'രാഷ്ട്രീയം പറയുന്നത് കൊണ്ട് സിനിമയിലെ ചിലർ ബഹിഷ്ക്കരിച്ചിരിക്കുന്നു', തുറന്ന് പറഞ്ഞ് നടൻ പ്രകാശ് രാജ്
ചെന്നൈ: രാഷ്ട്രീയ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നത് കാരണം സിനിമയിലെ ചിലര്‍ തന്നെ അപ്രഖ്യാപിതമായി വിലക്കിയിരിക്കുകയാണെന്ന് പ്രമുഖ നടന്‍ പ്രകാശ് രാജ്. സിനിമാ രംഗത്തെ ഒരു വിഭാഗമാണ് തന്നെ മൗനമായി ബഹിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് ഒരു അഭിമുഖത്തില്‍ പ്രകാശ് രാജ് പറഞ്ഞു.
'അക്കാര്യം തന്നെ ബാധിച്ച് കൊണ്ടിരിക്കുകയാണ്. ചില ആളുകള്‍ തനിക്കൊപ്പം ജോലി ചെയ്യാന്‍ തയ്യാറല്ല. അവരോട് ആരെങ്കിലും അങ്ങനെ നിര്‍ദേശിച്ച് കൊണ്ടല്ല. മറിച്ച് തനിക്കൊപ്പം ജോലി ചെയ്താല്‍ അവര്‍ അംഗീകരിക്കില്ലെന്ന് ചില സിനിമാക്കാര്‍ ഭയക്കുന്നു. ഇത്തരം നഷ്ടങ്ങളൊക്കെ സഹിക്കാന്‍ മാത്രം കരുത്തനും സമ്പന്നനും ആണ് താന്‍. തന്റെ ഭയം മറ്റൊരാളുടെ കരുത്തായി മാറുമോ എന്നുളള ആശങ്ക മാത്രമാണ് തനിക്കുളളത്', പ്രകാശ് രാജ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

രാഷ്്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം തുറന്ന് പറയുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് പ്രകാശ് രാജ്. പ്രത്യേകിച്ച് ഗൗരി ലങ്കേഷ് കൊലപാതകത്തിന് ശേഷം സംഘപരിവാര്‍ രാഷ്ട്രീയത്തിന് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന നടന്‍ കൂടിയാണ് അദ്ദേഹം. മറ്റ് താരങ്ങള്‍ എന്തുകൊണ്ട് സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളില്‍ പ്രതികരിക്കുന്നില്ല എന്നത് മനസ്സിലാക്കാവുന്നതാണെന്നും തനിക്കത് പോലെ മിണ്ടാതിരിക്കാനാകില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
നിരവധി അഭിനേതാക്കള്‍ നിശബ്ദരാണ്. അവരെ താന്‍ കുറ്റം പറയുന്നില്ല. കാരണം അത് അവര്‍ക്കുണ്ടാക്കുന്ന നഷ്ടം വലുതാണ്. അവരുടെ സിനിമയിലെ നിലനില്‍പ്പിനെ ബാധിക്കും. അതുകൊണ്ട് അവരുടെ മൗനത്തിന് അര്‍ത്ഥം അവര്‍ തെറ്റുകാരാണ് എന്നല്ല, പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയപരമായ തിരിച്ചടി ഭയന്ന് ബോളിവുഡിലെ സിനിമാക്കാര്‍ തന്നോട് സഹകരിക്കാന്‍ ഭയക്കുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രകാശ് രാജ് പറഞ്ഞിരുന്നു. ദക്ഷിണേന്ത്യയില്‍ ആ പ്രശ്‌നം ഇല്ലെന്നും അവര്‍ക്ക് ഇവിടെ വരാന്‍ സാധിക്കില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications