കുന്നത്.
അതിനിടെ ബി ജെ പി തങ്ങളുടെ സ്ഥാനാർത്ഥി പട്ടിക ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഏപ്രിൽ എട്ടിന് ബി ജെ പിയുടെ പാർലമെന്ററി ബോർഡ് യോഗം ചേരും. അതിന് ശേഷമായിരിക്കും സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച അന്തിമ പ്രഖ്യാപനം. ഓരോ മണ്ഡലത്തിന്റെയും സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട സർവ്വേ റിപ്പോർട്ട് തങ്ങളുടെ കൈയ്യിൽ ഉണ്ടെന്നും എന്നാൽ ഷോർട്ട്‌ലിസ്റ്റ് ചെയ്ത സ്ഥാനാർത്ഥികളെ കുറിച്ച് ഓരോ ജില്ലാ കോർ കമ്മിറ്റിയുടെയും അഭിപ്രായം ആരാഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മി പറഞ്ഞു.
'ചൊവ്വാഴ്ചത്തെ സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ ജില്ലാ കമ്മിറ്റികൾ ശുപാർശ ചെയ്യുന്ന പേരുകൾ ചർച്ച ചെയ്ത് കേന്ദ്ര പാർലമെന്ററി ബോർഡിന് അയയ്ക്കും.ഏപ്രിൽ 8 ന് പാർലമെന്ററി ബോർഡ് യോഗം ചേരും, അവിടെ ഈ പേരുകൾ ചർച്ച ചെയ്യുകയും അന്തിമ പട്ടിക തയ്യാറാക്കുകയും ചെയ്യും', ബൊമ്മി പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിട്ടാണ് കർണാടക തിരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഭരണം നിലനിർത്താനുള്ള തീവ്ര ശ്രമങ്ങളാണ് കർണാടകത്തിൽ ബി ജെ പി നടത്തുന്നത്. സ്ഥാനാർത്ഥി നിർണയത്തിനും സംസ്ഥാനത്തെ സാഹചര്യം മനസിലാക്കുന്നതിനായി പ്രത്യേക സർവ്വേകളും ബി ജെ പി നടത്തിയിരുന്നു.
മെയ് 10 നാണ് തിരഞ്ഞെടുപ്പ് നടക്കുക. 13 നാണ് വോട്ടെണ്ണൽ. 109 എം എൽ എമാരാണ് ബി ജെ പിക്ക് നിലവിൽ ഉള്ളത്.












Click it and Unblock the Notifications