'ഒരിക്കലും അംഗീകരിക്കാനാകില്ല, തമിഴ്‌നാട്ടില്‍ നടപ്പാക്കരുത്'; പൗരത്വ നിയമത്തിനെതിരെ വിജയ്
ചെന്നൈ: പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ് നടനും തമിഴക വെട്രി കഴകം തലവനുമായ വിജയ്. രാജ്യത്തെ എല്ലാ പൗരന്മാരും സാമൂഹിക ഐക്യത്തോടെ ജീവിക്കുന്ന ഒരു അന്തരീക്ഷത്തില്‍ ഇന്ത്യന്‍ പൗരത്വ ഭേദഗതി നിയമം 2019 പോലെയുള്ള ഒരു നിയമവും നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ല എന്നാണ് പ്രസ്താവനയില്‍ വിജയ് അറിയിച്ചു.
തമിഴ്നാട്ടില്‍ നിയമം നടപ്പാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം തമിഴ്നാട് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. തമിഴ്നാട്ടില്‍ ഈ നിയമം നടപ്പാക്കില്ലെന്ന് രാഷ്ട്രീയ നേതാക്കള്‍ ഉറപ്പ് വരുത്തണമെന്നും പ്രസ്താവനയില്‍ പറയുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങളുടെ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രേഖകളില്ലാത്ത മുസ്ലീം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നിയമം പാര്‍ലമെന്റ് പാസാക്കി നാല് വര്‍ഷത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച വിജ്ഞാപനങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
2019 ഡിസംബറില്‍ ആണ് പൗരത്വ നിയമം പാസാക്കുകയും രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്തത്. തൊട്ടുപിന്നാലെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ നിയമങ്ങള്‍ വിജ്ഞാപനം ചെയ്യാത്തതിനാല്‍ ഇത്രയും കാലം നിയമം പ്രാബല്യത്തില്‍ വന്നിരുന്നില്ല. ബി ജെ പിയുടെ 2019 ലെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഇത്.
അതേസമയം പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹത്തെ ഭിന്നിപ്പിക്കാനും ധ്രുവീകരിക്കാനുമാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആരോപിച്ച് മറ്റ് പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ബി ജെ പിയുടെ ഭിന്നിപ്പിന്റെ അജണ്ടയാണിതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു, ജനങ്ങള്‍ അവരെ ഉചിതമായ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള മുഖ്യമന്ത്രി പിണറായി വിജയനും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും നിയമം തങ്ങളുടെ സംസ്ഥാനങ്ങളില്‍ നടപ്പാക്കില്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പൗരത്വ നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയതിലൂടെ നരേന്ദ്രമോദി മറ്റൊരു പ്രതിജ്ഞാബദ്ധത നിറവേറ്റിയിരിക്കുകയാണ് എന്നും പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നേടാന്‍ ഇത് വഴിയൊരുക്കുമെന്നും അമിത് ഷാ പറഞ്ഞു.












Click it and Unblock the Notifications